കോഴഞ്ചേരി : മണ്ണിന്റെ ആരോഗ്യപരിപാലനം ശാസ്ത്രീയമായി നടപ്പാക്കാൻ കർഷകരെ പ്രാപ്തമാക്കുന്നത്തിന്റെ ഭാഗമായുള്ള മണ്ണുസംരക്ഷണ പദ്ധതിക്ക് കോയിപ്രത്ത് തുടക്കമിട്ടു. പത്തനംതിട്ട മണ്ണ്‌ സംരക്ഷണവകുപ്പും കൃഷി വകുപ്പിനുമൊപ്പം കോയിപ്രം ബ്ലോക്ക് പഞ്ചായത്തും കൈകോർത്താണ് പരിപാടി സംഘടിപ്പിക്കുന്നത്. മണ്ണിന്റെ ആരോഗ്യമറിഞ്ഞ്‌ വിത്തെറിയുംപോലെ പ്രധാനമാണ് മണ്ണറിഞ്ഞുള്ള വിത്തിറക്കലുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രാമചന്ദ്രൻ നായർ പറഞ്ഞു.

To advertise here,

മണ്ണിന്റെ സഭാവം അറിഞ്ഞുമാത്രം വളങ്ങളുടെ തിരഞ്ഞെടുപ്പും അളവും നിർണയിക്കുന്നതിനുള്ള തുടർപരിശീലനം ഉണ്ടാകും. കോയിപ്രം പഞ്ചായത്തിലെ മണ്ണ് ഫലഭൂയിഷ്ഠ ഭൂപടമാപ്പിന്റെ പ്രകാശനവും ബ്ലോക്ക് പ്രസിഡന്റ് നിർവഹിച്ചു. ശാസ്ത്രീയ മണ്ണുപരിശോധനയുടെ ആവശ്യകതയെക്കുറിച്ച് കർഷകരിലും പൊതുജനങ്ങളിലും അറിവും ആഭിമുഖ്യവും വർധിപ്പിക്കുന്നതിനാണ് പരിശോധന കാംപെയ്‌നുകൾ ബ്ലോക്ക് അടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്നതെന്ന് മണ്ണ് പര്യവേഷണ വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ വി. ജസ്റ്റിൻ അഭിപ്രായപ്പെട്ടു. വൈസ് പ്രസിഡന്റ് നിർമല മാത്യൂസ് അധ്യക്ഷത വഹിച്ചു.

കോയിപ്രം പഞ്ചായത്തിലെ മണ്ണിലെ പ്രധാന മൂലകങ്ങളുടെ ലഭ്യതയും കുറവും മനസ്സിലാക്കാൻ ഉപകരിക്കുന്നതാണ് മണ്ണ് ഫലഭൂയിഷ്ഠ മാപ്പ്. ഇതുവഴി മണ്ണിലെ പോഷകങ്ങളുടെ അളവ് കൃത്യമായി മനസ്സിലാക്കാനും വളപ്രയോഗം ക്രമീകരിക്കാനും സാധിക്കും. കർഷകർക്കുള്ള സൗജന്യ മണ്ണ് പരിശോധനയും നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ എൽസി ക്രിസ്റ്റഫർ, റെനി സനൽ, സുരേഷ് കുഴിവേലിൽ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമതി അധ്യക്ഷരായ സി.കെ. ശശി, മുരളി വേങ്ങഴ, എൽസ തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോസഫ് മാത്യു, ഷിജു പി.കുരുവിള, കെ.വി. രശ്മിമോൾ, മിനി സെബാസ്റ്റ്യൻ, അനുരാധ ജി.പിള്ള, ഷേർളി ജെയിംസ്, കൃഷി ഓഫീസർമാരായ ദിവ്യ ഉണ്ണി, റോഡ്‌നി നിക്കോളാസ് പെരേര, അമൽ സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജി. കണ്ണൻ എന്നിവർ പ്രസംഗിച്ചു. ‘മണ്ണൊരുക്കാം സമൃദ്ധി കൊയ്യാം’ എന്ന വിഷയത്തിൽനടന്ന സെമിനാർ കൃഷി ഡെപ്യൂട്ടി ഡയറക്ടർ ഡോ. അനീന നയിച്ചു. കർഷകർക്കായി സൗജന്യ മണ്ണുപരിശോധന നടത്തുന്നതിനായി മണ്ണിന്റെ സാമ്പിൾ ശേഖരണവും നടന്നു.