വാക്കുതർക്കവും സംഘർഷാവസ്ഥയും
അസ്വസ്ഥത ഒഴിയാതെ മടക്കര മീൻപിടിത്ത തുറമുഖം
ചെറുവത്തൂർ : മടക്കര മീൻപിടിത്ത തുറമുഖത്ത് നിലനിൽക്കുന്ന തൊഴിലാളിവിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് ഐഡിയൽ ഫിഷർമെൻസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ കൊട്ടവില്പന തൊഴിലാളികൾ പ്രതിഷേധപ്രകടനം നടത്തി. മീനെടുക്കാതെയാണ് ചൊവ്വാഴ്ച തൊഴിലാളികൾ പ്രതിഷേധിച്ചത്. മിന്നൽസമരത്തിൽ പ്രതിഷേധിച്ച് തുറമുഖത്തെ മറ്റ് തൊഴിലാളികളും സമരക്കാരും തമ്മിലുണ്ടായ വാക്കുതർക്കം സംഘർഷത്തിൽ കലാശിച്ചു.
പരമ്പരാഗത മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീ തൊഴിലാളികൾ മീനെടുക്കാൻ തയാറായത് സമരക്കാർ തടയാൻ ശ്രമിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്. സ്ഥലത്തുണ്ടായിരുന്ന ചന്തേര പോലീസ് ഇടപെട്ട് ഇരുവിഭാഗത്തെയും ശാന്തരാക്കി. മീനെടുക്കാൻ താത്‌പര്യമുള്ളവർക്ക് അതാകാമെന്നും അല്ലാത്തവർക്ക് പിരിഞ്ഞുപോകാമെന്നുമുള്ള സമീപനമാണ് പോലീസ് സ്വീകരിച്ചത്. ഇതേത്തുടർന്ന് സമരത്തിലേർപ്പെട്ട തൊഴിലാളികൾ തുറമുഖ കവാടത്തിന് പുറത്ത് പ്രതിഷേധിച്ചു. ട്രസ്റ്റ് പ്രസിഡന്റ് ടി.കെ. കുഞ്ഞഹമ്മദ് അധ്യക്ഷനായി. സെക്രട്ടറി കെ. അനീഷ്, കെ.പി. ഫൈസൽ, മുനീർ ബന്തടുക്ക എന്നിവർ സംസാരിച്ചു.
കൈയിട്ടുവാരൽ; കടുത്ത ചൂഷണം
:കാലം മാറിയിട്ടും സൂര്യനുദിക്കാതെ ചില പ്രദേശങ്ങളുണ്ട്. അതിലൊന്നാണ് മടക്കര മീൻപിടിത്ത തുറമുഖം. ജീവൻ പണയപ്പെടുത്തി കടലിൽനിന്ന് മീനെത്തിക്കുന്ന തൊഴിലാളികളും പകലന്തിയോളം വില്പനനടത്തുന്ന തൊഴിലാളികളും കടുത്ത ചൂഷണത്തിനാണ് ഇരയാകുന്നത്.
പുതിയങ്ങാടി, പാലക്കോട്, കണ്ണൂർ അഴീക്കൽ തുറമുഖങ്ങളിൽനിന്നും വ്യത്യസ്തമാണ് മടക്കരയിലെ ലേലംവിളി. മറ്റിടങ്ങളിൽ 80 കിലോ തൂക്കത്തിനാണ് ലേലം വിളി. മടക്കരയിൽ അത് 50 കിലോ ആണ്. വിലയിൽ വലിയ മാറ്റമില്ല. ലേലംവിളിച്ചെടുത്ത മീനിൽനിന്ന് കൈയിട്ടുവാരി ലേലംവിളിച്ചയാൾ ഒാഹരിയെടുക്കുന്ന പ്രവണത മടക്കരയിലല്ലാതെ മറ്റെടവിടെയുമില്ല. ഈ ശീലം മാറണമെന്ന് തൊഴിലാളികൾ ആവശ്യപ്പെടാൻതുടങ്ങിയിട്ട് വർഷം പലത് കഴിഞ്ഞു.
വൃത്തിഹീനമായ ചുറ്റുപാട്
:മീൻ ലേലംവിളിച്ചുകൊടുക്കാൻ ലേലപ്പുരയുണ്ട്. അവിടേക്ക് മീൻ കയറ്റാറെയില്ല. വള്ളവും ബോട്ടും അടുപ്പിച്ച വാർഫിനരികിൽ വൃത്തിഹീനമായ സ്ഥലത്ത് മീൻ തട്ടിയിട്ടാണ് ലേലംവിളിക്കുന്നത്. തുറമുഖം ശുചിയാക്കേണ്ടവർ ചുതല പാലിക്കാറില്ലെന്ന ആക്ഷേപവുമുണ്ട്.
ഗേറ്റിൽ ചുങ്കം പിരിക്കുന്നവർക്കാണ് തുറമുഖം ശുചിയാക്കാനാനുള്ള ചുമതല. വാർഫും ലേലപ്പുരയും ചുറ്റുപാടും പലപ്പോഴും വൃത്തിഹീനമാണ്. ലേലപ്പുരയും വാർഫും കഴുകിയാൽ മലിനജലം നേരിട്ട് പുഴയിലേക്ക് ഒഴുക്കിവിടുന്നുവെന്ന പരാതിയിലും തൊഴിലാളികൾക്കുണ്ട്.
തുരുമ്പെടുത്താലും മാറ്റാത്ത വാഹനങ്ങൾ
:മീൻവില്പന തൊഴിലാളികളുടെ സൈക്കിൾ, ഓട്ടോറിക്ഷ തുടങ്ങിയ വാഹനങ്ങൾ തുറമുഖത്ത് നിർത്തിയിടാൻ സൗകര്യമില്ല. വൻകിട മീൻ കമ്പനികളുടെയും മുതലാളിമാരുടെയും വലിയ വാഹനങ്ങൾ നിർത്തിയിടുന്നതാണ് തൊഴിലാളികളെ ബുദ്ധിമുട്ടിലാക്കുന്നത്. മാസങ്ങളായി നിർത്തിയിട്ട സ്ഥലത്തുനിന്ന് മാറ്റാത്ത വലിയ വാഹനങ്ങളുണ്ടിവിടെ. നടപടിയെടുക്കേണ്ട ഫിഷറീസ് വകുപ്പ് അധികൃതരും തുറമുഖ എൻജിനീയറിങ് വിഭാഗവും ഇവിടേക്ക് തിരിഞ്ഞുനോക്കാറില്ല.
തുറമുഖത്ത് ഫിഷറീസ് വകുപ്പ് സ്ഥാപിച്ച നിരീക്ഷണ ക്യാമറ മിഴിയടച്ചിട്ട് മാസങ്ങളായി. നേരത്തെയുണ്ടായിരുന്ന ഹാർബർ ഡിവലപ്‌മെന്റ് കമ്മിറ്റിയുടെ സമയോചിത ഇടപെടൽ തുറമുഖത്തെ ദൈനംദിന പ്രവർത്തനം നല്ലരീതിയിൽ കൊണ്ടുപോകാൻ സഹായിച്ചിരുന്നു.
കളക്ടർ ചെയർമാനായ തുറമുഖ മാനേജ്‌മെന്റ് കമ്മിറ്റിയാണ് നിലവിൽ തുറമുഖത്ത് ഉണ്ടാകുന്ന ഇത്തരം വിഷയങ്ങൾക്ക് പരിഹാരംകാണേണ്ടത്.
Published: 09 Sept 2026, 04:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented