കേരള കേന്ദ്ര സർവകലാശാല നിയമവിഭാഗം വിദ്യാർഥികൾ സമരത്തിൽ
പൊടിയാടി : നിയമപഠനത്തിന് എത്തിയ വിദ്യാർഥികൾ പാമ്പിനെ തുരത്താനുള്ള അഭ്യാസവും പഠിക്കണം. കേരള കേന്ദ്ര സർവകലാശാലയുടെ പുളിക്കീഴ് നിയമപഠനവിഭാഗം കാമ്പസിലാണ് കാടും ഇഴജന്തുക്കളും വിദ്യാർഥികളെ വലയ്ക്കുന്നത്. പ്രശ്‌നം പരിഹരിക്കാൻ അധികൃതർ ഇടപെടണമെന്നാവശ്യപ്പെട്ട് കുട്ടികൾ സമരംതുടങ്ങി. ചൊവ്വാഴ്ച രാവിലെ മുതലാണ് സ്ഥാപനത്തിലെ 40-ഓളം വിദ്യാർഥികൾ സമരം ആരംഭിച്ചത്. തിരുവല്ല കേന്ദ്രമാക്കി 2014-ൽ വാടക കെട്ടിടത്തിൽ ആണ് കാമ്പസ് ആരംഭിച്ചത്.
2022-ൽ പുളിക്കീഴ് ഷുഗർ ഫാക്ടറി വളപ്പിൽ സർക്കാർ അനുവദിച്ച 10 ഏക്കറിൽ പ്രവർത്തനം തുടങ്ങി. രണ്ട് കെട്ടിടങ്ങളാണ് ഇവിടെയുള്ളത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിദ്യാർഥികളാണ് എൽ.എൽ.എം., പിഎച്ച്.ഡി. വിഭാഗങ്ങളിലായി ഇവിടെ പഠനംനടത്തുന്നത്. നാല് അധ്യാപകരും മൂന്ന് അനധ്യാപകരും ഇവിടെ ജോലിചെയ്യുന്നു. ക്ലാസ് റൂമുകൾ പ്രവർത്തിക്കുന്ന കെട്ടിടങ്ങൾക്ക് ചുറ്റും കാടുമുടിക്കിടക്കുകയാണ്. ഇഴജന്തുക്കളുടെ ശല്യം പതിവാണെന്ന് വിദ്യാർഥികൾ പറയുന്നു. മുൻ വർഷങ്ങളിൽ വിദ്യാർഥികളുടെ ബാഗിനുള്ളിൽ വരെ പാമ്പ്കയറിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ശൗചാലയങ്ങളുടെ അപര്യാപ്തതയും വലയ്ക്കുന്നുണ്ട്. മഴക്കാലമായാൽ കോളജിന്റെ പ്രധാന ഗേറ്റ് മുതൽ കെട്ടിടംവരെ 200 മീറ്ററോളം വരുന്ന പാതയിൽ ചെളിനിറയും. അലുമിനിയം ഷീറ്റ് കൊണ്ട് നിർമിച്ച മേൽക്കൂരയ്ക്ക് കീഴെ പ്രവർത്തിക്കുന്ന ക്ലാസ് മുറികളിൽ വേനൽകാലങ്ങളിൽ പഠനം നടത്തുന്നത് അസഹ്യമാണെന്നും വിദ്യാർഥികൾ പറയുന്നു. ഉയർന്ന ചൂടുമൂലം ത്വഗ്രോഗം അടക്കമുള്ള വിവിധ ശാരീരിക പ്രശ്‌നങ്ങൾ ഉണ്ടാകുന്നതായി കുട്ടികൾ പറയുന്നു. പ്രശ്‌നങ്ങൾ സർവകലാശാലയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുള്ളതായും പരിഹാരത്തിനുള്ള നീക്കം ആരംഭിച്ചതായും നിയമപഠനവിഭാഗം അധികൃതർ വ്യക്തമാക്കി.
Published: 01 Oct 2026, 02:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented