ശാസ്താംകോട്ട : ഡിവൈ.എസ്.പി.ഓഫീസ് താലൂക്ക് ആസ്ഥാനമായ ശാസ്താംകോട്ടയിൽത്തന്നെ നിലനിർത്തും. പുതിയ കെട്ടിടം പണിയുന്നതിന് ഏറ്റെടുത്ത ഭൂമി ബുധനാഴ്ച റവന്യൂ അധികൃതർ അളന്നു തിട്ടപ്പെടുത്തി കല്ലിട്ടു.

To advertise here,

ശാസ്താംകോട്ട പട്ടണത്തിൽ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷനായി നൽകിയ, ബ്ലോക്ക് നമ്പർ 13-ൽ റീസർവേ 47/1 ഉൾപ്പെട്ട റവന്യൂ പുറമ്പോക്കായ 20 സെന്റ് സ്ഥലമാണ് കെട്ടിടം പണിയാൻ ആഭ്യന്തരവകുപ്പിന് വിട്ടുനൽകിയത്. അവിടെ താത്കാലികമായി ചന്ത പ്രവർത്തിക്കുന്നുണ്ട്.

ഈ സ്ഥലം ഉപയോഗിക്കാതെ, വാഹനപാർക്കിങ്ങും മറ്റുമായി കിടക്കുകയാണിപ്പോൾ. വസ്തു കല്ലിട്ട് തിരിച്ചു നൽകിയതോടെ ഏറെനാളായി നിലനിന്നിരുന്ന അനിശ്ചിതത്വം ഒഴിവായി.

താലൂക്ക് ആസ്ഥാനമായ ശാസ്താംകോട്ടയിൽ വാടകക്കെട്ടിടത്തിലാണ് വർഷങ്ങളായി സബ്ഡിവിഷണൽ പോലീസ് ഓഫീസ് പ്രവർത്തിക്കുന്നത്. സർക്കാർ ഫണ്ടായ 1.32 കോടി രൂപയാണ് കെട്ടിടത്തിനായി അനുവദിച്ചത്.

കേരള പോലീസ് ഹൗസിങ് കൺസ്ട്രക്‌ഷൻ കോർപ്പറേഷനാണ് നിർമാണച്ചുമതല. ശാസ്താംകോട്ട, കുണ്ടറ, പുത്തൂർ, ശൂരനാട്, കിഴക്കേ കല്ലട എന്നീ പോലീസ് സ്റ്റേഷനുകളാണ് ശാസ്താംകോട്ട ഡിവിഷന്റെ പരിധിയിലുള്ളത്.

ഏറെനാളത്തെ പ്രതിസന്ധി ഒഴിഞ്ഞു

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ശൂരനാട് പോലീസ് സ്റ്റേഷനു വടക്കുഭാഗത്ത് ആഭ്യന്തരവകുപ്പിന്റെ സ്ഥലത്ത് കെട്ടിടം പണിയുന്നതിന് എല്ലാ നടപടിയും പൂർത്തിയാക്കിയിരുന്നു. തറക്കല്ലിടാൻ പോലീസ് ഉദ്യോഗസ്ഥതലത്തിൽ നീക്കം നടന്നു.

എന്നാൽ, താലൂക്ക് ആസ്ഥാനത്ത് ഓഫീസ് നിലനിർത്തണമെന്ന ആവശ്യം പലകോണുകളിൽനിന്നും ഉയർന്നതോടെ ചക്കുവള്ളിയിൽ കെട്ടിടം പണിയുന്നതിനെടുത്ത തീരുമാനം തത്കാലത്തേക്ക് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് മുൻ എം.എൽ.എ. കോവൂർ കുഞ്ഞുമോൻ ആഭ്യന്തരവകുപ്പിന് കത്തുനൽകിയിരുന്നു. ശാസ്താംകോട്ടയിൽ സ്ഥലം കണ്ടെത്തി നൽകാനുള്ള സാവകാശം വേണമെന്നായിരുന്നു ആവശ്യം.

ഓഫീസ് ശാസ്താംകോട്ടയിൽ നിലനിർത്തണമെന്ന നിലപാടിലായിരുന്നു പോലീസ് ഉദ്യോഗസ്ഥരും. ജനപ്രതിനിധികൾ മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും നിവേദനവും നൽകി. ശാസ്താംകോട്ടയിൽ സ്ഥലം കണ്ടെത്തിനൽകണമെന്ന് ഉയർന്ന പോലീസ് ഉദ്യോഗസ്ഥരും ആവശ്യപ്പെട്ടു. അങ്ങനെ ശാസ്താംകോട്ടയിൽ രണ്ട് സ്ഥലങ്ങൾ കണ്ടെത്തി. അതിൽ അനുയോജ്യമായ സ്ഥലമെന്ന നിലയിലാണ് കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിനായി നൽകിയ ഭൂമി ഏറ്റെടുത്തത്.