ഇതുവരെ റിപ്പോർട്ട് ചെയ്തത് 741 ബലാത്സംഗക്കേസുകൾ
മുംബൈ : നഗരത്തിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ കൂടി. സിറ്റി പോലീസിന്റെ സ്ഥിതിവിവര കണക്കുകൾ വ്യക്തമാക്കുന്നത് സ്ത്രീകൾ കൂടുതലായി പീഡനങ്ങൾക്ക് ഇരകളായി മാറുന്നുവെന്നാണ്. ഈ വർഷം ജൂലായ് 31 വരെ നഗരത്തിൽ 741 ബലാത്സംഗകേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. അതിൽ 709 കേസുകളിൽ അറസ്റ്റ് രേഖപ്പെടുത്തി.
കഴിഞ്ഞവർഷം ഇതേ കാലയളവിൽ 710 ബലാത്സംഗ കേസുകളായിരുന്നു രജിസ്റ്റർ ചെയ്തിരുന്നത്. വിവാഹ വാഗ്ദാനം നൽകി നടന്ന ലൈംഗികാതിക്രമകേസുകളും കൂടി. കഴിഞ്ഞ വർഷം ജൂലായ് അവസാനം വരെ ഇത്തരം 139 കേസുകൾ രജിസ്റ്റർ ചെയ്തെങ്കിൽ, ഈ വർഷം അത് 212 ആയി.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളുടെ വർധന പ്രധാന ആശങ്കയായി തുടരുന്നു. ഈ വർഷം ജൂലായ് 31 വരെ ഇത്തരം 400 പീഡനക്കേസുകൾ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ അത് 364 ആയിരുന്നു.
അതേസമയം സ്ത്രീകളെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും തട്ടിക്കൊണ്ടുപോകുന്ന കേസുകളിൽ കുറവുണ്ടായിട്ടുണ്ട്. ഈ വർഷം ജൂലായ് 31 വരെ മുംബൈ പോലീസ് ഇത്തരത്തിൽ 780 കേസുകൾ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 822 ആയിരുന്നു.
സ്ത്രീകളെ മാനഭംഗപ്പെടുത്തിയ വിഭാഗത്തിൽ രജിസ്റ്റർ ചെയ്ത കേസുകൾ കഴിഞ്ഞ വർഷം 1,492 ആയിരുന്നെങ്കിൽ ഈ വർഷം 1,312 ആയി കുറഞ്ഞു. വിവാഹിതരായ സ്ത്രീകളുടെ കൊലപാതക കേസുകളും കൂടി. കഴിഞ്ഞ വർഷം എട്ട് വിവാഹിതരായ സ്ത്രീകളാണ് കൊല്ലപ്പെട്ടതെങ്കിൽ ഈ വർഷം ജൂലായ് 31 വരെ ഒമ്പത് വിവാഹിതരായ സ്ത്രീകൾ കൊല്ലപ്പെട്ടു. അതേസമയം, വിവാഹിതരായ സ്ത്രീകളുടെ ആത്മഹത്യ സംഭവങ്ങൾ കുറഞ്ഞു. ഈ വർഷം സ്ത്രീധന പീഡനത്തെ തുടർന്ന് മൂന്ന് വിവാഹിതരായ സ്ത്രീകൾ ആത്മഹത്യ ചെയ്തതായിട്ടാണ് കണക്ക്.
ആറ് പേർ മറ്റ് കാരണങ്ങളാൽ ആത്മഹത്യ ചെയ്തു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ സ്ത്രീധന പീഡനത്തെ ത്തുടർന്ന് അഞ്ച് വിവാഹിതരായ സ്ത്രീകളും മറ്റ് കാരണങ്ങളാൽ 12 പേരും ആത്മഹത്യ ചെയ്തിരുന്നു.
സ്ത്രീധനത്തിന്റെ പേരിൽ ശാരീരികമായും മാനസികമായും പീഡിപ്പിക്കപ്പെടുന്ന സംഭവങ്ങൾ ഇപ്പോഴും ആശങ്കാജനകമായി തുടരുന്നു. ഈ വർഷം ജൂലായ് 31 വരെ മുംബൈ പോലീസ് ഇത്തരത്തിൽ 298 കേസുകളെടുത്തു.
നവി മുംബൈയിൽ യാത്രക്കാരിക്ക് പീഡനം; ഒല ഡ്രൈവർ അറസ്റ്റിൽ
നവി മുംബൈ : നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തുവെച്ച് യാത്രക്കാരിയെ ഒല കാബ് ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. എയർപോർട്ട് സർവീസ് റോഡിൽ പുലർച്ചെ ഒന്നരയോടെയാണ് സംഭവം. സംഭവത്തിൽ മുഹമ്മദ് അഫ്‌സൽ ഷെയ്ഖിനെ പോലീസ് അറസ്റ്റുചെയ്തു.
വിജനമായ സർവീസ് റോഡിൽ വാഹനം നിർത്തിയ ഡ്രൈവർ പിൻസീറ്റിലേക്ക് മാറി യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. നിലവിളിച്ചതോടെ പ്രതി ഓടിരക്ഷപ്പെട്ടു. യുവതിയുടെ പരാതിയിൽ നവി മുംബൈ എയർപോർട്ട് പോലീസ് കേസെടുത്തു. അന്വേഷണത്തിനൊടുവിലാണ് മുഹമ്മദ് അഫ്‌സൽ ഷെയ്ഖിനെ അറസ്റ്റുചെയ്തത്.
Published: 07 Sept 2026, 11:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented