ചെന്നൈ : ടി.എൻ.എസ്.എസ്. സൗത്ത് ചെന്നൈ കരയോഗത്തിന്റെ 33-ാമത് വാർഷികവും ഓണാഘോഷവും വിപുലമായ പരിപാടികളോടെ നടത്തി. തമിഴ്‌നാട് നായർ സർവീസ് സൊസൈറ്റി (ടി.എൻ.എസ്.എസ്.) രക്ഷാധികാരി കൽപക ഗോപാലൻ സാംസ്കാരിക സമ്മേളനവും ഓണാഘോഷവും ഉദ്ഘാടനം ചെയ്തു.

To advertise here,

കരയോഗം പ്രസിഡന്റ് എസ്.എസ്. രാജേന്ദ്ര അധ്യക്ഷനായി. സംഘടനയുടെ സ്വപ്നപദ്ധതിയായ പുതിയ കരയോഗം മന്ദിരത്തിന്റെ നിർമാണപ്രഖ്യാപനം അദ്ദേഹം നടത്തി. മന്ദിരത്തിന്റെ പ്ലാനും രൂപകല്പനയും ടി.എൻ.എസ്.എസ്. മുഖ്യ രക്ഷാധികാരി അമരാവതി രാധാകൃഷ്ണൻ പ്രകാശനംചെയ്തു. കരയോഗം മന്ദിരത്തിന്റെ ആവശ്യകതയെക്കുറിച്ച് ടി.എൻ.എസ്.എസ്. ചെയർമാൻ സി.കെ. വാസുക്കുട്ടൻ വിശദീകരിച്ചു.

മന്ദിരത്തിന്റെ പ്ലാനും രൂപകല്പനയും ഏകോപിപ്പിച്ചത് ടി.എൻ.എസ്.എസ്. പ്രസിഡന്റ് കെ.എൻ. മധുസൂദനൻപിള്ളയാണ്. നിർമാണ പ്രവർത്തനങ്ങളിലെ സമുദായാംഗങ്ങളുടെ സഹകരണം, ഫണ്ട് സമാഹരണത്തിനായുള്ള ആസൂത്രണങ്ങൾ എന്നിവയെക്കുറിച്ച് ടി.എൻ.എസ്.എസ്. മുഖ്യ ഉപദേശകൻ എം. ശിവദാസൻപിള്ള വിശദീകരിച്ചു.

ജീവകാരുണ്യ പദ്ധതികൾക്ക് നേതൃത്വംനൽകുന്ന ബിൻഫീൽഡ് ട്രസ്റ്റ്, കേണൽ കെ.ജി. പണ്ടാല ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെ മാനേജിങ് ട്രസ്റ്റി ശാന്താപിള്ളയ്ക്ക് സാമൂഹിക സേവന പുരസ്കാരം സമ്മാനിച്ചു.

തമിഴ്‌നാട് സർക്കാരിന്റെ മികച്ച എഡിറ്റർ പുരസ്കാരം നേടിയ കരയോഗം അംഗം ടി. മുരളീകൃഷ്ണനെ ആദരിച്ചു. പത്ത്, പന്ത്രണ്ട് പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് കാഷ് അവാർഡുനൽകി. വൽസരവാക്കത്ത് കരയോഗത്തിനു ഭൂമി വാങ്ങാൻ മുൻപന്തിയിൽ പ്രവർത്തിച്ച ജോയിന്റ് സെക്രട്ടറി ശ്രീരംഗൻ, കമ്മിറ്റിയംഗം ശ്രീരാമചന്ദ്രൻ എന്നിവരെയും ആദരിച്ചു. കരയോഗം രക്ഷാധികാരി കെ.കെ. ചന്ദ്രകുമാർ, വനിതാവിഭാഗം ജനറൽ സെക്രട്ടറി രാധാദേവി ശിവശങ്കരൻ എന്നിവർ ആശംസാ പ്രസംഗം നടത്തി. കരയോഗം സെക്രട്ടറി എം.പി. പ്രശാന്ത് കുമാർ സ്വാഗതവും ആഘോഷ കമ്മിറ്റി കൺവീനർ ആർ. പ്രശാന്ത് നന്ദിയും പറഞ്ഞു. കരയോഗം വനിതാ വിഭാഗവും കുട്ടികളും അവതരിപ്പിച്ച കലാപരിപാടികളും ഓണസ്സദ്യയും ഉണ്ടായിരുന്നു.