ബെംഗളൂരു : എസ്.ഐ.ആറിൽ ഫോം 7 അപേക്ഷകൾ കൂട്ടമായിനൽകി മുസ്‍ലിം, ദളിത് വിഭാഗങ്ങളിലുള്ളവരുടെ വോട്ടുകൾ തള്ളാൻ ശ്രമിച്ച ബി.ജെ.പി. നേതാക്കളുൾപ്പെടെയുള്ളവരുടെ പേരിൽ കേസെടുത്ത് കർണാടക പോലീസ്. സംഭവത്തിൽ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കിയതിനു പിന്നാലെയാണ് പോലീസ് നടപടി.
ബെളഗാവി, മൈസൂരു, ബീദർ ജില്ലകളിലാണ് പോലീസ് കേസെടുത്ത്. മൈസൂരുവിൽ ബി.ജെ.പി. ന്യൂനപക്ഷമോർച്ച സംസ്ഥാന പ്രസിഡന്റും മലയാളിയുമായ അനിൽ തോമസ്, സി. ഹരീഷ്‌കുമാർ, എം. രാഘവേന്ദ്ര എന്നിവരുടെപേരിൽ നരസിംഹരാജപുര പോലീസാണ് കേസെടുത്തത്. സാമൂഹിക പ്രവർത്തകനായ സയ്യിദ് ഹസറത്തുള്ള നൽകിയ പരാതിയിലാണ് കേസ്. താനും കുടുംബാംഗങ്ങളും മേൽവിലാസസ്ഥലത്ത് താമസമില്ലെന്ന് ആരോപിച്ച് ഫോം 7 നൽകിയതായി ആരോപിച്ചാണ് പരാതി. വേറെ 28 വോട്ടർമാർക്കെതിരേയും ഇതേ ആരോപണമുന്നയിച്ച് വോട്ടുതള്ളാൻ അപേക്ഷ നൽകിയതായും പരാതിയിൽ പറഞ്ഞു.
ബെളഗാവിയിൽ ബി.ജെ.പി. നേതാവായ രവി പാട്ടീൽ ഉൾപ്പെടെ 25 ആളുകളുടെ പേരിലാണ് കേസ്. 198 മുസ്‌ലിംവോട്ടുകൾ തള്ളാൻ ഫോം 7 നൽകിയതായാണ് ബെളഗാവി മാർക്കറ്റ് പോലീസിൽ നൽകിയ പരാതി.
ബൂത്ത് ലെവൽ ഏജന്റായ മീരാസാബ് സാനഡിയാണ് പരാതി നൽകിയത്. ബീദറിൽ 3244 വോട്ട് തള്ളാൻ ശ്രമിച്ചതിന് ഭാൽകി സ്വദേശി മുഹമ്മദ് അതീഖ് അഹമ്മദ് നൽകിയ പരാതിയിൽ 32 ആളുകളുടെ പേരിലാണ് കേസെടുത്തത്. വഞ്ചന, വ്യാജരേഖചമയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന, സമൂഹത്തിൽ കലാപമുണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. അതേസമയം, പോലീസ് നടപടിയെ ചോദ്യംചെയ്ത് ബി.ജെ.പി. നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സമരം: കേസെടുക്കണമെന്ന് ബി.ജെ.പി.
: കർണാടക മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിനുമുൻപിൽ കുത്തിയിരിപ്പു സമരം നടത്തിയ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെയും മന്ത്രിസഭാംഗങ്ങളുടെയുംപേരിൽ കേസെടുക്കണമെന്ന് ബി.ജെ.പി. ഇക്കാര്യമാവശ്യപ്പെട്ട് നേതാക്കൾ ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണറുടെ ഓഫീസിനുമുൻപിൽ കുത്തിയിരിപ്പുസമരം നടത്തി.
സമരം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതിവിധി ലംഘിച്ചാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിനുമുൻപിൽ ശിവകുമാറും മന്ത്രിമാരും കുത്തിയിരിപ്പുസമരം നടത്തിയതെന്ന് അവർ ആരോപിച്ചു.
ബെംഗളൂരുവിൽ ഫ്രീഡം പാർക്കിൽ സമരം ചെയ്യാൻമാത്രമേ കോടതിയുടെ അനുവാദമുള്ളൂ. ബി.ജെ.പി. സംസ്ഥാന അധ്യക്ഷനും എം.എൽ.എ.യുമായ ബി.വൈ. വിജയേന്ദ്ര, പ്രതിപക്ഷനേതാവ് ആർ. അശോക, കൗൺസിൽ പ്രതിപക്ഷനേതാവ് ചലവാദി നാരായണസ്വാമി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം. തുടർന്ന് പോലീസ് കമ്മിഷണർ സീമന്ദ്കുമാർ സിങ്ങിന് നിവേദനം നൽകി.
ഫോം 7 അപേക്ഷകൾ കൂട്ടമായി നൽകി മുസ്‌ലിം, ദളിത് വിഭാഗങ്ങളുടെ വോട്ടുകൾ തള്ളാൻ ശ്രമം നടന്നതിൽ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് വ്യാഴാഴ്ച ഡി.കെ. ശിവകുമാറും മന്ത്രിമാരും എം.എൽ.എ.മാരും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിനുമുൻപിൽ കുത്തിയിരിപ്പു സമരം നടത്തിയത്.
പരാതിയിൽ അന്വേഷണം നടത്താൻ ഇ.ആർ.ഒ.മാരോട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വി. അൻപുകുമാർ ഉത്തരവിട്ടതിനെത്തുടർന്നാണ് മണിക്കൂറുകൾനീണ്ട സമരത്തിൽനിന്ന് പിന്മാറിയത്.
Published: 03 Oct 2026, 12:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented