മക്ക: സൗദി ഹജ്ജ്, ഉംറ മന്ത്രി ഡോ.തൗഫീഖ് അല്‍-റബിയ തീർത്ഥാടനവുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ പരിശോധിച്ചു. ഈ വര്‍ഷത്തെ ഹജ്ജ് സീസണില്‍ തീര്‍ത്ഥാടകരെ സ്വീകരിക്കുന്ന സ്ഥലങ്ങളിലെ നടപടിക്രമങ്ങള്‍ പരിശോധിക്കുകയും മന്ത്രി വിലയിരുത്തുകയും ചെയ്തു. എല്ലാ തയ്യാറെടുപ്പുകളും ഉറപ്പാക്കണമെന്ന സൗദി ഭരണാധികാരികളുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായാണ് മന്ത്രിയുടെ സന്ദര്‍ശനം. തീര്‍ത്ഥാടകരുടെ സുഖസൗകര്യങ്ങളും സുരക്ഷയും ഉറപ്പാക്കിക്കൊണ്ട് നല്‍കുന്ന സേവനങ്ങള്‍ മന്ത്രി അവലോകനം ചെയ്തു.

To advertise here,

മിനായില്‍ തീര്‍ത്ഥാടകരുടെ താമസത്തിനായി ഒരുക്കിയ പുതിയ രീതിയും മാറ്റങ്ങളുമായ കദാന അല്‍-വാദി ടവറുകളുടെ ഒരുക്കങ്ങള്‍ അല്‍-റബിയ പരിശോധിച്ചു. പുണ്യസ്ഥലങ്ങളുടെ പരിസ്ഥിതി മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമായി കദാന വികസന കമ്പനി നടപ്പിലാക്കിയ നിരവധി പുതിയ പദ്ധതികള്‍ അദ്ദേഹം പരിശോധിച്ചു വിലയിരുത്തി.

തീര്‍ഥാടക സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനു ലക്ഷ്യമിട്ടുള്ള വിപുലമായ സേവന സൗകര്യങ്ങള്‍ ഈ വര്‍ഷം മുതല്‍ ആരംഭിക്കുന്നുണ്ട്. ഇതില്‍ മിനയില്‍ 200 കിടക്കകള്‍ ഉള്‍ക്കൊള്ളുന്ന ഒരു പുതിയ അടിയന്തര ആശുപത്രി ഉള്‍പ്പെടുന്നുണ്ട്. പുണ്യസ്ഥലങ്ങളിലെ കാല്‍നട പാതകളില്‍ 71 അടിയന്തര കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നുണ്ട്. 85,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ നമിറ പള്ളിക്ക് ചുറ്റുമുള്ള ചതുരങ്ങളില്‍ തണലും തണുപ്പും നല്‍കുന്ന സംവിധാനവും ഒരുക്കുന്നുണ്ട്. ഫാനുകള്‍, വിശ്രമമുറികള്‍ തുടങ്ങിയ സംവിധാനങ്ങളും പദ്ധതികളില്‍പ്പെടുന്നു. തണല്‍ വിരിക്കാനായി വേറെയും 290,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ 20,000 മരങ്ങള്‍ നട്ടുപിടിപ്പിക്കുന്ന പദ്ധതി ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്.