ഫ്രീഡം പാർക്കിലേക്ക് പാറ്റകളുടെ പ്രവാഹം

To advertise here,

ബെംഗളൂരു : മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കുമെതിരായ മുദ്രാവാക്യങ്ങളാൽ ബെംഗളൂരുവിലെ ഫ്രീഡം പാർക്ക് പ്രകമ്പനം കൊണ്ടു. വ്യാഴാഴ്ച രാവിലെ മുതൽ നഗരത്തിന്റെ എല്ലാഭാഗത്ത് നിന്നും ഒഴുകിയെത്തിയ ജെൻസികളുടെ സമരാവേശം എസ്.ഐ.ആറിന് എതിരായ പുതിയ പോർമുഖം തുറന്നു. നടൻ പ്രകാശ് രാജിന്റെ നേതൃത്വത്തിൽ ജനകീയ സംഘടനകൾ സംഘടിപ്പിച്ച 'ജനങ്ങളുടെ കോടതി'യിൽ പുതിയതലമുറയുടെ രോഷം ആളിക്കത്തുകയായിരുന്നു.

കോക്രോച്ച് ജനതാപാർട്ടിയുടെ നേതൃത്വത്തിൽ നടത്തുന്ന ചപ്പൽ പ്രതിഷേധത്തിന് മുന്നോടിയായിട്ടാണ് ജനങ്ങളുടെ കോടതി നടത്തിയത്. കർണാടകത്തിൽ നടത്തിയ എസ്.ഐ.ആറിന് എതിരായി ജനകീയ സംഘടനകൾ നടത്തുന്ന പോരാട്ടങ്ങളുടെ ഭാഗമായിട്ടായിരുന്നു ഈ ജനകീയ വിചാരണ. സി.ജെ.പി. നേതാക്കളായ അഭിജീത് ദീപ്‌കെ, സൗരവ് ദാസ്, ഐഷി ഘോഷ്, അശുതോഷ് റാങ്ക എന്നിവർക്ക് ഒപ്പം ബി.ജെ.പിയുടെയും മോദിയുടെയും കടുത്തവിമർശകനായ യുറ്റ്യൂബർ ധ്രുവ് റാത്തിയുടെ സർപ്രൈസ് എൻട്രിയും ചെറുപ്പക്കാർക്ക് ആവേശം പകർന്നു. നരേന്ദ്ര മോദി ജനാധിപത്യത്തെ കശാപ്പ് ചെയ്തുവെന്ന് അഭിജിത് ദീപ്‌കെ ആരോപിച്ചു. ഗ്യാനേഷ് കുമാർ രാജിവെയ്ക്കും വരെ സമരം തുടരും. രാജ്യത്തെ തെരുവുകളിൽ സമരം ആളിക്കത്തും. മഹാത്മാഗാന്ധി രാജ്യത്തിന്റെ ആത്മാവും ഡോ. ബി.ആർ. അംബേദ്കർ നട്ടെല്ലും നെഹ്‌റു രാജ്യത്തിന്റെ മനസുമാണെന്നും അഭിജിത് കൂട്ടിച്ചേർത്തു. എസ്.ഐ.ആർ. നടപടികളിൽ സുതാര്യതയും വിശ്വാസ്യതയും ഒട്ടുമില്ലെന്ന് ധ്രുവ് റാത്തി ആരോപിച്ചു. എസ്.ഐ.ആർ. പൂർണമായും റദ്ദാക്കമെന്ന് സമരത്തിന് നേതൃത്വം നൽകിയ നടൻ പ്രകാശ് രാജ് ആവശ്യപ്പെട്ടു. മോദിയുടെയും അമിത് ഷായുടെയും ആജ്ഞ അനുസരിച്ചാണ് ഗ്യാനേഷ് കുമാർ വോട്ടുമോഷണം നടത്തുന്നതെന്ന് പ്രകാശ് രാജ് ആരോപിച്ചു.

ഗൃഹജ്യോതിപദ്ധതി ഗുണഭോക്താക്കളും പ്രതിസന്ധിയിൽ

: വോട്ടർപട്ടിക പരിഷ്കരണം (എസ്.ഐ.ആർ.) മൂലം കർണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ വാഗ്ദാനപദ്ധതിയിലെ ഗുണഭോക്താക്കളും പ്രതിസന്ധിയിൽ. 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി ലഭ്യമാക്കുന്ന ഗൃഹജ്യോതി പദ്ധതിയുടെ ഗുണഭോക്താക്കളാണ് വെട്ടിലായിരിക്കുന്നത്. അനർഹരെ ഒഴിവാക്കാനുള്ള പുനഃപരിശോധനയിൽ രേഖകൾ സമർപ്പിക്കാൻ കഴിയാത്ത സ്ഥിതിയിലാണ് 35 ലക്ഷത്തോളം ഗുണഭോക്താക്കൾ.

കർണാടകത്തിൽ വോട്ടവകാശമുള്ളവരെമാത്രമാണ് ഗൃഹജ്യോതി അടക്കം സർക്കാരിന്റെ വാഗ്ദാനപദ്ധതികളിൽ ഉൾപ്പെടുത്തുന്നത്. ഗൃഹജ്യോതി പദ്ധതി ഗുണഭോക്താക്കളുടെ പുനഃപരിശോധനയിൽ വോട്ടർ തിരിച്ചറിയൽ കാർഡ് വിവരങ്ങൾ നൽകണം. കാർഡ് വിവരങ്ങൾ നൽകുന്നവരുടെ പേര് വോട്ടർപ്പട്ടികയിലുണ്ടായിരിക്കുകയും വേണം.

മുൻ പട്ടികയിലുണ്ടായിരുന്ന 1.07 കോടി പേർ എസ്.ഐ.ആർ. നടപടിയുടെ ഭാഗമായി പുറത്തിറക്കിയിരിക്കുന്ന കരട് വോട്ടർപ്പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. അതിനാൽ ഇവർക്ക് ഗൃഹജ്യോതി പദ്ധതിയിൽ രേഖ സമർപ്പിക്കാൻ കഴിയാത്ത സ്ഥിതിയാണ്.