കാൽനടക്കാർക്ക് സുരക്ഷയൊരുക്കുമെന്ന് കെ.എസ്.ടി.പി.

To advertise here,

മിത്രപുരം : റോഡ് മുറിച്ചുകടക്കാൻ ഏറെനേരം കാത്തുനിൽക്കേണ്ടിവന്നിരുന്ന മിത്രപുരം ജങ്ഷനിൽ സുരക്ഷിതമായി മറുവശത്തെത്താനുള്ള സൗകര്യമൊരുങ്ങുന്നു. ജങ്ഷനിൽ സീബ്രാവരകൾ രേഖപ്പെടുത്താനായി കെ.എസ്.ടി.പി. അസിസ്റ്റന്റ് എൻജിനിയർ സ്മിതയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും അടൂർ ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ് എസ്.ഐ. ജി.സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും വ്യാഴാഴ്ച സ്ഥലം പരിശോധിച്ചു.

മിത്രപുരം ജങ്ഷനിൽനിന്ന് ഉദയഗിരി ഭാഗത്തേക്കുള്ള റോഡുമായി ചേരുന്ന ഭാഗത്ത് സീബ്രാവരകൾ രേഖപ്പെടുത്തണമെന്ന ആവശ്യമാണ് ഉയർന്നത്. എന്നാൽ, കോട്ടയം ഭാഗത്തുനിന്ന് അടൂരിലേക്ക് എത്തുമ്പോൾ ഈ ഭാഗത്ത് വളവായതിനാൽ വാഹനങ്ങളുടെ കാഴ്ചയ്ക്ക് തടസ്സമുണ്ടാകാതിരിക്കാൻ അല്പം മാറി സീബ്രാവര രേഖപ്പെടുത്താനാണ് ആലോചന.

എം.സി. റോഡിലെ അതീവ സുരക്ഷാ ഇടനാഴിയുടെ ഭാഗമായി സിഗ്നലുകൾ, റോഡ് വരകൾ, മറ്റ് സുരക്ഷാ സംവിധാനങ്ങൾ എന്നിവ ഒരുക്കുന്നതിന് നേതൃത്വം നൽകിയ നാറ്റ്പാക്കിന്റെ അനുമതി തേടിയ ശേഷമായിരിക്കും അന്തിമനടപടി. ഇതുസംബന്ധിച്ച റിപ്പോർട്ട് നാറ്റ്പാക്കിന് നൽകുമെന്ന് കെ.എസ്.ടി.പി. അധികൃതർ അറിയിച്ചു.

മിത്രപുരം-ഉദയഗിരി ഭാഗത്തെ സ്കൂളുകളിലേക്ക് പോകുന്ന വിദ്യാർഥികളടക്കം ദിവസവും ഒട്ടേറെ പേരാണ് ഇവിടെ എം.സി. റോഡ് മുറിച്ചുകടക്കുന്നത്. വാഹനത്തിരക്കേറിയ ഭാഗമായിട്ടും സീബ്രാ വരകളോ വഴിയാത്രക്കാർക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാൻ മറ്റു സംവിധാനങ്ങളോ ഇല്ലാത്തത് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. വാഹനങ്ങളുടെ വരവ് കുറയുന്നതുനോക്കി ഏറെനേരം കാത്തുനിന്ന ശേഷമാണ് പലർക്കും റോഡ് മുറിച്ചുകടക്കാനായിരുന്നത്.

ഈപ്രശ്നം ചൂണ്ടിക്കാട്ടി സെപ്റ്റംബർ 10-ന് മാതൃഭൂമി വാർത്ത നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എസ്.ഐ. ജി. സുരേഷ് കുമാർ കെ.എസ്.ടി.പി.ക്ക് കത്ത് നൽകി. തുടർന്നാണ് കെ.എസ്.ടി.പി. അധികൃതർ സ്ഥലത്തെത്തിയത്.