തിരുവല്ല : അഞ്ച് സ്‌കൂളുകളുള്ള തിരുമൂലപുരം കവലയിൽ ട്രാഫിക് സുരക്ഷിതത്വം ഇല്ല. എം.സി. റോഡിലെ പ്രധാന കവലയായ ഇവിടെ നൂറുകണക്കിന് വിദ്യാർഥികളാണ് ദിവസവും ബസ് കയറാനും റോഡ് മറികടന്നുപോകാനും എത്തുന്നത്. പ്രധാന റോഡിലൂടെ നൂറുകണക്കിന് വാഹനങ്ങൾ നിരന്തരം കടന്നുപോകുന്നതിനാൽ തിരക്കേറിയ സമയങ്ങളിൽ വിദ്യാർഥികൾക്ക് റോഡ് മുറിച്ചുകടക്കാൻ ഏറെ ബുദ്ധിമുട്ടാണ്.

To advertise here,

സീബ്രാ വരകളുണ്ടെങ്കിലും തലങ്ങും വിലങ്ങുമുള്ള പാർക്കിങ്ങുമൂലം പെട്ടെന്ന് ശ്രദ്ധയിൽവരില്ല. ചെങ്ങന്നൂർ ദിശയിൽനിന്ന് കയറ്റംകയറി വളവുതിരിഞ്ഞാണ് വാഹനങ്ങൾ എത്തുക. റോഡിൽ ഇരുവശത്തും 200 മീറ്ററോളം ദൂരത്തിലാണ് കുട്ടികൾ ബസിൽ കയറുന്നതിനായി നിൽക്കുന്നത്. സ്‌കൂൾ വിടുന്ന സമയത്താണ് സുരക്ഷിതത്വം തീരെ ഇല്ലാതാകുന്നത്. ചിലദിവസങ്ങളിൽ പോലീസ് സാന്നിധ്യം ഉണ്ടെങ്കിലും നിയന്ത്രണം ശക്തമല്ല. അധ്യാപകരടക്കം കുട്ടികളെ വഴികടത്തിവിടാൻ നിരത്തിലെത്തും.

രണ്ട് ഹയർസെക്കൻഡറി സ്‌കൂൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവിടെയുണ്ട്. വാഹനങ്ങളുടെ വേഗം നിയന്ത്രിക്കുന്നതിനുള്ള സ്ഥിരം നടപടികൾ വേണമെന്ന് നാട്ടുകാരും രക്ഷിതാക്കളും ആവശ്യപ്പെടുന്നു.