ചോദ്യംചെയ്യലിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരും
സീതത്തോട് : പത്തനംതിട്ട ജില്ലയിലെ മൂന്ന് ഗ്രാമപഞ്ചായത്തുകളിൽനിന്നായി എഴുപതുലക്ഷത്തോളം രൂപ തട്ടിയെടുത്ത വി.ഇ.ഒ.യെ പോലീസ് കസ്റ്റഡിയിൽ വാങ്ങി. തണ്ണിത്തോട് വി.ഇ.ഒ. ആയിരുന്ന കോന്നി മ്ളാന്തടം പുത്തൻവിളയിൽ എം.ആർ. റാണിലക്ഷ്‌മിയാണ് അന്വേഷണത്തിന്റെ ഭാഗമായി കൊല്ലം വിജിലൻസ് കോടതി ജയിലിൽനിന്ന് പോലീസ് കസ്റ്റഡിയിൽ വിട്ടത്.
കോന്നി എ.സി.പി. നിമിഷി ത്രിപാഠി ആണ് അന്വേഷിക്കുന്നത്. ചോദ്യം ചെയ്യലിനായി ഇവരെ പോലീസ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുമെന്നാണറിയുന്നത്.
എം.ആർ. റാണിലക്ഷ്‌മി സീതത്തോട് പഞ്ചായത്തിൽ വി.ഇ.ഒ. ആയിരിക്കെ ലൈഫ് ഭവനപദ്ധതി ഗുണഭോക്താക്കളുടേതുൾപ്പെടെ 51 ലക്ഷത്തിൽപ്പരംരൂപയുടെ പഞ്ചായത്ത് ഫണ്ട് ബന്ധുക്കളുടെ അക്കൗണ്ടിലേക്ക് മാറ്റിയാണ് തട്ടിപ്പ് നടത്തിയത്. സീതത്തോട്ടിൽനിന്ന് ഫെബ്രുവരിയിൽ സ്ഥലംമാറി തണ്ണിത്തോട്ടിലെത്തിയ അവർ അവിടെയും സമാന തട്ടിപ്പ് നടത്താൻ ശ്രമിക്കവേ പിടിയിലായതോടെയാണ് ആദ്യ തട്ടിപ്പുവിവരം പുറത്തുവന്നത്.
ഇതോടെ ഇവർ മുമ്പ് ജോലി ചെയ്‌തിരുന്ന അരുവാപ്പുലം പഞ്ചായത്തിൽ നടത്തിയ പരിശോധനയിൽ 15 ലക്ഷത്തിൽപരം രൂപയുടെ ക്രമക്കേട് അവിടെയും കണ്ടെത്തി. മൂന്ന് പഞ്ചായത്ത് സെക്രട്ടറിമാരും പോലീസിൽ പരാതി നൽകിയതോടെ അറസ്റ്റിലായ വി.ഇ.ഒ.യെ കോടതി റിമാൻഡുചെയ്യുകയായിരുന്നു.
പഞ്ചായത്തുകളിൽനിന്ന് വി.ഇ.ഒ. നടത്തിയ സാമ്പത്തിക തട്ടിപ്പ് വലിയ വിവാദമായിരുന്നു. എന്നാൽ, പെട്ടെന്ന് തന്നെ ഇവർ ജയിലിലിയാതിനാൽ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിരുന്നില്ല. പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യപ്പെടുന്നതോടെ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വരുമെന്നാണ് സൂചന. പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് ഇവർ നടത്തിയ തട്ടിപ്പിന് മറ്റാരുടെയെങ്കിലം സഹായം ലഭിച്ചിട്ടുണ്ടോ, ആരെങ്കിലും ഇതിൽ പങ്കാളികളായിട്ടുണ്ടോ തുടങ്ങിയ നിരവധി ചോദ്യങ്ങൾ അവശേഷിക്കുന്നുണ്ട്.
ലൈഫ് ഭവന പദ്ധതിയിൽ കരാറുകാരെ വഴിവിട്ട് സഹായിച്ചതുൾപ്പെടെ തട്ടിപ്പിന്റെ വ്യാപ്‌തി ഉയരുമെന്നാണ് ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടുന്നത്. ഗുണഭോക്താക്കളിൽനിന്ന് പണം കൈപ്പറ്റിയതായി രേഖകൾ വാങ്ങിയെങ്കിലും പണം നൽകിയില്ലെന്ന പരാതിയും ഉയർന്നിരുന്നു. പഞ്ചായത്ത് ഫണ്ടിൽനിന്ന് ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നൽകേണ്ട പണം ഭർത്താവും ചില കുടുംബാംഗങ്ങളും ഉൾപ്പടെയുള്ള ആളുകളെ വ്യാജ ഗുണഭോക്താക്കളായി രേഖകളുണ്ടാക്കി അവരുടെ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിച്ച് തട്ടിപ്പ് നടത്തുന്നതായിരുന്നു ഇവരുടെ രീതി.
Published: 29 Oct 2026, 01:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented