മക്ക: ഹജ്ജുമായി ബന്ധപ്പെട്ട നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് വീണ്ടും മുന്നറിയിപ്പ് നൽകി സൗദി ആഭ്യന്തര മന്ത്രലയം. സൗദിയിലേക്കുള്ള വിവിധ പ്രവേശന വിസയുടെ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്ന പ്രവാസികൾക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
ഉംറ, വിവിധ സന്ദർശന വിസ തുടങ്ങിയവയുടെ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാതെ തുടരുന്നവർക്ക് പരമാവധി 50,000 റിയാൽ വരെ പിഴ, ആറുമാസം വരെ തടവ് ശിക്ഷ, തുടർന്ന് നാടുകടത്തൽ എന്നിവ നേരിടേണ്ടിവരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം ഞായറാഴ്ച വീണ്ടും വ്യക്തമാക്കി.
ഈ വർഷത്തെ ഹജ്ജ് സീസണിനെ നിയന്ത്രിക്കുന്ന എല്ലാ ചട്ടങ്ങളും നിർദേശങ്ങളും കൃത്യമായി പാലിക്കണമെന്ന് മന്ത്രാലയം എല്ലാവരോടും അഭ്യർത്ഥിച്ചു. തീർത്ഥാടകരുടെ സുരക്ഷയും ഹജ്ജ് കർമ്മങ്ങളുടെ സുഗമമായ നടത്തിപ്പും ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട സുരക്ഷാ വിഭാഗങ്ങളുമായി സഹകരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
ഹജ്ജ് നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമാനുസൃതമായ കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെടുന്നവർ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ മേഖലകളിൽ 911 എന്ന നമ്പറിലും സൗദിയുടെ മറ്റു ഭാഗങ്ങളിൽ 999 എന്ന നമ്പറിലും വിവരം അറിയിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു.

To advertise here,