വികസനപാതയിൽ

To advertise here,

ചെന്നൈ : ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷന്റെ വികസനത്തിനായി 1,299 കോടി രൂപയുടെ വൻപദ്ധതി പ്രഖ്യാപിച്ചു. 2030-ഓടെ വികസനപ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിപൂർത്തിയാകുന്നതോടെ സ്റ്റേഷനിൽനിന്ന് സർവീസ് നടത്തുന്ന തീവണ്ടികളുടെ എണ്ണം നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിപ്പിക്കാൻ സാധിക്കും.

പ്രതിവർഷം മൂന്നുകോടിയോളം യാത്രക്കാർ ഉപയോഗിക്കുന്ന സ്റ്റേഷൻ വികസിപ്പിക്കുന്നതിനായി റെയിൽവേ ലാൻഡ് ഡിവലപ്‌മെന്റ് അതോറിറ്റി ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് ഉടൻ തയ്യാറാക്കും.

പ്ലാറ്റ്‌ഫോമുകളുടെ എണ്ണം വർധിപ്പിക്കുന്നതിനൊപ്പം പുതിയ ടെർമിനലും ആരംഭിക്കും. ഇതിലൂടെ പിറ്റ് ലൈനുകളുടെയും സ്റ്റേബിളിങ് ലൈനുകളുടെയും എണ്ണം വൻതോതിൽ വർധിക്കും. യാത്രക്കാർക്ക് സമീപ റോഡുകളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സഹായിക്കുന്ന സർവീസ് റോഡുകൾ നിർമിക്കുന്നതിന് റെയിൽവേയുടെ ഭൂമി ഉപയോഗപ്പെടുത്തും. കൂടാതെ, സ്റ്റേഷനിലെത്തുന്ന യാത്രക്കാരുടെ സൗകര്യാർഥം വിവിധ വാണിജ്യ സ്ഥാപനങ്ങളും സ്റ്റേഷൻ വളപ്പിൽ സജ്ജീകരിക്കും. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയായിരിക്കും പദ്ധതി നടപ്പിലാക്കുക.

രണ്ടുവർഷം മുൻപ് റെയിൽവേ മന്ത്രാലയം പ്രഖ്യാപിച്ച പെരമ്പൂരിലെ പുതിയ റെയിൽവേ ടെർമിനലിന്റെ നിർമാണവും ഈ പദ്ധതിയുടെ ഭാഗമായി നടക്കും.

നിലവിൽ ചെന്നൈ സെൻട്രലിൽ 12 പ്ലാറ്റ്‌ഫോമുകളും സമീപത്തെ സബർബൻ സ്റ്റേഷനിൽ അഞ്ചു പ്ലാറ്റ്‌ഫോമുകളുമാണുള്ളത്. ചെന്നൈ സെൻട്രലിന് സമാനമായ സൗകര്യങ്ങൾ പെരമ്പൂരിലെ പുതിയ ടെർമിനലിലും ഏർപ്പെടുത്തുന്നതിനുള്ള സാധ്യതാപഠനം നടത്തുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.