ഇന്ത്യയിലെ ആദ്യത്തെ പദ്ധതി

To advertise here,

മൈസൂരു : ശിവമോഗയിലെ ജോഗ് വെള്ളച്ചാട്ടത്തിൽ വർഷം മുഴുവൻ സഞ്ചാരികളെ ആകർഷിക്കാൻ കൂടുതൽ വികസനപ്രവർത്തനങ്ങളുമായി ടൂറിസം വകുപ്പ്. എല്ലാ സീസണിലുമുള്ള വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റുന്നതിനുള്ള പദ്ധതിയാണ് സർക്കാർ വിഭാവനംചെയ്യുന്നത്. ഇതിനായി വർഷം മുഴുവനും ജലപ്രവാഹം ഉറപ്പാക്കാൻ മലമുകളിൽനിന്ന് വെള്ളം പമ്പുചെയ്യുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തും.

വരൾച്ച രൂക്ഷമാകുന്ന സാഹചര്യത്തിൽ ജോഗിൽ വെള്ളം കുറവാകും. ഈ സമയം സഞ്ചാരികൾ എത്താറേയില്ല. ഇതിന് പരിഹാരം കാണാനാണ് ശ്രമം. ഇതിന് ആവശ്യമായ സാങ്കേതികപഠനങ്ങളും നിയമപരമായ അംഗീകാരങ്ങളും വേഗത്തിലാക്കുമെന്നും ടൂറിസം വകുപ്പ് അധികൃതർ അറിയിച്ചു.

വെള്ളച്ചാട്ടത്തിന്റെ മുകൾഭാഗത്തേക്ക് വെള്ളം പമ്പുചെയ്യുന്നതിനുള്ള സംവിധാനത്തിന്റെ സമഗ്രമായ സാധ്യതാ വിലയിരുത്തൽ നടത്താൻ ടൂറിസം മന്ത്രി കെ.ജെ. ജോർജ് ഉദ്യോഗസ്ഥരോട് നിർദേശിച്ചു. ആവശ്യമായ വെള്ളത്തിന്റെ അളവ്, പമ്പിങ് ശേഷി, വൈദ്യുതി ഉപഭോഗം, പ്രവർത്തനച്ചെലവ്, ദീർഘകാല സാമ്പത്തികസാധ്യത എന്നിവയും പഠനം പരിശോധിക്കും. കർണാടക പവർ കോർപ്പറേഷൻ ലിമിറ്റഡ്, കർണാടക വൈദ്യുതി നിയന്ത്രണ കമ്മിഷൻ എന്നിവയുമായി ബന്ധപ്പെട്ട ആവശ്യമായ അംഗീകാരങ്ങൾ വേഗത്തിലാക്കാനും അദ്ദേഹം നിർദേശിച്ചു.

വൈദ്യുതിലഭ്യതയുമായി ബന്ധപ്പെട്ട വെല്ലുവിളികൾ കണക്കിലെടുത്ത്, സൗരോർജം ഉൾപ്പെടെയുള്ള ബദൽ ഊർജ പരിഹാരങ്ങളുടെ സാങ്കേതികവിലയിരുത്തലും മന്ത്രി തേടി. കർണാടകയിലെ പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ് ജോഗ് വെള്ളച്ചാട്ടം. വർഷം മുഴുവനും സന്ദർശകരെ ആകർഷിക്കുന്ന ഒരു സ്ഥലമാക്കി അതിനെ വികസിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. സംവിധാനം യാഥാർഥ്യമായാൽ പ്രകൃതിദത്ത വെള്ളച്ചാട്ടത്തിൽ പമ്പിങ് ഏർപ്പെടുത്തുന്നത് ആദ്യം ജോഗിലായിരിക്കുമെന്നും മന്ത്രി അറിയിച്ചു. സന്ദർശകനിയന്ത്രണം ഉറപ്പാക്കുന്നതിന് രാവിലെയും വൈകീട്ടും നിശ്ചിതസമയം വെള്ളച്ചാട്ടം നിയന്ത്രിതമായി കാണിക്കാനാണ് ഉദ്ദേശ്യമെന്നും മന്ത്രി അറിയിച്ചു.