സംസാരിച്ചതിനുശേഷമാണ് പ്രതി പെൺകുട്ടിയെ ബലമായി പിടിച്ചുനിർത്തി കുത്തിയത്
മാരാമൺ : മാരാമൺ റിസോർട്ടിലെ ട്രെയിനി ജീവനക്കാരി ദിൻഷയെ സുഹൃത്ത് ജിത്തു കൊലപ്പെടുത്തിയത് അതിക്രൂരമായി. കഴുത്തിൽ കുത്തിയതുകൂടാതെ കഴുത്തറക്കാനും ശ്രമിച്ചു. സംഭവത്തിനുതൊട്ടുമുമ്പ് ഇരുവരും സൗഹാർദ്ദപരമായാണ് സംസാരിച്ചതെന്ന് സി.സി.ടി.വി.ദൃശ്യങ്ങളിൽനിന്ന് വ്യക്തമായി. പെട്ടെന്നാണ് പ്രതി പ്രകോപിതനാകുന്നതും കൈയിലുണ്ടായിരുന്ന കത്തിയെടുത്തു കുത്തിയതും. യുവതിയെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് പ്രതി ജിത്തു എത്തിയതെന്ന് ഇതു വ്യക്തമാക്കുന്നു.
മാരാമൺ റിസോർട്ടിന്റെ റസ്റ്ററന്റിലേക്കുള്ള പ്രധാനകവാടം ഒഴിവാക്കി ചെറിയ ഓഡിറ്റോറിയത്തിന് സമീപത്താണ് പ്രതി കൊലപാതകം നടത്തിയത്.
ഓഡിറ്റോറിയത്തിന്റെ മുൻവശത്തുള്ള ആൽത്തറയ്ക്ക് സമീപം വെച്ചാണ് ഇരുവരും സംസാരിച്ചത്. ദിൻഷയെ അങ്ങോട്ടേക്ക് ഇയാൾ വിളിച്ചതാണെന്നു കരുതുന്നു. ഈ സമയം ദൂരെമാറി ഒരു സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. അഞ്ച് മിനിറ്റോളം സംസാരിച്ചതിനുശേഷമാണ് പ്രതി പെൺകുട്ടിയെ ബലമായി പിടിച്ചുനിർത്തി കുത്തിയത്. കുതറിമാറാൻ ശ്രമിച്ചപ്പോൾ വീണ്ടും രണ്ടുതവണ കൂടി കുത്തി. നിലത്ത് വീണ പെൺകുട്ടിയെ വീണ്ടും കുത്തിയതിനുശേഷം കഴുത്തറക്കാനും ശ്രമിക്കുകയായിരുന്നു.
പ്രണയം ജീവനെടുത്തു
കോഴഞ്ചേരിയിലെ സ്വകാര്യലോഡ്ജിൽ ജോലി ചെയ്യുമ്പോഴാണ് എട്ടുമാസം മുമ്പ് ജിത്തു ദിൻഷയെ പരിചയപ്പെട്ടത്. പരിചയം പിന്നീട് പ്രണയത്തിന് വഴിമാറി. ദിൻഷ ട്രെയിനിയായി എത്തിയിട്ട് കുറച്ചുദിവസമേ ആയിട്ടുള്ളൂവെങ്കിലും എല്ലാവരുമായും പെട്ടെന്ന് സൗഹൃദത്തിലായിരുന്നു. അതിനാൽ ജീവനക്കാരും ഞെട്ടലിലാണ്. സംഭവം കണ്ട് ആദ്യം നടുങ്ങിയ ജീവനക്കാർ പ്രതിയെ പിടികൂടി കൈയും കാലും കെട്ടിയിട്ടു. പെൺകുട്ടിയെ കോയിപ്രം പോലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. കോഴഞ്ചേരി കീഴുകരയുള്ള വീട്ടിൽ ജിത്തുവും അച്ഛനും മാത്രമാണ് താമസം. അമ്മയും സഹോദരനും വിദേശത്താണ്. പ്രതിയെ പോലീസ് പ്രാഥമികമായി ചോദ്യം ചെയ്തതേയുള്ളൂ.
കൊലപാതകം നടത്തിയതിന്റെ മാനസിക സമ്മർദ്ദത്തിലാണ് പ്രതിയെന്ന് പോലീസ് പറയുന്നു. പോലീസ് വീണ്ടും പ്രതിയെ ചോദ്യം ചെയ്യും. സ്ഥലത്ത് ഫോറൻസിക് സംഘം പരിശോധന നടത്തി.
Published: 30 Sept 2026, 02:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented