മക്ക: ഡിജിറ്റൽ സംവിധാനങ്ങൾ കൂടുതൽ വ്യാപകമാക്കി മക്കയിലെ ഹറം മസ്ജിദിനെ 2030-ഓടെ ലോകത്തിലെ ഏറ്റവും സ്മാർട്ടായ ആരാധനാകേന്ദ്രങ്ങളിലൊന്നാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഹറം മസ്ജിദിന്റെയും പ്രവാചക പള്ളിയുടെയും കാര്യങ്ങൾക്കായുള്ള ജനറൽ അതോറിറ്റിയുടെ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ വിഭാഗം ഡെപ്യൂട്ടി സി.ഇ.ഒ ഡോ. മുഹമ്മദ് അൽ സഖർ ആണ് ഇക്കാര്യം അറിയിച്ചത്.
യാത്രാസൗകര്യങ്ങൾ നിയന്ത്രിക്കുന്ന സ്മാർട്ട് സംവിധാനംവഴി വാഹന സർവീസുകളും ബുക്കിങ്ങും പണമടയ്ക്കലും ഓൺലൈനായി ഏകോപിപ്പിച്ചിട്ടുണ്ട്. ഇതോടെ ഹജ്ജ് തീർഥാടകരുടെ കാത്തിരിപ്പ് സമയം മൂന്ന് വർഷം മുമ്പുണ്ടായിരുന്ന രണ്ട് മണിക്കൂറിൽനിന്ന് കഴിഞ്ഞ ഹജ്ജ് സീസണിൽ ഒൻപത് മിനിറ്റായി കുറഞ്ഞു.
ഡിജിറ്റൽ സംവിധാനങ്ങളും ഇഫ്താർ ഭക്ഷണ വിതരണവും കൂടുതൽ കാര്യക്ഷമമാക്കി. പ്രതിവർഷം 3.8 കോടിയിലധികം ഇഫ്താർ ഭക്ഷണങ്ങളാണ് വിതരണം ചെയ്യുന്നത്. ഇടപാടുകളുടെ മൂല്യം ഏകദേശം 50 കോടി റിയാലാണ്.
‘ഇഹ്‌സാൻ’ ചാരിറ്റി പ്ലാറ്റ്‌ഫോമുമായുള്ള ഏകീകരണവും ഓട്ടോമേഷൻ സംവിധാനങ്ങളുംവഴി അനുമതി നടപടികളുടെ സമയം എട്ട് ദിവസത്തിൽനിന്ന് എട്ട് മിനിറ്റായി കുറച്ചു.
‘റാഫിദ്’ പ്ലാറ്റ്‌ഫോം 18 സർക്കാർ സ്ഥാപനങ്ങളെ ബന്ധിപ്പിച്ച് വിവിധ പരാതികളും റിപ്പോർട്ടുകളും പരിഹരിക്കാൻ സഹായിക്കുന്നു. ഡിജിറ്റൽ മാപ്പിങ് സംവിധാനംവഴി വർഷം ഏകദേശം ആറുലക്ഷം കേസുകളും കൈകാര്യം ചെയ്യുന്നുണ്ട്. മക്ക, മദീന എന്നീ രണ്ട് വിശുദ്ധ പള്ളികളിലും സ്മാർട്ട് സാങ്കേതികവിദ്യയുടെ ഉപയോഗം കൂടുതൽ വ്യാപിപ്പിക്കാനാണ് അതോറിറ്റിയുടെ തീരുമാനം.

To advertise here,