മടിക്കൈ : നാലുപതിറ്റാണ്ടുകൾക്ക് മുമ്പ് വീടുവിട്ടിറങ്ങിയ അച്ഛനെ മക്കൾക്ക് തിരിച്ചുകിട്ടി. കൊല്ലം ശാസ്താംകോട്ട സ്വദേശി ലീൻ അഗസ്റ്റി(75)നും മക്കളായ ഉഷ, ശുഭ എന്നിവരുമാണ് ഒന്നിച്ചത്. മടിക്കൈ മലപ്പച്ചേരിയിൽ പ്രവർത്തിക്കുന്ന ന്യൂമലബാർ പുനരധിവാസ കേന്ദ്രം ചാരിറ്റബിൾ ട്രസ്റ്റിന്റെ നിരന്തര പരിശ്രമത്തിലൂടെയാണ് ലീൻ അഗസ്റ്റിന് കുടുംബത്തോടൊപ്പം ചേരാനായത്.
16 വർഷം മുമ്പ് പുനരധിവാസകേന്ദ്രത്തിൽ അഭയം തേടിയ ലീൻ അഗസ്റ്റിൻ അവിടെ അന്തേവാസിയായി കഴിയുകയായിരുന്നു. അച്ഛനെ കാണാതായതിനെ തുടർന്ന് മക്കൾ വർഷങ്ങളോളം അന്വേഷിച്ചെങ്കിലും വിവരം ലഭിച്ചിരുന്നില്ല. അച്ഛൻ മരിച്ചിട്ടുണ്ടാകാമെന്ന ധാരണയിലായിരുന്നു കുടുംബം. രണ്ട് ആൺമക്കളും രണ്ട് പെൺമക്കളും ഭാര്യയുമടങ്ങുന്നതാണ് കുടുംബം. മകൾ ഉഷയ്ക്ക് മൂന്നു വയസ്സുള്ളപ്പോഴാണ് അച്ഛനെ കാണാതാകുന്നത്. ഇതിനിടെ ആൺമക്കളിലൊരാൾ മരിച്ചു.
സ്ഥാപനാധികൃതർ നടത്തിയ അന്വേഷണത്തിലാണ് ലീൻ അഗസ്റ്റിന്റെ കുടുംബത്തെക്കുറിച്ച് വിവരങ്ങൾ അറിഞ്ഞത്. തുടർന്ന് മക്കൾ സ്ഥാപനത്തിലെത്തി. ഏറെ വികാരനിർഭരമായിരുന്നു കൂടിക്കാഴ്ച. ഒടുവിൽ അച്ഛനെ രണ്ട് പെൺമക്കൾ ചേർന്ന് സന്തോഷത്തോടെ സ്വീകരിച്ച് വീട്ടിലേക്ക് കൊണ്ടുപോയി.
ലീൻ അഗസ്റ്റിൻ ആരെയും കാണിക്കാതെ ഒരു ഡയറി സൂക്ഷിച്ചിരുന്നു. എന്തൊക്കെയോ കുറിച്ചിട്ട ആ ഡയറിയിൽനിന്നാണ് ഒരു ഫോൺ നമ്പർ കിട്ടിയത്. ആ ഫോൺ നമ്പരുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് കുടുംബത്തെ കണ്ടെത്താനായതെന്ന് സ്ഥാപന ഉടമ ഷീലാ ചാക്കോയുടെ മകൾ എം.സുസ്മിത ചാക്കോ ‘മാതൃഭൂമി’യോട് പറഞ്ഞു.
Published: 09 Sept 2026, 04:47 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented