ചിറയിൻകീഴ് : മുതലപ്പൊഴി അഴിമുഖം സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായുള്ള പുലിമുട്ട് നവീകരണം പുരോഗമിക്കുന്നു. 300 മീറ്റർ നിർമാണം പൂർത്തിയായിക്കഴിഞ്ഞു. 425 മീറ്റർ നീളമാണ് കൂട്ടേണ്ടത്. അഴിമുഖം വടക്കുവശത്ത് വരുന്ന വിധമാണ് നിർമാണം പുരോഗമിക്കുന്നത്. കല്ലുകളുടെ ലഭ്യതയിൽ തടസ്സം നേരിട്ടില്ലെങ്കിൽ നിർമാണം ജനുവരിയോടെ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് കരാർ കമ്പനി.
എന്നാൽ ഫണ്ട് ലഭിക്കുന്നതിൽ കാലതാമസം നേരിടുന്നതായി പരാതിയുണ്ട്. തുറമുഖം പ്രവർത്തനസജ്ജമായശേഷം ഇതുവരെ ഒട്ടേറെ വള്ളങ്ങളാണ് ഇവിടെ അപകടത്തിൽപ്പെട്ടത്. എഴുപതിലധികം തൊഴിലാളികൾക്ക് ജീവൻ നഷ്ടമായി. നിരവധി പേർക്ക് പരിക്കേറ്റു. വള്ളവും വലയും നശിച്ച വകയിൽ ദശലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായി.
പുലിമുട്ട് നിർമാണത്തിലെ അശാസ്ത്രീയത കാരണമാണ് അപകടങ്ങളേറെയും സംഭവിച്ചത്. അനിയന്ത്രിതമായ മണലൊഴുക്കും അപകടങ്ങൾക്ക് ആക്കം കൂട്ടി. തുടർന്ന് വിദഗ്ധസംഘം പലതവണ പഠനം നടത്തി. വർഷംതോറും ഡ്രെജ്ജിങ് നടത്തേണ്ട സ്ഥിതിയുമായി. ചാനലിലേക്ക് വീണുകിടന്ന ടെട്രാപോഡുകളും കല്ലുകളും നീക്കം ചെയ്തെങ്കിലും ഫലമുണ്ടായില്ല. വീണ്ടും പുണെയിലെ സി.ഡബ്ല്യു.പി.ആർ.എസിലെ ശാസ്ത്രജ്ഞരെ പഠനം നടത്താൻ ചുമതലപ്പെടുത്തിയിരുന്നു. പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശാശ്വതമായ പരിഹാരം കണ്ടെത്താൻ സമഗ്രപദ്ധതിയാണ് തയ്യാറാക്കിയത്.ഇതേത്തുടർന്ന് 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവും ചെലവഴിക്കുന്നവിധം 177 കോടിയുടെ വികസനപ്രവർത്തനങ്ങൾക്ക് മുതലപ്പൊഴിയിൽ തുടക്കമിട്ടു. പുതിയ പഠനറിപ്പോർട്ട് പ്രകാരമാണ് മുതലപ്പൊഴിയിൽ പുലിമുട്ട് നവീകരണം നടക്കുന്നത്. പുലിമുട്ട് നിർമാണത്തിനൊപ്പം തുറമുഖത്തിന്റെ സമഗ്ര വികസനവും ഉൾപ്പെടുന്നതാണ് 177 കോടിയുടെ പദ്ധതി.
ഇതിന്റെ ഭാഗമായി ഓഖിയിൽ തകർന്ന പുലിമുട്ടിന്റെ അറ്റകുറ്റപ്പണികൾ, പെരുമാതുറ ഭാഗത്ത് വാർഫ്, ലേല ഹാൾ, കടമുറികൾ, ലോഡിങ് ഏരിയ, പാർക്കിങ് ഏരിയ, താഴമ്പള്ളി ലേലഹാളിന്റെ നീളം കൂട്ടൽ, ടോയ്ലറ്റ് ബ്ലോക്ക്, വിശ്രമമുറികൾ, ലോഡിങ് ഏരിയ, റോഡ്, വൈദ്യുതീകരണം, ജലവിതരണം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കും. എന്നാൽ ഇതിനുള്ള കരാർ നടപടികൾ നീളുകയാണ്. കേന്ദ്രസർക്കാരിന്റെ ഗ്രീൻ ആൻഡ് ബ്ലൂ പോർട്ട് ഉൾപ്പെടുത്തിയാണ് നിർമാണം പൂർത്തീകരിക്കുക. നിലവിൽ അഴിമുഖത്തടിയുന്ന മണ്ണ് ഡ്രെജ്ജ് ചെയ്തു നീക്കുന്നതിനുള്ള നടപടി വൈകുകയാണ്.
ഇതിനായി എൻ.എച്ച്.എ.ഐ.യുമായി കരാറിലേർപ്പെട്ടെങ്കിലും നടപടി വൈകുകയാണ്. എൻ.എച്ച്.എ.ഐ.യ്ക്ക് ഡൽഹിയിൽനിന്നു അപ്രൂവൽ കിട്ടാത്തതിനാലാണ് ഡ്രെജ്ജിങ് വൈകുന്നതെന്നാണ് വിശദീകരണം. ചാനലിൽനിന്ന് നീക്കംചെയ്യുന്ന മണ്ണ് ദേശീയപാത നിർമാണത്തിന് ഉപയോഗിക്കാനാണ് തീരുമാനം.
Published: 29 Oct 2026, 01:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented