കൊല്ലം : സന്ധ്യകഴിഞ്ഞാൽ നഗരത്തിലെ റോഡുകളിൽ യാത്രചെയ്യണമെങ്കിൽ സ്വന്തംനിലയ്ക്ക് വെളിച്ചം കരുതേണ്ട സ്ഥിതിയാണ്. തെരുവുവിളക്കുകൾ ഓണത്തിനുമുൻപ് തെളിയിക്കുമെന്ന മേയറുടെ ഉറപ്പ്, ഓണം കഴിഞ്ഞ് മാസം രണ്ട് കഴിഞ്ഞിട്ടും പാലിക്കപ്പെട്ടിട്ടില്ല.
പ്രധാന ജങ്ഷനുകളിൽ മിക്കയിടത്തെയും തെരുവുവിളക്കുകൾ പ്രകാശിക്കാറില്ല. ബസ് കാത്തിരിപ്പുകേന്ദ്രങ്ങളും പാലങ്ങളുമെല്ലാം സന്ധ്യകഴിഞ്ഞാൽ ഇരുട്ടിലാണ്. റെയിൽവേ സ്റ്റേഷൻ രണ്ടാം കവാടം, കർബല റെയിൽവേ സ്റ്റേഷൻ റോഡ്, ഇരുമ്പുപാലം, ഹൈസ്‌കൂൾ ജങ്ഷൻ കളക്ടറേറ്റ് റോഡ്, കളക്ടറേറ്റ്-കാവനാട് റോഡ് എന്നിവിടങ്ങളിൽ മിക്കപ്പോഴും വെളിച്ചമേയില്ല. കൊച്ചുപിലാംമൂടുമുതൽ പാലംവരെയുള്ള ഭാഗങ്ങളിലും ഹൈസ്‌കൂൾ ജങ്ഷനിൽനിന്ന് കുണ്ടറ ഭാഗത്തേക്കുള്ള റോഡിലും താലൂക്ക് കച്ചേരിയിൽനിന്ന് കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിലേക്കുള്ള പാതയിലും വെളിച്ചക്കുറവുണ്ട്.
ചിന്നക്കട, കോൺവെന്റ് ജങ്ഷൻ, കളക്ടറേറ്റ്, രാമൻകുളങ്ങര, ഹൈസ്‌കൂൾ ജങ്ഷൻ, വള്ളിക്കീഴ്, പൂവൻപുഴ, ശക്തികുളങ്ങര എന്നിവിടങ്ങളിലെ ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ ഇരുട്ടിലാണ്. സമീപത്തെ കടകളിൽനിന്നുള്ള വെളിച്ചമാണ് ഇവിടങ്ങളിൽ യാത്രക്കാർക്ക് ആശ്രയം. കാത്തിരിപ്പുകേന്ദ്രങ്ങളിൽ രാത്രിയായാൽ തെരുവുനായ്ക്കളുടെയും സമൂഹവിരുദ്ധരുടെയും ശല്യവുമുണ്ട്. രാത്രി ജോലികഴിഞ്ഞു പോകുന്ന സ്ത്രീകളാണ് ഏറെ ബുദ്ധിമുട്ടുക.
പാലങ്ങളും ഇരുട്ടിൽ
പാലങ്ങളിൽ സുരക്ഷയുടെ ഭാഗമായി വെളിച്ചം ഉറപ്പാക്കണമെന്ന നിർേദശങ്ങളൊന്നും പാലിക്കപ്പെടുന്നില്ല.ഇടയ്ക്ക് പരാതിയെത്തുടർന്ന് ചിന്നക്കട മേൽപ്പാലത്തിലെ തെരുവുവിളക്കുകൾ തെളിച്ചിരുന്നെങ്കിലും വീണ്ടും പഴയപടിയായി. ഇപ്പോൾ വിരലിലെണ്ണാവുന്ന വിളക്കുകളേ പ്രകാശിക്കുന്നുള്ളൂ. ഇരുട്ടിന്റെ മറവിൽ പാലത്തിന്റെ താഴേക്ക് മാലിന്യം തള്ളുന്നതും പതിവാണ്. നീണ്ടകര പാലത്തിൽ വെളിച്ചമില്ലാതായിട്ട് മാസങ്ങളായി.
ദേശീയപാതയിലെ പുതിയ പാലം നിർമാണത്തിന്റെ ഭാഗമായി ഇവിടേക്കുള്ള കണക്‌ഷനുകളും താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. പുതിയ പാലം നിർമിക്കുന്നിടത്ത് ജോലിക്കാർ സ്ഥാപിച്ചിരിക്കുന്ന ലൈറ്റും വാഹനങ്ങളുടെ ഹെഡ് ലൈറ്റുകളുടെ വെളിച്ചവും മാത്രമാണ് ആശ്രയം. വിളക്കുകാലുകൾ പലതും തുരുമ്പെടുത്തു. ഇരുന്പുപാലം, ചെമ്മാൻമുക്ക് പാലം എന്നിവിടങ്ങളിലും വെളിച്ചക്കുറവാണ്. ഇത് പാലങ്ങളിലൂടെയുള്ള യാത്രയ്ക്ക് അപകടഭീഷണി ഉയർത്തുന്നുണ്ട്.
Published: 01 Oct 2026, 02:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented