ജിദ്ദ: പതിമൂന്ന് വർഷമായി നാട്ടിലേക്ക് മടങ്ങാനാകാതെ ജിദ്ദയിൽ കഴിയുകയായിരുന്ന തിരൂർ സ്വദേശി കാസിമിന് നാട്ടിലേക്ക് മടക്കയാത്രയൊരുക്കി ജിദ്ദ തിരൂർ കൂട്ടായ്മ. വർഷങ്ങളായി കാണാതിരുന്ന കുടുംബത്തിലേക്ക് കാസിം ഞായറാഴ്ച മടങ്ങി. ജിദ്ദയിൽനിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് ഐ.എക്‌സ് 398 വിമാനത്തിൽ ഉച്ചയ്ക്ക് ഒന്നരയോടെയാണ് യാത്ര തിരിച്ചത്.

To advertise here,

കാസിമിന്റെ ദുരിതം ഏകദേശം രണ്ടുമാസം മുമ്പാണ് കൂട്ടായ്മയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് അംഗങ്ങൾ നടത്തിയ കൂട്ടായ ഇടപെടലിലൂടെയാണ് വർഷങ്ങളായി കെട്ടിക്കിടന്ന നിയമപ്രശ്‌നങ്ങൾക്കും സാമ്പത്തിക ബാധ്യതകൾക്കും പരിഹാരം കണ്ടെത്തിയത്.

ജിദ്ദയിലെ ടാക്‌സി കമ്പനിയിൽ ജോലി ചെയ്തിരുന്ന കാസിമിനെതിരെ കമ്പനി ഉന്നയിച്ച ആരോപണത്തെ തുടർന്ന് വലിയ തുക ബാധ്യതയും യാത്രാവിലക്കും നേരിടേണ്ടിവന്നു. ഇതിനിടെ കമ്പനി അടച്ചുപൂട്ടുകയും ഉടമ മരണപ്പെടുകയും ചെയ്തതോടെ പ്രശ്‌നം കൂടുതൽ സങ്കീർണമായി. നാട്ടിലേക്ക് പോകാനോ മക്കളെ നേരിൽ കാണാനോ കഴിയാതെ വർഷങ്ങളോളം കാസിം ജിദ്ദയിൽ തുടരുകയായിരുന്നു.

സ്ഥിരമായ ജോലി ലഭിക്കാതായതോടെ മറ്റുള്ളവരുടെ സഹായത്തോടെയായിരുന്നു ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്നത്. ഇതിനിടെ നാട്ടിലെ കുടുംബവും കടുത്ത സാമ്പത്തിക പ്രയാസത്തിലായിരുന്നു. പിതാവും മാതാവും ഭാര്യയും മക്കളും ഉൾപ്പെടുന്ന കുടുംബം വാടകവീട്ടിലാണ് കഴിയുന്നത്.

കാസിമിന്റെ അവസ്ഥ മനസ്സിലാക്കിയ കൂട്ടായ്മ അംഗങ്ങൾ ഒരുമിച്ചിറങ്ങിയതോടെയാണ് പ്രതിസന്ധിക്ക് പരിഹാരമായത്. 40,000 സൗദി റിയാലിലധികം വരുന്ന സാമ്പത്തിക ബാധ്യതകൾ തീർപ്പാക്കുകയും ആവശ്യമായ രേഖകളും നിയമനടപടികളും പൂർത്തിയാക്കുകയും ചെയ്തു. ഇതോടെയാണ് മടക്കയാത്രയ്ക്ക് വഴിയൊരുങ്ങിയത്.

ദുരിതത്തിൽ കൈത്താങ്ങാകാൻ പ്രവാസി സമൂഹം ഒരുമിച്ചുനിന്നതിന്റെ മാതൃകയായി കാസിമിന്റെ മടക്കയാത്ര. സേവന സന്നദ്ധതയും കൂട്ടായ പ്രവർത്തനവും സാധാരണക്കാരന്റെ ജീവിതത്തിൽ എത്രമാത്രം വലിയ മാറ്റമുണ്ടാക്കുമെന്നതിന്റെ ഉദാഹരണമാണ് ഈ ഇടപെടലെന്ന് കൂട്ടായ്മ ഭാരവാഹികൾ പറഞ്ഞു.

കാസിമിന് യാത്രയയപ്പ് നൽകാൻ ഷറഫിയയിൽ സംഘടിപ്പിച്ച സംഗമത്തിൽ ജിദ്ദ തിരൂർ കൂട്ടായ്മ ജനറൽ സെക്രട്ടറി അഷ്‌റഫ് കുന്നത്ത് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് മുഹമ്മദ് ഷരീഫ് അധ്യക്ഷത വഹിച്ചു.

രക്ഷാധികാരി വാസു വെള്ളേടത്ത് കാസിം നേരിട്ട നിയമ, സാമ്പത്തിക പ്രതിസന്ധികളും നാട്ടിലെത്തിക്കുന്നതിനായി നടത്തിയ ഇടപെടലുകളും വിശദീകരിച്ചു. വെൽഫെയർ കൺവീനർ റിയാസ് കേസുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിശദീകരിക്കുകയും സഹായവും സഹകരണവും നൽകിയവർക്കു നന്ദി അറിയിക്കുകയും ചെയ്തു.

അബ്ദുൽ ഗഫൂർ, ഫാസിൽ കാഞ്ഞിക്കോത്ത്, സുഹൈൽ ടി.കെ., മുഹമ്മദ് സമീർ, അനീസ് കല്ലിങ്ങൽ, സജീവ്, മൊയ്തു വലിയകത്ത് എന്നിവർ സംസാരിച്ചു. കൂട്ടായ്മയുടെ സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമായി നടത്തിയ പ്രവർത്തനത്തിന് അഭിനന്ദനം രേഖപ്പെടുത്തി.കുടുംബത്തിലേക്ക് മടങ്ങാൻ അവസരമൊരുക്കിയ ജിദ്ദ തിരൂർ കൂട്ടായ്മയ്ക്ക് കാസിം മറുപടി പ്രസംഗത്തിൽ ഹൃദയപൂർവം നന്ദി അറിയിച്ചു. ട്രഷറർ മൊയ്തു വലിയകത്ത് നന്ദി രേഖപ്പെടുത്തി.