കലഞ്ഞൂർ : കാലിന് സ്വാധീനക്കുറവുള്ള രോഗിയായ വയോധിക ഒറ്റയ്ക്ക് താമസിക്കുന്ന വീടിന് സമീപം പാതിരാത്രിയിൽ ഏഴ് കാട്ടാനകളുടെ വിളയാട്ടം. പൂമരുതിക്കുഴി വൃന്ദാവനത്തിൽ അമ്മിണിയുടെ വീടിനരികിൽ തിങ്കളാഴ്ച രാത്രി എത്തിയ കാട്ടാനക്കൂട്ടം വൻനാശം വിതച്ചു. വീടിനോട് ചേർന്നുനിന്ന കൂറ്റൻ തെങ്ങ് തള്ളിമറിച്ച ആനകൾ സമീപത്തെയും വാഴകളും തെങ്ങുകളും നശിപ്പിച്ചു. കിടപ്പുമുറിക്ക് നേരെനിന്ന തെങ്ങ് വീണത് മറ്റൊരുഭാഗത്തേക്കായതിനാൽ അമ്മിണി വൻദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടു.രാത്രി രണ്ടരയോടെയാണ് കാട്ടാനക്കൂട്ടമെത്തിയത്. വീടിനരികിൽ സ്ഥാപിച്ചിരുന്ന ടിൻ ഷീറ്റുകളിൽനിന്ന് വലിയ ശബ്ദം കേട്ട് ഉണർന്ന അമ്മിണി പുറത്തേക്ക് നോക്കിയപ്പോഴാണ് ആനകളെ കണ്ടത്.
പ്രായാധിക്യവും ശാരീരിക അവശതകളും മൂലം പുറത്തിറങ്ങി രക്ഷപ്പെടാൻ പോലും കഴിയുമായിരുന്നില്ല. വാഴകളും തെങ്ങുകളും വ്യാപകമായി നശിപ്പിച്ച ആനകൾ തെങ്ങുകളുടെ പട്ടകൾ അടർത്തിമാറ്റിയും പ്രദേശത്ത് നാശം വിതച്ചു.
പതിനഞ്ച് വർഷം മുമ്പ് കാലിന് ശസ്ത്രക്രിയ നടത്തിയെങ്കിലും ഇതുവരെ പൂർണമായി സുഖം പ്രാപിക്കാത്തതിനാൽ കാലിന് സ്വാധീനക്കുറവുള്ളയാളാണ് അമ്മിണി. ഒരുമകൻ സമീപത്തുതന്നെ താമസിക്കുന്നുണ്ട്.
ആ ഒരുമണിക്കൂർ മറക്കാൻ കഴിയുന്നില്ല-അമ്മിണി
ശബ്ദിക്കാൻ പോലുമാകാതെ ഭയത്തോടെയാണ് തിങ്കളാഴ്ച രാത്രി 2.30 മുതൽ 3.30 വരെ വീട്ടിനുള്ളിൽ കഴിച്ചുകൂട്ടിയത്. പേടി ഇപ്പോഴും മാറിയിട്ടില്ല.
എന്തെങ്കിലും ആക്രമണം ഉണ്ടായാൽ പുറത്തേക്ക് ഇറങ്ങി ഓടുന്നതിന് പോലും സാധിക്കാത്ത അവസ്ഥയാണ്. കാലിന്റെ വേദന കാരണം വീടിനുള്ളിൽ പോലും കമ്പ് കുത്തിയാണ് നടക്കുന്നത്. പഴയവീടിന്റെ ഭിത്തികളെല്ലാം ചെളി ഉപയോഗിച്ചാണ് കെട്ടിയിട്ടുള്ളത്.
തെങ്ങ് ഇതിന് മുകളിലേക്ക് വീണിരുന്നുവെങ്കിൽ വീട് പൂർണമായും തകർന്നു പോകുമായിരുന്നു.
ടാപ്പിങ്ങിന് എത്തിയപ്പോഴാണ് കണ്ടത്- തൊഴിലാളി
അമ്മിണിയുടെ വീടിന് സമീപത്തുള്ള റബ്ബർ തോട്ടത്തിൽ ടാപ്പിങ്ങിന് എത്തിയപ്പോൾ അവിടെ കാട്ടാനക്കൂട്ടം നാശം വിതയ്ക്കുന്നത് കണ്ടതായി ടാപ്പിങ് തൊഴിലാളിയായ പ്രകാശ് ഭവനത്തിൽ ഗോപാലൻ പറഞ്ഞു. പിന്നീട് നാട്ടുകാരെ കൂട്ടി അതിനെ ബഹളംവെച്ച് തുരത്തുകയായിരുന്നു.
Published: 28 Oct 2026, 01:22 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented