നേതൃത്വംനൽകി ബി.കെ. ഹരിപ്രസാദ്

To advertise here,

ബെംഗളൂരു : ബി.ജെ.പി.ക്കെതിരായ രാഷ്ട്രീയ ആരോപണങ്ങളുമായി കർണാടകത്തിൽ കോൺഗ്രസിന്റെ രണ്ടാം ഭാരത് ജോഡോ യാത്രയ്ക്കു തുടക്കം. കെ.പി.സി.സി. അധ്യക്ഷൻ ബി.കെ. ഹരിപ്രസാദിന്റെ നേതൃത്വത്തിൽ നടത്തുന്ന പദയാത്ര ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്രയുടെ മണ്ഡലമായ ശിക്കാരിപുരയിൽനിന്നാണ് ആരംഭിച്ചത്. ബി.ജെ.പി.യുടെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി.എസ്. യെദ്യൂരപ്പ ദീർഘകാലം പ്രതിനിധീകരിച്ച മണ്ഡലമാണ് ശിവമോഗയിലെ ശിക്കാരിപുര.

വിജയേന്ദ്രയുടെ നേതൃത്വത്തിൽ അടുത്തിടെ വരൾച്ച ബാധിച്ച താലൂക്കുകളിലൂടെ നടത്തിയ പ്രതിഷേധ പദയാത്രയിൽ വരൾച്ച പ്രശ്‌നം ഉയർത്തിക്കാട്ടിയില്ലെന്ന് ഉദ്ഘാടനപ്രസംഗത്തിൽ ഹരിപ്രസാദ് പറഞ്ഞു. യെദ്യൂരപ്പയുടെയും വിജയേന്ദ്രയുടെയും പേരിൽ 17 കോടി രൂപയുടെ അഴിമതിയാരോപണവും അദ്ദേഹം ഉന്നയിച്ചു.

രാഹുൽഗാന്ധി 2022-ൽ നടത്തിയ ഭാരത് ജോഡോ യാത്രയുടെ വാർഷികത്തോടനുബന്ധിച്ചാണ് സംസ്ഥാനത്തെ 84 മണ്ഡലങ്ങളിലൂടെയുള്ള പദയാത്ര സംഘടിപ്പിച്ചത്. മന്ത്രിമാരായ യതീന്ദ്ര സിദ്ധരാമയ്യ, കെ.എസ്. ബസവന്തപ്പ എന്നിവരും ഒട്ടേറെ മുതിർന്ന നേതാക്കളും പദയാത്രയിൽ അനുഗമിച്ചു. പ്രവർത്തകർ യാത്രയിൽ അണിചേർന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തോറ്റ 84 നിയോജകമണ്ഡലങ്ങളിൽ 84 ദിവസത്തെ യാത്ര എത്തിച്ചേരും.

ശിക്കാരിപുരയിലെ കിട്ടടഹള്ളിയിൽനിന്നാണ് പദയാത്ര ആരംഭിച്ചത്. പ്രദേശത്തു സ്ഥാപിച്ച കോൺഗ്രസ് പതാകകളും ബോർഡുകളും ചിലർ നശിപ്പിച്ചത് പ്രതിഷേധത്തിനിടയാക്കി. ഇതിനുപിന്നിൽ വിജയേന്ദ്രയാണെന്ന് ഹരിപ്രസാദ് ആരോപിച്ചു. വിജയേന്ദ്ര ഇപ്പോഴും എൽ.കെ.ജി. കുട്ടിയെപ്പോലെയാണെന്നും അദ്ദേഹം പറഞ്ഞു. ആദ്യ ദിവസം യാത്ര 10 കിലോമീറ്റർ പിന്നിട്ടു. വൈകീട്ട് എ.പി.എം.സി. മൈതാനത്ത് പൊതുസമ്മേളനവുമുണ്ടായി.