1999-ലെ കാർഗിൽ യുദ്ധകാലത്ത് നിയന്ത്രണരേഖയ്ക്ക് അരികിൽ സേവനമനുഷ്ഠിച്ചു
മുംബൈ : അഭിനയത്തിനായി യൂണിഫോം അണിഞ്ഞ നടൻ പിന്നീട് യഥാർഥ പട്ടാളക്കാരനായി അതിർത്തിയിലെത്തിയ കഥയാണ് നാനാ പടേക്കറുടെ ജീവിതത്തിലെ ഏറ്റവുംഅപൂർവമായ അധ്യായം. സ്‌ക്രീനിൽ ഉഗ്രരൂപിയായിരുന്ന അദ്ദേഹം 1999-ലെ കാർഗിൽ യുദ്ധകാലത്ത് നിയന്ത്രണരേഖയ്ക്കരികിൽ സേവനമനുഷ്ഠിച്ചു.
1991-ൽ പുറത്തിറങ്ങിയ പ്രഹാർ: ദ ഫൈനൽ അറ്റാക്ക് നാനാ സംവിധാനം ചെയ്ത ചിത്രമാണ്. ഇതിൽ സൈനികോദ്യോഗസ്ഥനായി അഭിനയിക്കാൻ അദ്ദേഹം മൂന്നുവർഷത്തോളം സൈനികപരിശീലനം നേടി. മറാഠാ ലൈറ്റ് ഇൻഫൻട്രി റെജിമെന്റിനൊപ്പമായിരുന്നു പരിശീലനം. ഈ പരിശീലനത്തിനുശേഷം അദ്ദേഹത്തിന് ടെറിട്ടോറിയൽ ആർമിയിൽ ക്യാപ്റ്റൻ പദവി ലഭിച്ചു. ആ അനുഭവം പിന്നീട് ഒരു ചലച്ചിത്രവേഷത്തിനപ്പുറത്തേക്ക് വളർന്നു.
1999-ൽ കാർഗിൽ യുദ്ധം തുടങ്ങിയപ്പോൾ രാജ്യം മുഴുവൻ ഒറ്റക്കെട്ടായിനിന്ന ആ ഘട്ടത്തിൽ സൈനികർക്കൊപ്പം ചേരണമെന്ന് നാനാ തീരുമാനിച്ചു. ആദ്യം സൈനികോദ്യോഗസ്ഥരെ സമീപിച്ചപ്പോൾ അനുമതി ലഭിച്ചില്ല. അന്നത്തെ പ്രതിരോധമന്ത്രി ജോർജ് ഫെർണാണ്ടസിനെ നേരിട്ട് വിളിച്ചതിനുശേഷമാണ് അദ്ദേഹത്തിന് വഴി തുറന്നത്. ‘കോൻ ബനേഗാ ക്രോർപതി’ വേദിയിൽ അമിതാഭ് ബച്ചനുമായുള്ള സംഭാഷണത്തിൽ അദ്ദേഹംതന്നെ ഇക്കാര്യം ഓർത്തെടുത്തിരുന്നു.
1999 ഓഗസ്റ്റിൽ ഓണററി ക്യാപ്റ്റൻ പദവിയിൽ നിയോഗിക്കപ്പെട്ട നാനാ നിയന്ത്രണരേഖയ്ക്കരികിൽ രണ്ടാഴ്ചയിലേറെ ചെലവഴിച്ചു. ദ്രുതകർമസേനയ്ക്കൊപ്പം പ്രവർത്തിച്ച അദ്ദേഹം ബാരാമുള്ള, സോപോർ, കുപ്‌വാര, ദ്രാസ് തുടങ്ങിയ പ്രദേശങ്ങളിൽ സേവനമനുഷ്ഠിച്ചതായി റിപ്പോർട്ടുകളുണ്ട്. ആ കാലത്ത് ഏകദേശം 20 കിലോഗ്രാ ഭാരം കുറഞ്ഞതായി ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരുന്നു.
കാർഗിലിലെ സേവനത്തിനുശേഷം അദ്ദേഹം സിനിമയിലേക്ക് മടങ്ങി. എന്നാൽ, ടെറിട്ടോറിയൽ ആർമിയുമായുള്ള ബന്ധം തുടർന്നു. 2013-ൽ ലെഫ്റ്റനന്റ് കേണൽ പദവിയിൽ അദ്ദേഹം വിരമിച്ചു. സിനിമയിലെ സൈനികവേഷങ്ങൾക്ക് നാനായുടെ കൈകളിൽ വിശ്വാസ്യത ലഭിച്ചതിനു പിന്നിലും ഈ പശ്ചാത്തലമുണ്ടായിരുന്നു.
Published: 08 Oct 2026, 11:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented