ആവശ്യമുന്നയിച്ച് ലോക്ഭവനിലെത്തി എൻ.ഡി.എ. നേതാക്കൾ
ബെംഗളൂരു : കർണാടകത്തിൽ എസ്.ഐ.ആറിലെ കൂട്ടമായുള്ള വോട്ടുതള്ളൽ ശ്രമത്തിൽ പോലീസ് കേസ് രജിസ്റ്റർചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് ഗവർണറെ സമീപിച്ച് എൻ.ഡി.എ. നേതാക്കൾ.
പ്രവർത്തകരുടെപേരിൽ ക്രിമിനൽക്കേസെടുക്കുന്നത് അവസാനിപ്പിക്കാൻ സർക്കാരിന് നിർദേശം നൽകണമെന്ന് ഗവർണർ താവർചന്ദ് ഗഹ്‌ലോത്തിന് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.
ബി.ജെ.പി. നേതാക്കളുടെയും പ്രവർത്തകരുടെയും പേരിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പോലീസ് കേസെടുത്തിരിക്കുന്നത്. കേന്ദ്രമന്ത്രിമാരായ എച്ച്.ഡി. കുമാരസ്വാമി, ശോഭാ കരന്തലജെ, പ്രതിപക്ഷനേതാവ് ആർ. അശോക, നിയമനിർമാണ കൗൺസിൽ പ്രതിപക്ഷനേതാവ് ചലവാദി നാരായണസ്വാമി എന്നിവരുടെ നേതൃത്വത്തിൽ നേതാക്കൾ ലോക്ഭവനിലെത്തി ഗവർണറെ നേരിട്ടുകണ്ടാണ് കത്ത് നൽകിയത്. കോൺഗ്രസ് സർക്കാർ പോലീസിൽ സ്വാധീനം ചെലുത്തി എസ്.ഐ.ആർ. പ്രക്രിയയിൽ ഇടപെടുകയാണെന്ന് കത്തിൽ ആരോപിച്ചു. ഫോം 7 നൽകി വോട്ടർപട്ടികയിൽ എതിർപ്പുന്നയിക്കുന്നത് 1960-ലെ രജിസ്‌ട്രേഷൻ ഓഫ് ഇലക്ടേഴ്‌സ് റൂൾസ് പ്രകാരം നിയമവിധേയമാണെന്നും കേസ് നടപടികളിലൂടെ ഈ പ്രക്രിയയിൽ സർക്കാർ ഭീതിജനിപ്പിക്കുകയാണെന്നും ആരോപിച്ചു. എന്നാൽ, കൂട്ടമായി ഫോം 7 നൽകി മുസ്‌ലിം, ദളിത് വിഭാഗങ്ങളുടെ വോട്ടുകൾ തള്ളാൻ ബി.ജെ.പി. ശ്രമം നടത്തുകയാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. ഫോം 7-ൽ വ്യാജമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ആക്ഷേപമുന്നയിച്ച് വോട്ടുതള്ളാൻ അപേക്ഷ നൽകുന്നത് കുറ്റകരമാണ്.
Published: 07 Oct 2026, 12:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented