ഗുവാഹത്തി: അസമിലെ ഗുവാഹത്തിയിൽ ഒരു ഹോംസ്റ്റേയിൽ യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആൺസുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. തന്നെ ആരോ കൊല്ലാൻ ശ്രമിക്കുന്നതായി മരിക്കുന്നതിന് തൊട്ടുമുമ്പ് പെൺകുട്ടി അമ്മയെ വിളിച്ചു പറഞ്ഞതായി കുടുംബം ആരോപിക്കുന്നു. ഇത് ആത്മഹത്യയാണെന്ന് പ്രതി അവകാശപ്പെടുമ്പോഴും കൊലപാതകമാണെന്ന നിഗമനത്തിലാണ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്. സംഭവത്തെത്തുടർന്ന് പ്രദേശത്ത് വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ തുടരുകയാണ്.

To advertise here,

ശനിയാഴ്ച പുലർച്ചെയാണ് ഗുവാഹത്തി സർവകലാശാലയിലെ സോഷ്യോളജി വിദ്യാർത്ഥിനിയും ധാരാപുർ സ്വദേശിയുമായ നിമിഷ ഠാക്കൂറി(22)നെ അവർ താമസിച്ചിരുന്ന ഹോംസ്റ്റേയിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെയാണ് ഇവരുടെ പങ്കാളിയായ ആസിഫ് അലിയെന്ന 26-കാരനെ പോലീസ് അറസ്റ്റു ചെയ്തത്. ഇരുവരും ഒരുമിച്ചാണ് നഗരാതിർത്തിയിലുള്ള ഗരാലിലെ ഹോംസ്റ്റേയിൽ താമസിച്ചിരുന്നത്.

നിമിഷ ആത്മഹത്യ ചെയ്തുവെന്നാണ് ആസിഫ് അലി പോലീസിനോട് പറഞ്ഞിരിക്കുന്നത്. എന്നാൽ, പോലീസ് ഇതു വിശ്വസിച്ചിട്ടില്ല, സംഭവം കൊലപാതകമാണെന്ന നിഗമനത്തിലൂന്നിയാണ് അന്വേഷണം മുന്നോട്ടുപോകുന്നതെന്ന് ഗുവാഹത്തി വെസ്റ്റ് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) ബോളിൻ ദിയോറി പറഞ്ഞു.

'ഞങ്ങൾ അദ്ദേഹത്തിന്റെ വാദം വിശ്വസിക്കുന്നില്ല. അന്വേഷണം പ്രാഥമികഘട്ടത്തിലാണ്. ഇതൊരു കൊലപാതകമാണെന്നാണ് ഞങ്ങൾ സംശയിക്കുന്നത്. മൃതദേഹത്തിലോ തറയിലോ രക്തം കണ്ടെത്തിയിട്ടില്ല, അന്വേഷണം പുരോഗമിക്കുകയാണ്.' ദിയോറി പറഞ്ഞു. ദിയോറി നൽകുന്ന വിവരമനുസരിച്ച്, നിമിഷയെ ബോധരഹിതയായ നിലയിൽ പ്രാദേശിക ആരോഗ്യകേന്ദ്രത്തിൽ എത്തിച്ചതിന് ശേഷമാണ് പോലീസ് വിവരമറിയുന്നത്.

തുടർന്ന് യുവതിയെ ഗുവാഹത്തി മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലേക്ക് (GMCH) മാറ്റിയെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. ഹോംസ്റ്റേ ഉടമയെയും കെയർടേക്കർമാരെയും മറ്റ് ജീവനക്കാരെയും പോലീസ് ചോദ്യം ചെയ്തുവരികയാണെന്നും ദിയോറി അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ രണ്ട് പ്രധാന വശങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. സുഹൃത്തിന്റെ വീട്ടിൽ രാത്രി തങ്ങുമെന്ന് കുടുംബത്തോട് പറഞ്ഞിരുന്ന യുവതി, അർധരാത്രിയിൽ അമ്മയെ വിളിച്ച് 'അവർ എന്നെ കൊല്ലും' എന്ന് പറഞ്ഞതായും, തുടർന്ന് ഫോൺ 'പിടിച്ചെടുത്തിരിക്കാം' എന്നുമുള്ള കുടുംബസുഹൃത്തിന്റെ അവകാശവാദമാണ് ഒന്ന്.

രാത്രിയിൽ ഒരു യുവാവ് സഹായം ആവശ്യപ്പെട്ട് അലറുന്ന ശബ്ദം കേട്ടതായി ഹോംസ്റ്റേ കെയർടേക്കർ നൽകിയ മൊഴിയാണ് രണ്ടാമത്തേത്. 

