കഴക്കൂട്ടം : വീടിന് തീപിടിച്ച് അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു.

To advertise here,

മൺവിള കോട്ടൂർ തലവരമ്പ് മേലേ ഭാഗത്ത് രഞ്ജിത് ഭവനിൽ സുജിത് (38) ആണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. അപകടത്തിൽ സഹോദരൻ രഞ്ജിത്തിനും(40) പരിക്കേറ്റു.

ബുധനാഴ്ച ഉച്ചയ്ക്ക് 2.15-ഓടെയായിരുന്നു അപകടം. സുജിത്തും ഭാര്യയും മകളും വീടിന്റെ മുകളിലത്തെ നിലയിലും മാതാപിതാക്കളും സഹോദരനും താഴത്തെ നിലയിലുമാണ് താമസം. സംഭവസമയത്ത് മറ്റുള്ളവർ ജോലിക്ക് പോയിരുന്നതിനാൽ സുജിത്തും രഞ്ജിത്തും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന്റെ ഒന്നാം നിലയിൽ നിന്നാണ് തീ പടർന്നത്. ശൗചാലയത്തിൽനിന്ന് വെള്ളമൊഴിച്ച് തീ അണയ്ക്കാൻ സുജിത്ത് ശ്രമിച്ചെങ്കിലും തീ അതിവേഗം പടരുകയായിരുന്നു.

പുകയും തീയും മുറിക്കുള്ളിൽ പടർന്നതോടെ പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യത്തിൽ ശുചിമുറിയിൽ കയറി വാതിലടയ്ക്കുകയും ഫോണിലൂടെ സുഹൃത്തുക്കളെ വിവരമറിയിക്കുകയുമായിരുന്നു. ഈ സമയം താഴത്തെ നിലയിലായിരുന്ന രഞ്ജിത്ത് അപകടത്തിൽപ്പെട്ടു

തീ അതിവേഗം മുറിയിലേക്കും വീടിന്റെ മറ്റ് ഭാഗങ്ങളിലേക്കും പടർന്നുപിടിക്കുകയായിരുന്നു.

നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് കഴക്കൂട്ടം അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ശുചിമുറിയിൽ അകപ്പെട്ട സുജിത്തിനെ പുറത്തെടുക്കാൻ വാതിൽ പൊളിക്കേണ്ടി വന്നു. അപ്പോഴേക്കും സുജിത്തിന് ഗുരുതരമായി പൊള്ളലേറ്റിരുന്നു.

തുടർന്ന് അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ സുജിത്തിനെയും സഹോദരൻ രഞ്ജിത്തിനെയും ഉടനെ 108 ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും സുജിത്തിനെ രക്ഷിക്കാനായില്ല.

കഴക്കൂട്ടം അഗ്നിരക്ഷാ നിലയത്തിലെ അസിസ്റ്റന്റ് ഫയർ ഓഫീസർ രമേശ്, സിവിൽ ഫയർ ഓഫീസർമാരായ അൻവർ, സുബിൻ, അനുരാഗ്, അനു ആർ.നായർ എന്നിവരടങ്ങുന്ന സംഘമാണ് രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്.

ഷോർട് സർകീട്ട് കൊണ്ടുള്ള തീപിടിത്തമുണ്ടാകുകയും അത് അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ സുജിത് മരണപ്പെട്ടതാവാമെന്നാണ് പിതാവ് പോലീസിൽ മൊഴി നൽകിയിട്ടുള്ളത്. എന്നാൽ തീപിടിത്തത്തിന്റെ വ്യാപ്തിയും സാഹചര്യങ്ങളും പരിശോധിച്ച് സംഭവത്തിൽ ദുരൂഹതയുണ്ടാവാമെന്ന സംശയത്തിലാണ് പോലീസ്. ഇത് സംബന്ധിച്ച് കഴക്കൂട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡ്രൈവറായിരുന്നു മരിച്ച സുജിത്. ഭാര്യ : അർച്ചന. മകൾ: കാർത്തിക സുജിത്ത്. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.