പുണെ : മഹാരാഷ്ട്രയിലെ വരൾച്ചബാധിതപ്രദേശങ്ങളിൽ എൻ.സി.പി. മേധാവി ശരദ്പവാർ വെള്ളിയാഴ്ച പര്യടനം ആരംഭിച്ചു. വിളനാശവും ജലക്ഷാമവും സംബന്ധിച്ച് കർഷകരുടെ പ്രശ്നങ്ങൾ സംസ്ഥാന സർക്കാരുമായി ചർച്ചചെയ്യുമെന്ന് അദ്ദേഹം കർഷകർക്ക് ഉറപ്പുനൽകി. പുണെ ജില്ലയിലെ പുരന്ദർ താലൂക്കിലെ ഗ്രാമീണരുമായി സംവദിച്ച മുൻ കേന്ദ്ര കൃഷിമന്ത്രി വിളനാശവും ജലക്ഷാമവും വിലയിരുത്തി.

To advertise here,

മഹാരാഷ്ട്രയിലെ 358 താലൂക്കുകളിൽ 265 എണ്ണത്തേയും സംസ്ഥാന സർക്കാർ വരൾച്ചബാധിതമായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലു മറ്റ് പ്രദേശങ്ങളും കടുത്ത ജലക്ഷാമവും വിളനാശവും നേരിടുന്നുണ്ടെന്ന് പവാർ ചൂണ്ടിക്കാട്ടി. വരൾച്ചാ പ്രഖ്യാപനത്തിൽ ശേഷിക്കുന്ന എല്ലാ താലൂക്കുകളെയും ഉൾപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. വരൾച്ച ഏറ്റവും രൂക്ഷമായ പ്രദേശങ്ങളിലൊന്നാണ് പുരന്ദർ എന്നും ദുരിതാശ്വാസ നടപടികൾ തീരുമാനിക്കുമ്പോൾ സർക്കാർ അടിസ്ഥാന യാഥാർഥ്യം മനസ്സിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സഹകരണ, ദേശസാത്കൃത, സഹകരണ ബാങ്കുകളിൽനിന്നും ക്രെഡിറ്റ് സൊസൈറ്റികളിൽനിന്നും എടുത്ത കാർഷികവായ്പകൾ പൂർണമായും എഴുതിത്തള്ളണമെന്ന് പവാർ ആവശ്യപ്പെട്ടു. തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള മാനദണ്ഡങ്ങളിൽ ഇളവു വരുത്തുക, കുടിവെള്ളത്തിനും കന്നുകാലികൾക്ക് വെള്ളത്തിനായി ടാങ്കറുകൾ എത്തിക്കുക, ബില്ലുകൾ അടയ്ക്കാത്തതിന്റെ പേരിൽ വരൾച്ചബാധിത പ്രദേശങ്ങളിലെ കർഷകരുടെ വൈദ്യുതി വിച്ഛേദിക്കുന്നില്ലെന്ന് ഉറപ്പാക്കുക എന്നിവയാണ് മറ്റ് ആവശ്യങ്ങൾ.