'അവർ എന്നെ കൊല്ലും, അമ്മേ' എന്നാണവൾ അവസാനമായി പറഞ്ഞത്

'പെൺകുട്ടിയുടെ അച്ഛൻ എന്നെ തുടർച്ചയായി വിളിക്കുന്നുണ്ടായിരുന്നു, തിരക്കിലായിരുന്നതിനാൽ എനിക്ക് കോളുകൾ എടുക്കാൻ കഴിഞ്ഞില്ല. ഞാൻ തിരിച്ചുവിളിച്ചപ്പോൾ തന്റെ മൂത്ത മകൾ കൊല്ലപ്പെട്ട വിവരം അദ്ദേഹം എന്നെ അറിയിച്ചു, ഞങ്ങൾ ഉടൻ തന്നെ ഗുവാഹത്തി മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലേക്ക് തിരിച്ചു.' ഠാക്കൂർ കുടുംബത്തിന്റെ അയൽവാസിയും നിമിഷയുടെ പിതാവിന്റെ സുഹൃത്തുമായ ഗൗതം ദാസ് പറഞ്ഞു.

 'ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ പെൺകുട്ടി വീട്ടിൽ നിന്ന് ഇറങ്ങിയതായാണ് ഞങ്ങൾക്ക് ലഭിച്ചിട്ടുള്ള വിവരം. ഒരു സുഹൃത്തിന്റെ വീട്ടിൽ പോവുകയാണെന്നാണ് അവൾ വീട്ടുകാരോട് പറഞ്ഞത്. അവിടെനിന്നു ഭക്ഷണം കഴിക്കുമെന്നും പറഞ്ഞിരുന്നു.' അദ്ദേഹം പറഞ്ഞു.

'രാത്രി എട്ടുമണിയോടെ അമ്മ അവളെ വിളിച്ച് എവിടെയാണെന്ന് തിരക്കി. തങ്ങൾ അത്താഴം കഴിക്കുകയാണെന്നും വൈകുകയാണെങ്കിൽ രാത്രി സുഹൃത്തിന്റെ വീട്ടിൽ തങ്ങുമെന്നും അവൾ മറുപടി നൽകി. വീണ്ടും രാത്രി 10 മണിയോടെ അമ്മ അവളെ വിളിച്ചു. അപ്പോൾ രാത്രി അവിടെ തങ്ങുമെന്നാണ് പെൺകുട്ടി പറഞ്ഞത്.' അദ്ദേഹം കൂട്ടിച്ചേർത്തു.

'പുലർച്ചെ രണ്ടുമണിയോടെ പെൺകുട്ടി കരഞ്ഞുകൊണ്ട് അമ്മയെ വിളിച്ചു. 'അവർ എന്നെ കൊല്ലും, അമ്മേ' എന്ന് അവൾ പറഞ്ഞു. അവർ തന്നെ കൊല്ലുമെന്ന് അവൾ ആവർത്തിച്ചു പറഞ്ഞു. പിന്നീട് അനക്കമൊന്നും ഉണ്ടായില്ല. അതിനുശേഷം ഫോൺ ആരെങ്കിലും പിടിച്ചെടുത്തിരിക്കാം.' ദാസ് പറഞ്ഞു.

'പിന്നാലെ നിമിഷയുടെ മാതാപിതാക്കൾ അടുത്തുള്ള അസാര പോലീസ് സ്റ്റേഷനിൽചെന്ന് പോലീസിനെ അറിയിച്ചു. ആ സമയത്ത് സബ് ഇൻസ്പെക്ടർ പട്രോളിങ് ഡ്യൂട്ടിയിലായിരുന്നു. പോലീസിന്റെ അന്വേഷണത്തിലാണ് ഒരു പെൺകുട്ടിയെ പ്രാദേശിക ആരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചതായുള്ള വിവരം ലഭിച്ചത്. നിമിഷയെ എത്രയുംവേഗം ജിഎംസിഎച്ചിലേക്ക് കൊണ്ടുപോകാൻ പോലീസ് ഞങ്ങളോട് നിർദ്ദേശിച്ചു.' ദാസ് പറഞ്ഞു.

'പുലർച്ചെ അഞ്ചുമണിയോടെ ഞങ്ങൾ ജിഎംസിഎച്ചിൽ എത്തി. അവിടെ വെച്ച് ഡോക്ടർ മരണം സ്ഥിരീകരിച്ചു. ഇതൊരു കൊലപാതകമാണെന്ന് ഞങ്ങൾ ശക്തമായി സംശയിക്കുന്നു, കാരണം പെൺകുട്ടി അമ്മയെ വിളിച്ച് 'അവർ തന്നെ കൊല്ലും' എന്ന് പറഞ്ഞിരുന്നു. പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്, സത്യം പുറത്തുവരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.' ദാസ് കൂട്ടിച്ചേർത്തു.

'ആരോ സഹായത്തിനായി അലറുന്ന ശബ്ദം കേട്ടു'

രാത്രിയിൽ ഒരു പുരുഷൻ സഹായത്തിനായി അലറുന്ന ശബ്ദം കേട്ടതായി ഹോംസ്റ്റേയിലെ പാചകക്കാരനും കെയർടേക്കറുമായ ബിപുൽ ബൈലുങ് എൻഡിടിവിയോട് പറഞ്ഞു. 'അവർ എപ്പോഴാണ് മുറി ബുക്ക് ചെയ്തതെന്നോ എപ്പോഴാണ് വന്നതെന്നോ എനിക്ക് കൃത്യമായി പറയാൻ കഴിയില്ല. എന്നാൽ ഒരു പുരുഷശബ്ദത്തിൽ 'ദാദാ, ഉഠോ, ഉഠോ' (ചേട്ടാ, എഴുന്നേൽക്കൂ, എഴുന്നേൽക്കൂ) എന്ന് ആരോടെങ്കിലും എഴുന്നേൽക്കാൻ ആവശ്യപ്പെടുന്നതും സഹായത്തിനായി അലറുന്നതും ഞാൻ കേട്ടു.' ബൈലുങ് പറഞ്ഞു.

'ഞാൻ എന്റെ മറ്റ് രണ്ട് സഹപ്രവർത്തകരെ വിളിച്ചുണർത്തി, ഞങ്ങൾ പുറത്തേക്ക് പോയി, പക്ഷേ അവിടെ ആരെയും കണ്ടില്ല. അവിടെനിന്ന് പ്രധാന റോഡിലേക്ക് നോക്കിയപ്പോൾ പോലീസ് ടോർച്ച് വെളിച്ചം അടിക്കുന്നതും ഞങ്ങളെ വിളിക്കുന്നതും കണ്ടു. രാത്രി പുറത്ത് എന്താണ് ചെയ്യുന്നതെന്ന് അവർ ഞങ്ങളോട് ചോദിച്ചു. ഞങ്ങളുടെ ഗസ്റ്റ് ഹൗസിൽനിന്ന് ഒരു പുരുഷന്റെ അലർച്ച കേട്ടതായി ഞങ്ങൾ അവരോട് പറഞ്ഞു.' അദ്ദേഹം പറഞ്ഞു.

'പിന്നീട് പോലീസ് അവിടെനിന്ന് പോയി, ഞങ്ങൾ ഹോംസ്റ്റേയിലേക്ക് മടങ്ങി. ഹോംസ്റ്റേയുടെ പ്രവേശന കവാടത്തിൽ സംശയിച്ച് നിന്നപ്പോൾ, വീണ്ടും ഒരു കരച്ചിൽ ശബ്ദം കേട്ടു. കരച്ചിൽ കേട്ട മുറിയിലേക്ക് ഓടിച്ചെന്നപ്പോൾ അവിടെ നിലത്തു കിടക്കുന്ന പെൺകുട്ടിയുടെ ശരീരത്തിൽ പിടിച്ച് ഒരു ചെറുപ്പക്കാരൻ ഇരിക്കുന്നതാണ് ഞങ്ങൾ കണ്ടത്.' ബൈലുങ് പറഞ്ഞു.

'ഭയന്നുപോയ ഞാൻ ഉടൻതന്നെ ഹോംസ്‌റ്റേയുടെ ഉടമസ്ഥരെ വിളിച്ചു. അവർ വന്നു, ആംബുലൻസ് വിളിച്ചു, എന്നിട്ട് പെൺകുട്ടിയേയും കൊണ്ട് പോയി. അവർ റൂം നമ്പർ 10 ആണ് ബുക്ക് ചെയ്തിരുന്നത്, എന്നാൽ റൂം 9 ഒഴിവായിരുന്നതിനാൽ അവർ ആ മുറിയും ഉപയോഗിച്ചിരുന്നു. ഇരുവരും മുൻപും ഈ ഹോംസ്റ്റേയിൽ തങ്ങിയിട്ടുണ്ടെന്ന് ചില ജീവനക്കാർ പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക: 1056, 0471-2552056)