റാന്നി : ആദ്യം ഫണ്ട് ക്ഷാമം, പിന്നീട് വീതി സംബന്ധിച്ച തർക്കം. ഒടുവിൽ രണ്ടും കല്പിച്ച് റോഡ് പണിയാൻ നടപടിയെടുത്തപ്പോൾ കോടതിയിൽ കേസും. എന്തായാലും ഇനി പണി നടക്കണമെങ്കിൽ കോടതി തീരുമാനം വരണം. ശബരിമല അനുബന്ധപാതയായ റാന്നി-ചെറുകോൽപ്പുഴ റോഡിന്റെ അവസ്ഥയാണിത്. ഈ റോഡ് മാത്രം ഒരിക്കലും നന്നാകാൻ പോകുന്നില്ലെന്ന് വേദനയോടെ നാട്ടുകാർ പറയുന്നു. കാരണം റോഡ് വികസനം ഇപ്പം നടക്കുമെന്ന് പറയാൻ തുടങ്ങിയിട്ട് 10 വർഷത്തിലേറെയായി. ഫണ്ടനുവദിച്ചിട്ട് തന്നെ അഞ്ചുവർഷം പിന്നിട്ടു.
തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന പാത കൂടിയായ ചെറുകോൽപ്പുഴ റോഡിന്റെ വികസനത്തിനായി നാട്ടുകാർ നടക്കാൻ തുടങ്ങിയിട്ട് കാൽ നൂറ്റാണ്ടിലേറെയായി. വീതികുറഞ്ഞ റോഡ് വളവുകളേറെയാണ്. വീതികൂട്ടുന്നതിനാവശ്യമായ സ്ഥലം ഭൂഉടമകൾ വിട്ടുതന്നാൽ റോഡ് വികസനം യാഥാർഥ്യമാക്കാമെന്നായിരുന്നു ആദ്യ ഉറപ്പ്. രാജു ഏബ്രഹാം എം.എൽ.എ. ആയിരിക്കെ നാട്ടുകാർ രംഗത്തെത്തി ഭൂഉടമകളിൽനിന്ന് സമ്മതപ്പത്രം ശേഖരിച്ചു.
കെ.ആർ.എഫ്.ബി. ഏറ്റെടുത്ത് നിർമിക്കാൻ ഉദ്ദേശിച്ചിരിക്കുന്ന ചെറുകോൽപ്പുഴ-മണിയാർ റോഡിന്റെ ചെറുകോൽപ്പുഴ മുതൽ റാന്നി വരെയുള്ള ആദ്യ റീച്ചാണ് ആദ്യഘട്ട നിർമാണത്തിനായി തിരഞ്ഞെടുത്തത്. കുമ്പളന്താനം-മണിയാർ റോഡിന് തയ്യാറാക്കിയ പദ്ധതി ചെറുകോൽപ്പുഴ റോഡിന്റെ വികസനം വൈകുന്നതിലുള്ള പ്രതിഷേധം ശക്തമായപ്പോൾ ചെറുകോൽപ്പുഴ-മണിയാറാക്കി മാറ്റുകയായിരുന്നു. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് ചെറുകോൽപ്പുഴ മുതൽ റാന്നി വരെയുള്ള എട്ടുകിലോമീറ്റർ ദൂരം നവീകരിക്കാൻ നടപടികൾ തുടങ്ങിയത്. 2018-ൽ റോഡ് വീതികൂട്ടി നവീകരിക്കുന്നതിന് 54.61 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി. പിന്നീട് ഇതനുസരിച്ചുള്ള ഫണ്ട് അനുവദിച്ച് 2021-ൽ ടെൻഡർ ചെയ്തെങ്കിലും അന്നത്തെ നിരക്കിൽ കരാറുകാരാരും പണി ഏറ്റെടുത്തില്ല.
2021-ലെ നിരക്ക് പ്രകാരം എസ്റ്റിമേറ്റ് പുതുക്കേണ്ടി വന്നു. റോഡ് നവീകരണത്തിനായി പ്രമോദ് നാരായൺ എം.എൽ.എ. ശ്രമം നടത്തിയതിന്റെ ഫലമായി പുതുക്കിയ നിരക്കിൽ അധികം ആവശ്യമായ 6.72 കോടി രൂപയ്ക്ക് അനുമതി ലഭിച്ചു. ഇതിനിടയിലാണ് വീതി സംബന്ധിച്ച് തർക്കങ്ങൾ ഉടലെടുത്തത്. 13.6 മീറ്റർ വീതിയിൽ നവീകരിക്കാനാണ് കിഫ്ബി ആദ്യം പദ്ധതി തയ്യാറാക്കിയത്. ഇതിനായാണ് സ്ഥലം ഏറ്റെടുക്കുന്നതിനടക്കം ഫണ്ടനുവദിച്ചത്. പിന്നീടിത് 10.5 മീറ്ററാക്കിയതോടെയാണ് തർക്കം രൂക്ഷമായത്. നാട്ടുകാരിൽ രണ്ട് അഭിപ്രായങ്ങളായതോടെ നടപടികൾ ഏതാണ്ട് നിലച്ചു. ഭൂഉടമകളിൽ ഒരുവിഭാഗത്തിന്റെ താല്പര്യം കണക്കിലെടുത്താണ് വീതി കുറച്ചതെന്ന വാദം ഉയർന്നു. റോഡ് വികസിപ്പിക്കുന്നുവെങ്കിൽ 13.6 മീറ്റർ വീതിയലാവണമെന്ന് മറുവിഭാഗവും. ഒടുവിൽ 10.5 മീറ്റർ വീതിയിൽ ടാറിങ് നടത്തുന്നതിന് 2025 ജനുവരിയോടെ റോഡിന്റെ പുതുക്കിയ എസ്റ്റിമേറ്റ് തുകയായ 61.33 രൂപയ്ക്ക് കെ.ആർ.എഫ്.ബി. ഭരണാനുമതി നൽകി.പിന്നീടാണ് ഇതിൽ കോടതിയിലേക്ക് പരാതിയെത്തിയത്.
കോടതിയിലെത്താൻ ഇടയാക്കിയത്
:ടെൻഡർ നടപടിയിലേക്ക് കാര്യങ്ങൾ നീങ്ങുമ്പോഴാണ് നാട്ടുകാരനായ എസ്. പ്രിൻസ് ഹൈക്കോടതിയെ സമീപിച്ചത്. സംസ്ഥാന സർക്കാർ 13.6 മീറ്റർ വീതിയിൽ നിർമിക്കാൻ തയ്യാറാക്കിയ പദ്ധതിയിൽ വീതികുറയ്ക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അവകാശമില്ലെന്നും വീതിയിൽ മാറ്റം വരുത്തി പണികൾ ടെൻഡർ ചെയ്യുന്നത് തടയണമെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം. അതോടെ നടപടികൾ നിലച്ചു. അടുത്ത ഫെബ്രുവരിയിലാണ് കേസ് കോടതി ഇനി പരിഗണിക്കുന്നതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു. എന്തായാലും ഇതിനൊരു തീരുമാനമുണ്ടായില്ലെങ്കിൽ റോഡ് വികസനം അനിശ്ചിതത്വത്തിൽ തുടരും. റോഡിന്റെ മിക്കഭാഗങ്ങളും തകർന്നനിലയിലാണ്. റീടാറിങ് നടത്താതെ, പലതവണ കുഴികളടച്ച റോഡിലൂടെ യാത്ര ചെയ്യുമ്പോൾ ശരീരവേദന അനുഭവപ്പെടുന്ന സ്ഥിതിയാണ്.
Published: 29 Oct 2026, 01:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented