മകൾ സാമൂഹികമാധ്യമംവഴി പരിചയപ്പെട്ട് കല്യാണംകഴിച്ചത് ക്രിമിനൽ കേസ് പ്രതിയെ

To advertise here,

പത്തനംതിട്ട : മകൾ സാമൂഹികമാധ്യമംവഴി പരിചയപ്പെട്ട് കല്യാണംകഴിച്ച ക്രിമിനൽ കേസ് പ്രതിയായ യുവാവിന്റെ കുത്തേറ്റ അച്ഛൻ ഗുരുതരാവസ്ഥയിൽ. മകളെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് മരുമകൻ അമ്മായിയപ്പനെ കത്തികൊണ്ട് കുത്തിയത്. പ്രതിയെ സംഭവസ്ഥലത്തുനിന്നും പോലീസ് അറസ്റ്റുചെയ്തു.

മലപ്പുറം വളാഞ്ചേരി ഇടയൂർ ചക്കാല തെക്കേതിൽ വീട്ടിൽ ഹാരിസ് പി. ഹുസൈൻ (28) ആണ് പത്തനംതിട്ട പോലീസിന്റെ പിടിയിലായത്. ഇയാൾ മലപ്പുറം വളാഞ്ചേരി പോലീസ് സ്റ്റേഷനിൽ രണ്ട് മയക്കുമരുന്ന് കേസുകൾ ഉൾപ്പെടെ അഞ്ച് ക്രിമിനൽ കേസുകളിലും കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലെ പോക്സോ കേസിലും പ്രതിയാണെന്ന് പത്തനംതിട്ട സർക്കിൾ ഇൻസ്പെക്ടർ പറഞ്ഞു.

സാമൂഹികമാധ്യമംവഴി പരിചയപ്പെട്ട ഹാരിസുമായി പ്രണയത്തിലായ 19-കാരി പിന്നീട് ഇയാളെ വിവാഹം കഴിച്ചു. ഇരുവരും പത്തനംതിട്ടയിലാണ് താമസം. ഇവർ തമ്മിൽ വഴക്ക് പതിവായതോടെ പരിഹരിക്കുന്നതിനാണ് യുവതിയുടെ അച്ഛനും അമ്മയും സ്ഥലത്തെത്തിയത്.

ചൊവ്വാഴ്ച ഉച്ചയോടെ പ്രശ്നങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നതിനിടെ പ്രകോപിതനായ ഹാരിസ് വീട്ടിനുള്ളിൽനിന്നു കത്തിയെടുത്ത് ഭാര്യാപിതാവിനെ നെഞ്ചിലും കാലിനും മാറിമാറി കുത്തുകയായിരുന്നു. മാരകമായി പരിക്കേറ്റ ഇദ്ദേഹത്തെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഓപ്പറേഷൻ നടത്തി. നില ഗുരുതരമായി തുടരുകയാണ്.

പത്തനംതിട്ട സർക്കിൾ ഇൻസ്പെക്ടർ ജി. അരുൺ, എസ്.െഎ.മാരായ അനീഷ് എബ്രഹാം, രഞ്ജിത്, ഹരികൃഷ്ണൻ സി.പി.ഒ.മാരായ അഖിൽ രാജ്, ശ്യാം എന്നിവർ അടങ്ങിയ സംഘമാണ് അറസ്റ്റുചെയ്തത്. പത്തനംതിട്ട ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഹാരിസിനെ റിമാൻഡുചെയ്തു.