4,000-ത്തിലധികം അനധികൃത നിർമാണങ്ങൾക്കെതിരേ നടപടി സ്വീകരിച്ചിട്ടില്ലെന്ന് ആരോപിച്ച് സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിലാണ് നടപടി

To advertise here,

നവിമുംബൈ : നഗരത്തിൽ പുതുതായി ഉയരുന്ന അനധികൃത നിർമാണങ്ങൾ തടയാനെടുത്ത നടപടികൾ വ്യക്തമാക്കാൻ കോർപ്പറേഷന് മുംബൈ ഹൈക്കോടതിയുടെ നിർദേശം. മൂന്നുമാസത്തിനിടെ സ്വീകരിക്കുന്ന പ്രതിരോധനടപടികളുടെ പദ്ധതി സമർപ്പിക്കണമെന്ന് ബോംബെ ഹൈക്കോടതി നവി മുംബൈ മുനിസിപ്പൽ കോർപ്പറേഷനോടും (എൻ.എം.എം.സി.) സിഡ്‌കോയോടും നിർദേശിച്ചു.

ജസ്റ്റിസുമാരായ അജയ് ഗഡ്കരി, കമൽ ഖത എന്നിവരുൾപ്പെട്ടയുള്ള ഡിവിഷൻ ബെഞ്ചാണ് നിർദേശം നൽകിയത്. നവിമുംബൈയിലെ 4,000-ത്തിലധികം അനധികൃത നിർമാണങ്ങൾക്കെതിരേ ഫലപ്രദമായ നടപടി സ്വീകരിച്ചിട്ടില്ലെന്ന് ആരോപിച്ച് അഭിഭാഷകൻ കിഷോർ ഷെട്ടി സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിലാണ് നടപടി. നിലവിലുള്ള അനധികൃത കെട്ടിടങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതിനൊപ്പം, പുതിയ നിർമാണങ്ങൾ ആരംഭിക്കുന്നതു തടയുന്നതിനുള്ള സംവിധാനങ്ങൾ ശക്തമാക്കേണ്ടതിന്റെ ആവശ്യകതയും കോടതി ചൂണ്ടിക്കാട്ടി.

കോടതിയുടെ നിരന്തരമായ ഇടപെടൽ മൂലം പൊളിക്കൽ നടപടികളിലെ രാഷ്ട്രീയ ഇടപെടൽ കുറഞ്ഞതായി കോർപ്പറേഷൻ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കോടതി നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ പൊളിക്കൽ നടപടികൾക്ക് ആവശ്യമായ പോലീസ് സംരക്ഷണം ലഭിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

2026 സെപ്റ്റംബർ ഏഴ് വരെ ഇരുപത്തിയഞ്ചിലധികം അനധികൃത നിർമാണങ്ങൾക്കെതിരേ നടപടി സ്വീകരിച്ചതായും എൻ.എം.എം.സി. അറിയിച്ചു. എന്നാൽ ഇവയുടെ കൃത്യമായ സ്ഥലം, നിർമാണത്തിന്റെ സ്വഭാവം, നിലവിലെ സ്ഥിതി തുടങ്ങിയ വിശദാംശങ്ങൾ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല.

നവിമുംബൈയിലെ അനധികൃത നിർമാണങ്ങളുമായി ബന്ധപ്പെട്ട കേസിൽ എൻ.എം.എം.സി.യും സിഡ്‌കോയും തുടർച്ചയായ കോടതിയുടെ നിരീക്ഷണത്തിലാണ്. ഭൂവികസനം, നഗരാസൂത്രണം, അനധികൃത നിർമാണങ്ങൾക്കെതിരായ നടപടി എന്നിവയിൽ ഇരുസ്ഥാപനങ്ങൾക്കും പങ്കുള്ള സാഹചര്യത്തിലാണ് കോടതി ഇടപെടൽ. കേസ് മൂന്നാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും.