മൂന്നാം ടെർമിനൽ ഏഴു മാസത്തിനകം

To advertise here,

ചെന്നൈ : നവീകരണ പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടത്തിലായ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ മൂന്നാം ടെർമിനൽ 2027 ഏപ്രിലോടെ പൂർത്തിയാകുമെന്ന് എയർപോർട്ട് ഡയറക്ടർ എം. രാജകിഷോർ അറിയിച്ചു. 2,467 കോടി രൂപ ചെലവിലാണ് ഇതിന്റെ നിർമാണം പുരോഗമിക്കുന്നത്. പുതിയ ടെർമിനൽ യാഥാർഥ്യമാകുന്നതോടെ വിമാനത്താവളത്തിന്റെ യാത്രാ ശേഷി മൂന്ന് കോടിയിൽനിന്ന് 3.5 കോടിയായി ഉയരും. 86,135 ചതുരശ്ര മീറ്ററിലായി നിർമിക്കുന്ന ഈ ടെർമിനലിൽനിന്ന് ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകൾ ഒരുപോലെ പ്രവർത്തിക്കും. ഒരേസമയം 1500-ലധികം ജീവനക്കാരാണ് നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. നിലവിൽ കോൺക്രീറ്റ് പണികൾ 98 ശതമാനവും പൂർത്തിയായി. മേൽക്കൂര നിർമാണം, ഫ്ലോറിങ് എന്നിവ അവസാന ഘട്ടത്തിലാണ്. ലഗേജ് ഹാൻഡ്‌ലിങ് സിസ്റ്റം, കൗണ്ടറുകൾ, ലിഫ്റ്റുകൾ തുടങ്ങിയവയുടെ പണികൾ പൂർത്തിയായി കഴിഞ്ഞു. പ്രവേശനത്തിനും പുറത്തേക്കിറങ്ങുന്നതിനുമായി കൂടുതൽ സൗകര്യപ്രദമായ സംവിധാനങ്ങളും ടെർമിനലിൽ ഒരുക്കിയിട്ടുണ്ട്.

മുൻപ് 2026 ഡിസംബറോടെ നിർമാണം പൂർത്തിയാക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും, പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് വിദേശ രാജ്യങ്ങളിൽ നിന്നുള്ള നിർമാണ സാമഗ്രികളുടെ ലഭ്യത തടസ്സപ്പെട്ടതാണ് പണികൾ നീണ്ടുപോകാൻ കാരണമായത്. ഈ വർഷം ജനുവരി മുതൽ നിർമാണ വേഗം കുറഞ്ഞിരുന്നെങ്കിലും നിലവിൽ പണികൾ അതിവേഗം പുരോഗമിക്കുകയാണ്. പണികൾ വൈകുന്നതിൽ പ്രതിഷേധിച്ച് വിമാനത്താവള പ്രവർത്തനം സ്വകാര്യ ഏജൻസികൾക്ക് കൈമാറണമെന്ന് ചില രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു.

2026 ജനുവരിയോടെ സിവിൽ പണികൾ പൂർത്തിയാക്കി, സുരക്ഷാ പരിശോധനകളും യാത്രാസൗകര്യങ്ങളുടെ ട്രയൽ റണ്ണുകളും നടത്താനാണ് പദ്ധതിയിടുന്നത്. മൂന്നാം ടെർമിനൽ പൂർണ സജ്ജമാകുന്നതോടെ ഒരു മണിക്കൂറിൽ കൈകാര്യം ചെയ്യാവുന്ന വിമാനങ്ങളുടെ എണ്ണം 35-ൽനിന്ന് 45 ആയി ഉയരുമെന്നും അധികൃതർ അറിയിച്ചു.