നഗരത്തിലെ വഴിവിളക്കുകൾക്ക് അവധി
അടൂർ : നഗരത്തിലെ വഴിവിളക്കുകൾക്ക് അവധിയാണോ? രാത്രിയായാൽ അടൂരിലെ റോഡുകളിൽ വെളിച്ചം തിരഞ്ഞുനടക്കേണ്ട അവസ്ഥ. അടൂർ ഗവ. ജനറൽ ആശുപത്രി പരിസരം, കെ.എസ്.ആർ.ടി. ജങ്ഷൻ, എം.സി. റോഡിലെ ബൈപ്പാസ് എന്നിവിടങ്ങളിലാണ് വഴിവിളക്കുകൾ പണിമുടക്കുന്നത്.
ആശുപത്രി പരിസരത്തെ ഒരു വിളക്കുപോലും കത്തുന്നില്ല. ഇവിടങ്ങളിലെ വഴിവിളക്കുകൾ കണ്ണടച്ചതോടെ വാഹനയാത്രക്കാർക്ക് കണ്ണും കാതും കൂർപ്പിച്ച് മുന്നോട്ടുപോകേണ്ട അവസ്ഥയാണ്. ആശുപത്രിപ്പടിയിൽആംബുലൻസുകളും ഓട്ടോറിക്ഷകളും കിടക്കുന്ന ഭാഗത്ത് ഒരാൾ റോഡരികിൽ നിന്നാൽപ്പോലും കാണാൻ കഴിയാത്തത്ര ഇരുട്ടാണ്.
രോഗികളും കൂട്ടിരിപ്പുകാരും വാഹനങ്ങളുമെല്ലാം നിരന്തരം വന്നുപോകുന്ന സ്ഥലമാണിതെന്ന കാര്യം അധികൃതർ മറക്കുന്നു എന്നതാണ് ഏറെ ഗൗരവകരം. ഇരുട്ടിൽ എന്തെങ്കിലും അപകടം സംഭവിച്ചാൽ കുറ്റം ഇരുട്ടിനോ വാഹനത്തിനോ എന്ന സംശയവും ഇന്ന് നാട്ടുകാർക്കിടയിൽ ഉയർന്നുതുടങ്ങി.കെ.എസ്.ആർ.ടി. ജങ്ഷനിലെ പൊക്കവിളക്കിനും സ്ഥിരമായി വെളിച്ചം നൽകാൻ താത്പര്യമില്ല.
അടുത്തിടെ അറ്റകുറ്റപ്പണി നടത്തിയിട്ടും വല്ലപ്പോഴും മാത്രമാണ് പ്രകാശം. സമീപത്തെ വ്യാപാരസ്ഥാപനങ്ങളിൽനിന്നുള്ള വെളിച്ചമാണ് ഇപ്പോൾ റോഡിന് ഏക ആശ്വാസം. കടകൾ അടച്ചാൽ പിന്നെ നഗരത്തിൽ ഇരുട്ടിന്റെ സമ്പൂർണ ഭരണമാണ് നടക്കുന്നത്.
ബൈപ്പാസിൽ വെളിച്ചത്തിന് ബൈ
എം.സി. റോഡിലെ ബൈപ്പാസിൽ സ്ഥിതി അതിലും കഷ്ടം. നെല്ലിമൂട്ടിൽപ്പടി മുതൽ കരുവാറ്റ വരെയുള്ള ഭാഗങ്ങളിൽ പലയിടത്തും വഴിവിളക്കുകൾ കത്തുന്നില്ല. സുരക്ഷാ ഇടനാഴി പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച വിളക്കുകളിൽ വിരലിലെണ്ണാവുന്നവ മാത്രമാണ് പ്രവർത്തിക്കുന്നത്.
സുരക്ഷയ്ക്കായി വിളക്കുകൾ സ്ഥാപിച്ചെങ്കിലും അവയ്ക്ക് വെളിച്ചം നൽകുന്ന കാര്യത്തിൽ മാത്രം മൗനം.അതിവേഗത്തിൽ വാഹനങ്ങൾ പാഞ്ഞുപോകുന്ന ബൈപ്പാസിൽ ഇരുട്ട് അപകടസാധ്യത വർധിപ്പിക്കുന്നു.
രാത്രിയിൽ വലിയ ചരക്കുവാഹനങ്ങൾ റോഡരികിൽ നിർത്തിയിട്ട് ഡ്രൈവർമാർ വിശ്രമിക്കുന്നതും പതിവാണ്. ഇരുട്ടിൽ ഇത്തരം വാഹനങ്ങൾ വൈകി ശ്രദ്ധയിൽപ്പെടുന്നത് അപകടഭീഷണി കൂട്ടുന്നു. ഉപറോഡുകളിൽനിന്ന് പ്രധാന റോഡിലേക്ക് കയറുന്ന വാഹനങ്ങൾക്കും വെല്ലുവിളി കുറവല്ല. അപകടം സംഭവിച്ചശേഷം വെളിച്ചം തെളിയിക്കുന്നതിനു പകരം അപകടം ഒഴിവാക്കാൻ ഇപ്പോഴെങ്കിലും അധികൃതർ നടപടി സ്വീകരിക്കണം.
Published: 27 Oct 2026, 01:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented