ദക്ഷിണ കന്നഡ ജില്ലയുടെ പേര് മംഗളൂരു എന്നു മാറ്റാനും ശുപാർശ
ബെംഗളൂരു : തുളുവിന് കർണാടകത്തിലെ ഔദ്യോഗികഭാഷാ പദവി. കന്നഡയ്ക്കു ശേഷം സംസ്ഥാനത്തെ രണ്ടാമത്തെ ഔദ്യോഗിക ഭാഷയായി തുളുവിന് അംഗീകാരം നൽക്കാൻ മംഗളൂരുവിൽച്ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ദക്ഷിണകന്നഡ, ഉഡുപ്പി ജില്ലകളിലാണ് തുളു സംസാരിക്കുന്നവർ കൂടുതലായുള്ളത്. ചിക്കമഗളൂരു, ശിവമോഗ എന്നിവിടങ്ങളിലും തുളു പ്രചാരത്തിലുണ്ട്. കേരളത്തിൽ കാസർകോട്, മഞ്ചേശ്വരം എന്നിവിടങ്ങളിലും തുളു സംസാരിക്കുന്നവരുണ്ട്.
തുളുവിനെ കർണാടകത്തിലെ ഔദ്യോഗിക ഭാഷയായി അംഗീകരിക്കുകയെന്നത് ദീർഘകാലമായി ഉയർന്ന ആവശ്യമായിരുന്നു. ഭാഷയുടെ വികസനത്തിനും പ്രചാരണത്തിനുമായി ഈവർഷം 82 ലക്ഷം അനുവദിക്കാനും തീരുമാനിച്ചുവെന്ന് മന്ത്രിസഭായോഗ തീരുമാനം വിശദീകരിച്ച മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു. ദക്ഷിണകന്നഡ ജില്ലയുടെ പേരു മാറ്റാനും മന്ത്രിസഭ ശുപാർശചെയ്തു.
മംഗളൂരു എന്നു പേരിടാനാണ് നിർദേശം. ഇതിന്മേൽ പൊതുജനങ്ങളുടെ അഭിപ്രായം തേടിയതിന് ശേഷമായിരിക്കും പേരുമാറ്റത്തിന് അന്തിമ ഉത്തരവ് പുറപ്പെടുവിക്കുക.
ദക്ഷിണകന്നഡ അടക്കം തീരദേശ ജില്ലകളിൽ 32,611 കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
16,000 കോടി രൂപ റോഡ് വികസനത്തിനായും ബാക്കി പണം തീരദേശവികസനത്തിനുമാണ് അനുവദിച്ചിരിക്കുന്നത്. പുത്തൂരിൽ 500 കോടി രൂപ മുടക്കി മെഡിക്കൽകോളേജ് ആരംഭിക്കും. ഇവിടെ ഫിഷറീസ് സർവകലാശാല തുടങ്ങാനും തീരുമാനിച്ചു.
ദക്ഷിണകന്നഡ ജില്ലയുടെ ഭരണാസ്ഥാനമായ മംഗളൂരുവിലെ പ്രജാ സൗധയിലാണ് മന്ത്രിസഭായോഗം ചേർന്നത്. ആദ്യമായിട്ടാണ് മംഗളൂരുവിൽ മന്ത്രിസഭാ യോഗം നടത്തുന്നത്.
ശിവകുമാറിന്റെ നേതൃത്വത്തിൽ മന്ത്രിമാർ കദ്രി മഞ്ജുനാഥ ക്ഷേത്രത്തിൽ ദർശനം നടത്തിയതിനു ശേഷം തുറന്ന ബസിൽ റാലിയായിട്ടാണ് പ്രജാസൗധയിലേക്ക് എത്തിയത്.
Published: 19 Sept 2026, 12:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented