ഉദുമ : ഉദുമ റെയിൽവേ മേൽപ്പാലം നിർമാണത്തിനുള്ള സാമൂഹികാഘാതപഠനം തുടങ്ങി. കളമശ്ശേരി ഔട്ട്റീച്ച് ഏജൻസീസ് രാജഗിരി എന്ന സ്ഥാപനത്തിനാണ് ചുമതല. റിപ്പോർട്ട് സമർപ്പിക്കാൻ ആറുമാസമാണ് സമയം. മൂന്നുമാസത്തിനുള്ളിൽ ഇവർ റിപ്പോർട്ട് കൈമാറുമെന്നാണ് ബന്ധപ്പെട്ടവർ നൽകുന്ന സൂചന.
3000-ഓളം കുട്ടികൾ പഠിക്കുന്ന നാലാംവാതുക്കലിലെ ഉദുമ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, ഉദുമ മൃഗാസ്പത്രി, കൃഷിഭവൻ, കുടുംബാരോഗ്യകേന്ദ്രം, മുല്ലച്ചേരിയിലെ സർക്കാർ ആയുർവേദ ആസ്പത്രി, പോസ്റ്റ് ഓഫീസ്, വില്ലേജ് ഓഫീസ്, വിവിധ ബാങ്കുകൾ തുടങ്ങിയവയിലേക്ക് എത്തുന്നവരെയും ഉദുമ റെയിൽവേ ഗേറ്റ് പലപ്പോഴും കുരുക്കി ഇടാറുണ്ട്. ഉദുമ റെയിൽവേ ഗേറ്റ് അടച്ചാൽ ഇരുഭാഗത്തും വാഹനങ്ങളുടെ നീണ്ടനിരതന്നെയുണ്ടാകും. ചിലപ്പോൾ അരമണിക്കൂറോളം വാഹനഗതാഗതം തടസ്സപ്പെടും. കാഞ്ഞങ്ങാട്-കാസർകോട് സംസ്ഥാനപാതയിൽനിന്ന് നാലാംവാതുക്കൽ മുല്ലച്ചേരി വഴി മൈലാട്ടി ദേശീയപാതയിലേക്കും ബാര-മാങ്ങാട് വഴി ചട്ടഞ്ചാലിലേക്കുമുള്ള പ്രധാന റോഡിലാണ് ഉദുമ റെയിൽവേ ഗേറ്റ്.
ആസ്പത്രികൾ, സ്‌കൂളുകൾ, മറ്റു വിദ്യാഭ്യാസസ്ഥാപനങ്ങൾ, ബാങ്കുകൾ, കച്ചവടസ്ഥാപനങ്ങൾ തുടങ്ങിയ കേന്ദ്രങ്ങളിലേക്ക് പോകുന്നവരുടെ വഴിമുടക്കിയാണ് ഗേറ്റ്. റെയിൽവേ ഗേറ്റുകളില്ലാത്ത സംസ്ഥാനമെന്ന ആശയത്തോടെ കഴിഞ്ഞ സർക്കാർ ഈ മേൽപ്പാല നിർമാണത്തിനായി കിഫ്ബിയിൽപ്പെടുത്തി 36.56 കോടി രൂപ നീക്കിവെച്ചിരുന്നു.
ഈ മേൽപ്പാലത്തിനായി 0.96.60 ആർ (രണ്ടേക്കർ 38 സെന്റ് 70 ലിങ്ക്) ഭൂമി ഏറ്റെടുത്ത് കൊടുക്കണമെന്നാണ് റെയിൽവേ ആവശ്യപ്പെട്ടിരിക്കുന്നത്. സാമൂഹികാഘാതപഠന റിപ്പോർട്ട് കിട്ടിക്കഴിഞ്ഞാൽ മാത്രമേ എത്ര ഭൂമി ഏറ്റെടുക്കേണ്ടിവരും എത്ര കെട്ടിടങ്ങൾ പൊളിക്കേണ്ടിവരുമെന്ന് കൃത്യമായി പറയാൻ കഴിയൂ എന്ന് കിഫ്ബിയുടെ ഭൂമി ഏറ്റെടുക്കൽ വിഭാഗം ഓഫീസിൽ നിന്നറിയിച്ചു. ഭൂമി ഏറ്റെടുപ്പിനുള്ള വിജ്ഞാപനമടക്കമുള്ള തുടർനടപടികളും റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെയാണ് ഉണ്ടാവുക.
വേണ്ടത് റോഡിനും റെയിൽപ്പാളത്തിനും മുകളിലൂടെയുള്ള പാലം
: ഉദുമയിൽ റെയിൽപ്പാളങ്ങളും കാഞ്ഞങ്ങാട്-കാസർകോട് സംസ്ഥാനപാതയും തൊട്ടടുത്തുകൂടിയാണ് കടന്നുപോകുന്നത്. അതിനാൽ സംസ്ഥാനപാതയ്ക്കും ഇരട്ട റെയിൽപ്പാളത്തിനും മുകളിലൂടെ ആണ് മേൽപ്പാലം നിർമിക്കുന്നത്. നാലാംവാതുക്കൽ, മൈലാട്ടി ഭാഗങ്ങളിലേക്ക് പോകുന്നതിന് സംസ്ഥാനപാതയിൽനിന്ന് മേൽപ്പാലം കയറാൻ അനുബന്ധ റോഡ് നിർമിക്കും. അതുപോലെ ഉദുമ പോസ്റ്റ് ഓഫീസ്, ബാങ്ക് ഓഫ് ബറോഡ, കെ.എസ്.എഫ്.ഇ. തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് പോകുന്നതിന് റെയിൽപ്പാളത്തിന്റെ കിഴക്ക് ഭാഗത്തുകൂടി പോകുന്ന നിലവിലെ പാത നിലനിർത്തുകയും വേണം. അതിലേക്ക് എത്താൻ നാലാംവാതുക്കൽ റോഡിൽ മേൽപ്പാലം അവസാനിക്കുന്നതിന്റെ ഇരുവശങ്ങളിലും അനുബന്ധ റോഡുകൾ ഉണ്ടാകും. തൊട്ടപ്പുറം നിർമിക്കുന്ന കോട്ടിക്കുളം റെയിൽവേ മേൽപ്പാലത്തിലേക്ക് ഇതേ സംസ്ഥാനപാതയിൽനിന്ന് നേരിട്ട് പ്രവേശിക്കാൻ കഴിയും.
നിലവിൽ ഉദുമ മേൽപ്പാലം വരുന്ന വഴി അടയാളപ്പെടുത്തി അതിർക്കല്ലുകൾ സ്ഥാപിച്ചിട്ടുണ്ട്. 2020 ഫെബ്രുവരി 11-ന് ഉദുമ റെയിൽവേ മേൽപ്പാലത്തിന്റെ ഡി.പി.ആർ. കിഫ്ബി അംഗീകരിച്ചിരുന്നു. പദ്ധതിയുടെ ജനറൽ അറേഞ്ച്മെന്റ് ഡ്രോയിങ്ങിന് (ജി.എ.ഡി.) റെയിൽവേ 2024-ൽ അംഗീകാരം നൽകി.
Published: 02 Oct 2026, 04:06 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented