കൊട്ടിയം : കണ്ണനല്ലൂർ ജങ്ഷന്റെ മുഖച്ഛായ മാറ്റുന്ന വികസനപദ്ധതികൾ പുരോഗമിക്കുന്നുണ്ടെങ്കിലും കെ.എസ്.ഇ.ബി.ക്കും വാട്ടർ അതോറിറ്റിക്കും പൊതുമരാമത്ത് വകുപ്പിനും മെല്ലെപ്പോക്ക്. പ്രവൃത്തികളുടെ ആദ്യഘട്ടമായി വിവിധയിടങ്ങളിലെ ഓടനിർമാണം പൂർത്തിയായിവരുന്നു.
ഓടയുടെ നിർമാണം 80 ശതമാനം പൂർത്തിയായെങ്കിലും ഓടകൾ കടന്നുപോകുന്ന ഭാഗത്തെ മരങ്ങൾ മുറിച്ചുമാറ്റുന്നതിന് പൊതുമരാമത്ത് വകുപ്പും വൈദ്യുതത്തൂണുകൾ മാറ്റിസ്ഥാപിക്കുന്നതിന് കെ.എസ്.ഇ.ബി. അധികൃതരും നടപടികൾ സ്വീകരിക്കാത്തത് നിർമാണം പ്രതിസന്ധിയിലാക്കുന്നു. ഓടകളുടെ നിർമാണം പുരോഗമിക്കുമ്പോൾ മരങ്ങൾ ഓടയുടെ മധ്യഭാഗത്ത് നിൽക്കുന്നതാണവസ്ഥ.പലയിടത്തും വൈദ്യുതത്തൂണുകൾ ഒഴിവാക്കി, ഓട വഴിമാറ്റി നിർമിക്കേണ്ടിവരുന്ന സ്ഥിതിയുമുണ്ട്. ജലവിതരണക്കുഴലുകൾ മാറ്റിസ്ഥാപിക്കുന്നതിനും കാലതാമസം നേരിടുന്നു.
ബന്ധപ്പെട്ട വകുപ്പുകൾ യോജിച്ച് വികസനപദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്. 50.19 കോടി രൂപ ചെലവിൽ നാലുവരിപ്പാതയായി ജങ്ഷൻ വികസിപ്പിക്കുന്ന വൻ പദ്ധതിയാണ് നടന്നുവരുന്നത്.
കേരളറോഡ് ഫണ്ട് ബോർഡ് (കെ.ആർ.എഫ്.ബി.), കെ.എസ്.ഇ.ബി., കേരള വാട്ടർ അതോറിറ്റി എന്നീ ഏജൻസികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ചെറിയ മഴ പെയ്താൽപോലും ജങ്ഷൻ കവിഞ്ഞൊഴുകുന്ന മലിനജലമായിരുന്നു ഏറ്റവും ദുരിതം. കണ്ണനല്ലൂർ ജങ്ഷനിൽ സന്ധിക്കുന്ന കൊല്ലം, കുണ്ടറ, കൊട്ടിയം, ആയൂർ റൂട്ടുകളിലെ വാഹനങ്ങളുടെ നിലയ്ക്കാത്ത ഒഴുക്കാണ് ജങ്ഷനിലെ നിരന്തര ഗതാഗതസ്തംഭനത്തിനു വഴിയൊരുക്കുന്നത്.
ഇവിടെ ഗതാഗതം സുഗമമാക്കുന്നതിന് നാലു ദിശയിലേക്കും 250 മുതൽ 300 മീറ്റർവരെയുള്ള റോഡ് ഭാഗങ്ങൾ 18 മുതൽ 20 മീറ്റർവരെ വീതിയിൽ വികസിപ്പിക്കുന്നതാണ് പദ്ധതി. ട്രാഫിക് ഐലൻഡും മീഡിയനും ഉൾപ്പെടുന്ന അടിസ്ഥാനസൗകര്യങ്ങളും പദ്ധതിയിലുണ്ട്. കുണ്ടറ-250 മീറ്റർ, കൊട്ടിയം-295 മീറ്റർ, കൊല്ലം-290 മീറ്റർ, ആയൂർ-300 മീറ്റർ എന്നിങ്ങനെ മൊത്തം 1.4 കിലോമീറ്റർ ദൈർഘ്യമുള്ള റോഡാണ് വികസിപ്പിക്കുക.
Published: 01 Oct 2026, 02:13 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented