85 ലക്ഷം രൂപയുടെ നവീകരണം തുടങ്ങി
അടൂർ : നഗരഹൃദയത്തിലെ റവന്യൂ ടവറിന് വീണ്ടും മുഖം മിനുക്കുന്നു. വർഷങ്ങളായി തുടരുന്ന ചോർച്ചയും വെള്ളക്കെട്ടും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഹൗസിങ് ബോർഡിന്റെ നേതൃത്വത്തിൽ 85 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ തുടങ്ങി. ശൗചാലയങ്ങളുടെ നവീകരണം, കവാടം സ്ഥാപിച്ചുള്ള ഫെൻസിങ്, വൈദ്യുത ജോലികൾ, മാലിന്യം നിക്ഷേപിക്കുന്ന ടെന്റുകളുടെ അറ്റകുറ്റപ്പണി തുടങ്ങിയവയാണ് പ്രധാനമായും നടക്കുന്നത്.
ടവറിന്റെ മുകൾനിലയിലെ ചോരുന്ന ഷീറ്റ് മേൽക്കൂരയും മാറ്റിസ്ഥാപിക്കും. മഴ പെയ്യുമ്പോൾ മേൽക്കൂരയിൽനിന്ന് വെള്ളം ഭിത്തികളിലൂടെ താഴേക്ക് ഒലിച്ചിറങ്ങുന്നതാണ് പതിവ്. ഇതുമൂലം പല നിലകളിലെയും വരാന്തകളിൽ വെള്ളക്കെട്ടും ഉണ്ടാകാറുണ്ട്. ഏറ്റവും താഴത്തെ നിലയിലാണ് പ്രശ്നം രൂക്ഷം. മേൽക്കൂരയുടെ അറ്റകുറ്റപ്പണി പൂർത്തിയാകുന്നതോടെ വെള്ളം കെട്ടിക്കിടക്കുന്ന പ്രശ്നത്തിനും പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
ടവറിലെ ഡിവൈ.എസ്.പി. ഓഫീസിന്റെ ഭാഗത്ത് കവാടത്തോടുകൂടിയ ഫെൻസിങ് സ്ഥാപിക്കുന്ന ജോലികളും തുടങ്ങി. തെരുവുനായകൾ കെട്ടിടത്തിനുള്ളിലേക്ക് കടക്കുന്നത് തടയുന്നതിനാണ് ഇതെന്ന് ഹൗസിങ് ബോർഡ് അധികൃതർ പറഞ്ഞു.
2019-ലും നവീകരണം; ഇപ്പോൾ വീണ്ടും
റവന്യൂ ടവറിന്റെ നവീകരണത്തിന് 2019-ൽ 59 ലക്ഷം രൂപ ചെലവഴിച്ചിരുന്നു. പെയിന്റിങ്, ശൗചാലയ നവീകരണം, ടവറിനോട് ചേർന്നുള്ള പുറത്തെ ഓടയുടെ നവീകരണം, തറയോടുകൾ സ്ഥാപിക്കൽ, ലിഫ്റ്റ് നവീകരണം, മേൽക്കൂര അറ്റകുറ്റപ്പണി, വിള്ളൽ വീണ ഭിത്തികളുടെ അറ്റകുറ്റപ്പണി തുടങ്ങിയവ അന്ന് നടത്തിയിരുന്നു.
എന്നാൽ പിന്നീട് ടവറിൽ വീണ്ടും ചോർച്ചയും വെള്ളക്കെട്ടും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ തലപൊക്കി. ഇതുസംബന്ധിച്ച് മാതൃഭൂമി ഒട്ടേറെ വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ നവീകരണ പ്രവർത്തനങ്ങൾ. വ്യാപാര സ്ഥാപനങ്ങൾക്കും അഭിഭാഷകരുടെ ഓഫീസുകൾക്കും പുറമേ ട്രഷറി ഉൾപ്പെടെയുള്ള ഒട്ടേറെ സർക്കാർ ഓഫീസുകളും പ്രവർത്തിക്കുന്ന പ്രധാന കെട്ടിടമാണ് റവന്യൂ ടവർ. ദിവസേന നൂറുകണക്കിന് ആളുകൾ എത്തുന്ന കെട്ടിടത്തിലെ അടിസ്ഥാനസൗകര്യ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാരും സ്ഥാപന ഉടമകളും.
Published: 01 Oct 2026, 02:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented