തൃക്കരിപ്പൂർ : ജില്ലയുടെ കായികക്കുതിപ്പ് ലക്ഷ്യമിട്ട് നിർമിച്ച തൃക്കരിപ്പൂർ നടക്കാവിലെ രാജീവ് ഗാന്ധി സ്പോർട്സ് അരീനയുടെ നിർമാണങ്ങളിൽ അപാകമെന്ന് നിയമസഭയിലെ യുവജനക്ഷേമവവും യുവജനകാര്യവും സംബന്ധിച്ച സമിതി.
ചൊവ്വാഴ്ച സ്റ്റേഡിയം സന്ദർശിച്ച സമിതിയുടെ വിലയിരുത്തലിൽ സ്റ്റേഡിയം നിർമാണത്തിൽ ഗുരുതര പിഴവുകൾ ഉണ്ടായെന്ന് പറയുന്നു. സമിതി ചെയർപേഴ്സൺ സനീഷ്‌കുമാർ ജോസഫ് എം.എൽ.എ., എം.എൽ.എ.മാരായ ടി.പി. അഷ്റഫലി, സന്ദീപ് വാരിയർ എന്നിവരടങ്ങിയ സമിതിയാണ് സ്റ്റേഡിയം സന്ദർശിച്ചത്. നിയമസഭാ ജോയിൻറ് സെക്രട്ടറി ആർ.എസ്. സന്തോഷ് കുമാറും സംഘത്തിലുണ്ടായിരുന്നു.
തുടക്കത്തിലേ കല്ലുകടി
2021-ൽ ആരംഭിച്ച പദ്ധതി 18 മാസത്തിനുള്ളിൽ (2023-ൽ) പൂർത്തിയാക്കേണ്ടതായിരുന്നു. എന്നാൽ 2026 ആയിട്ടും നിർമാണം പൂർത്തിയായിട്ടില്ല. ഉദ്ഘാടനം കഴിഞ്ഞ സ്റ്റേഡിയത്തിൽ പ്രാഥമികസൗകര്യങ്ങൾപോലും ഒരുക്കാൻ കഴിഞ്ഞിട്ടില്ലെന്ന് സമിതി വിലയിരുത്തി. സ്റ്റേഡിയം നിർമാണത്തിൽ വലിയരീതിയിലുള്ള അശാസ്ത്രീയതകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും സമിതി അറിയിച്ചു. ഇൻഡോർ സ്റ്റേഡിയത്തിലെ ഗാലറിയിൽ ഇരുന്നാൽ മത്സരങ്ങൾ പൂർണമായി കാണാൻകഴിയില്ലെന്നും ചെറിയ മഴപെയ്താൽപോലും സ്റ്റേഡിയത്തിനകത്ത് വെള്ളംകയറുന്ന അവസ്ഥയുണ്ടെന്നും സമിതി ചൂണ്ടിക്കാട്ടുന്നു. സ്റ്റേഡിയത്തിന്റെ സിവിൽ ജോലികൾ ഏകദേശം 50 ശതമാനം മാത്രമേ പൂർത്തിയായിട്ടുള്ളൂ. ഫ്ലോറിങ് ജോലികൾ പൂർത്തിയായെങ്കിലും സ്റ്റേഡിയം ഇതുവരെ ഔദ്യോഗികമായി കൈമാറുകയോ പ്രവർത്തനക്ഷമമാക്കുകയോ ചെയ്തിട്ടില്ല. ആവശ്യമായ പെർമിറ്റുകൾ ലഭിക്കുന്നതിന് മുൻപാണ് ഉദ്ഘാടനം നടത്തിയതെന്നും വിലയിരുത്തുന്നു. സ്റ്റേഡിയത്തിന്റെ ഡിസൈനിൽ (രൂപകല്പന) തന്നെ അപാകമുണ്ടെന്നാണ് സമിതിയുടെ വിലയിരുത്തൽ. കെട്ടിടത്തിന് അഗ്നിരക്ഷാസേനയുടെ അനുമതിയും ലഭിക്കാനുണ്ട്.
കായികതാരങ്ങൾക്ക് മുൻഗണന നൽകിയില്ല
കായികതാരങ്ങൾക്ക് ആവശ്യമായ ഡ്രസ്സിങ് മുറികളോ റിട്ടയറിങ് മുറികളോ സ്റ്റേഡിയത്തിൽ ലഭ്യമല്ല. കായികരംഗത്തുള്ളവർക്ക് ഉപകാരപ്പെടുന്നതിനേക്കാൾ കെട്ടിടങ്ങൾ നിർമിക്കുന്നതിനാണ് മുൻഗണന നൽകിയിരിക്കുന്നത്. ഇൻഡോർ സ്റ്റേഡിയത്തിലേക്ക് വരാൻ കൃത്യമായ വഴിസൗകര്യം ഒരുക്കിയിട്ടില്ല. കൂടാതെ പവലിയൻ കെട്ടിടം കാരണം രാജീവ് ഗാന്ധി സിന്തറ്റിക് ടർഫിലേക്ക് എത്താനും കായികതാരങ്ങൾ ബുദ്ധിമുട്ടുന്നുണ്ട്.
നിലവിലുള്ള പവലിയൻ കെട്ടിടം ഗാലറി നിർമാണത്തിന് തടസ്സമായും നിൽക്കുകയാണ്. രാജീവ് ഗാന്ധി സിന്തറ്റിക് ടർഫ് മികച്ചരീതിയിൽ നവീകരിച്ചാലും ഗാലറി നിർമിക്കാൻ കഴിയാത്ത സ്ഥിതിയുമുണ്ട് നിലവിൽ. പഞ്ചായത്തിന്റെ അധീനതയിലുള്ള സിന്തറ്റിക് സ്റ്റേഡിയത്തിലേക്കുള്ള വഴി തടസ്സപ്പെട്ടു.
ഇത്രയും വലിയൊരു പദ്ധതിയായിട്ടും ആളുകൾക്ക് വരാനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ ഉള്ള കൃത്യമായ സംവിധാനം ഒരുക്കിയിട്ടില്ല. ഇൻഡോർ സ്റ്റേഡിയം ഡിസൈനിലും ഇവിടുത്തെ വെളിച്ചസംവിധാനത്തിലുമുള്ള അപാകം സമിതി ചൂണ്ടിക്കാട്ടുന്നു. കളി ഉപകരണങ്ങൾ ഒന്നുംതന്നെ നിലവിൽ സ്റ്റേഡിയത്തിൽ സജ്ജീകരിച്ചിട്ടില്ല. ദേശീയ മത്സരങ്ങൾ നടത്തുമെന്ന് അറിയിച്ച് നിർമിച്ച നീന്തൽക്കുളത്തിൽ അത്തരം സൗകര്യങ്ങൾ ഒന്നുംതന്നെ ഒരുക്കിയിട്ടില്ല. നീന്തൽക്കുളത്തിന് കൈവരികൾപോലും ഒരുക്കിയിട്ടില്ല.
പഞ്ചായത്തിനും പരാതികൾ
സ്റ്റേഡിയത്തിനായി പഞ്ചായത്ത് വിട്ടുനൽകിയ 10 ഏക്കർ സ്ഥലം കായികതാരങ്ങൾക്ക് ഉപകാരപ്പെടാത്തരീതിയിലാണ് ഉപയോഗിക്കുന്നത്. പദ്ധതിയുടെ ഡി.പി.ആർ. പരിശോധിക്കാൻപോലും പഞ്ചായത്തിനെ അനുവദിച്ചില്ലെന്ന് പരാതിയുണ്ട്. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമിച്ച രാജീവ് ഗാന്ധി സിന്തറ്റിക് സ്റ്റേഡിയത്തിലേക്കുള്ള വഴി പുതിയ നിർമാണത്തോടെ അടഞ്ഞുപോയി.
നടപടി സ്വീകരിക്കും
സംസ്ഥാന സ്പോർട്സ് വികസനത്തിന് നടപ്പാക്കിയ പദ്ധതികളിലെ വീഴ്ചകൾ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും തൃക്കരിപ്പൂർ നടക്കാവിലെ സ്റ്റേഡിയം നിർമാണത്തിലെ വീഴ്ചകൾ സമഗ്രമായി പരിശോധിക്കുമെന്നും യുവജനക്ഷേമം യുവജനകാര്യ നിയമസഭാസമിതി ചെയർപേഴ്സൺ സനീഷ് കുമാർ ജോസഫ് എം.എൽ.എ. പറഞ്ഞു.
സ്റ്റേഡിയത്തിനകത്തുള്ള പഞ്ചായത്ത് ടർഫ് കോർട്ട് എം.എൽ.എ. ആസ്തിവികസനഫണ്ട് ഉപയോഗിച്ച് നവീകരിക്കുമെന്ന് സമിതി അംഗംകൂടിയായ സന്ദീപ് വാരിയർ എം.എൽ.എ. പറഞ്ഞു.
സർക്കാന്റെ നികുതിപ്പണം പാഴാകാതിരിക്കാൻ ജാഗ്രതപാലിക്കണമെന്ന് സമിതി അംഗം ടി.പി. അഷ്‌റഫലി എം.എൽ.എ. പറഞ്ഞു. ഈ വീഴ്ചകളെക്കുറിച്ച് ഗൗരവതരമായ അന്വേഷണം നടത്തുമെന്നും സമിതി തയ്യാറാക്കുന്ന റിപ്പോർട്ട് നിയമസഭയിൽ സമർപ്പിക്കുകയും സ്റ്റേഡിയത്തിലെ വീഴ്ചകൾ പരിഹരിച്ച് എത്രയുംവേഗം സ്റ്റേഡിയം കായികതാരങ്ങൾക്കും ജനങ്ങൾക്കും തുറന്നുകൊടുക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും സമിതി ഉറപ്പുനൽകി.
സ്റ്റേഡിയത്തിൽ ചേർന്ന യോഗത്തിൽ സമിതി ചെയർപേഴ്സൺ സനീഷ്‌കുമാർ ജോസഫ് എം.എൽ.എ., എം.എൽ.എ.മാരായ ടി.പി. അഷ്റഫലി, സന്ദീപ് വാരിയർ, നിയമസഭാ ജോയന്റ് സെക്രട്ടറി ആർ.എസ്. സന്തോഷ് കുമാർ, തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡ്റ് സാജിദ സഫറുള്ള, വൈസ് പ്രസിഡ്റ് എം. രജീഷ് ബാബു, പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ടി.എസ്. നജീബ്, മുൻ ഇന്ത്യൻ ഫുട്ബോൾ താരങ്ങളായ എം. സുരേഷ്, മുഹമ്മദ് റാഫി, ഇന്ത്യൻ സെപക്‌തക്രോ താരം കെ. ശ്രേയ, ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി ടി.കെ.എം. മുഹമ്മദ് റഫീഖ്, ജില്ലാ ഫുട്ബോൾ പരിശീലകൻ കെ.വി. ഗോപാലൻ എന്നിവർ സംസാരിച്ചു. കായികതാരങ്ങൾ, വിവിധ രാഷ്‌ട്രീയപ്പാർട്ടി നേതാക്കൾ എന്നിവർ പങ്കെടുത്തു.
Published: 09 Sept 2026, 04:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented