ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്-ഗാർമെന്റ് ടെക്നോളജിക്ക് നാലരപ്പതിറ്റാണ്ട് പിന്നിട്ടിട്ടും
ചൗക്കി : വിദ്യാർഥികൾക്ക് ഗുണമേന്മയുള്ള സാങ്കേതിക വിദ്യാഭ്യാസവും തൊഴിൽപരമായ പരിശീലനവും നൽകിവരുന്ന ജില്ലയിലെ സർക്കാർ സ്ഥാപനമാണ് ബെദ്രട്ക്കയിൽ (ചൗക്കി) പ്രവർത്തിക്കുന്ന ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് -ആൻഡ് ഗാർമെന്റ് ടെക്നോളജി. 1982-ൽ തളങ്കരയിൽ വാടകക്കെട്ടിടത്തിൽ തുടങ്ങിയ സ്ഥാപനത്തിന് നാലര പതിറ്റാണ്ട് പിന്നിട്ടിട്ടും സ്വന്തമായി കെട്ടിടമില്ല. അമ്പതോളം വിദ്യാർഥികൾ തൊഴിൽ പരിശീലനം തേടുന്നുണ്ട്.
കാസർകോട് പുതിയ ബസ്‌സ്റ്റാൻഡ് വാടകക്കെട്ടിടത്തിലും പിന്നീട് ചൗക്കി കോ ഓപ്പറേറ്റീവ് സൊസൈറ്റി വാടക കെട്ടിടത്തിലും തുടർന്ന് 2009 മുതൽ ബെദ്രട്ക്കയിലുള്ള ഗവ. ടെക്നിക്കൽ ഹൈസ്കൂൾ കാമ്പസിലുമാണ് പ്രവർത്തിച്ചുവരുന്നത്. പത്താം ക്ലാസ് പഠനത്തിനുശേഷം രണ്ടുവർഷത്തെ ഫാഷൻ ഡിസൈനിങ് -ഗാർമെന്റ് ടെക്നോളജി കോഴ്സ് തിരഞ്ഞെടുക്കുന്നവരാണ് ഇവിടെയെത്തുന്നത്. മാറിവരുന്ന ഫാഷൻ വ്യവസായത്തിനും ആധുനിക സാങ്കേതികവിദ്യകൾക്കും അനുസരിച്ച് വിദ്യാർഥികളുടെ നൈപുണ്യം വികസിപ്പിക്കുന്നതിനും സ്ഥാപനവും, കോഴ്സും ശ്രദ്ധേയമായ പങ്കുവഹിക്കുന്നുണ്ട്.
സ്ഥാപനത്തിലെ അടിസ്ഥാനസൗകര്യങ്ങളുടെ പരിമിതി പഠനത്തിനും പരിശീലനത്തിനും പര്യാപ്തമല്ലെന്ന് പി.ടി.എ. ഭാരവാഹികൾ പറയുന്നു. ക്ലാസ് മുറികളുടെയും മറ്റ് അനുബന്ധ സൗകര്യങ്ങളുടെയും അഭാവം പഠന, പരിശീലന പ്രവർത്തനങ്ങളെ ബാധിക്കുന്നു.
ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെയാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. കെട്ടിട നിർമാണത്തിനായി സർക്കാറിൽ നേരത്തേ പ്രൊപ്പോസൽ സമർപ്പിച്ചതാണെങ്കിലും തുടർനടപടികൾ ഉണ്ടായില്ല.
ഫാഷൻ ഡിസൈനിങ് പോലുള്ള പ്രായോഗികാധിഷ്ഠിത സാങ്കേതിക വിദ്യാഭ്യാസത്തിന് ആവശ്യമായ ആധുനിക ലാബുകളും, വർക്ക് ഷോപ്പുകളും ഉൾക്കൊള്ളുന്ന വിശാലമായതും സ്വന്തമായതുമായ കെട്ടിടം അനുവദിക്കണമെന്ന് പി.ടി.എ. വൈസ് പ്രസിഡൻറ് അഷ്റഫ് പെർവാഡ് ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച് കല്ലട്ര മാഹിൻ എം.എൽ.എ.യ്ക്ക് നിവേദനവും നൽകിയിട്ടുണ്ട്.
Published: 08 Oct 2026, 04:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented