മണ്ണാറക്കുളഞ്ഞിക്കും പ്ലാച്ചേരിക്കും ഇടയിൽ എന്നും അപകടം
റാന്നി: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാത നവീകരണത്തോടെ മണ്ണാറക്കുളഞ്ഞിക്കും പ്ലാച്ചേരിക്കും ഇടയിലും അപകടങ്ങൾ പതിന്മടങ്ങായി വർധിച്ചു. പുനലൂർ-മൂവാറ്റുപുഴ പാതയും ശബരിമലപാതയും ചേരുന്ന മണ്ണാറക്കുളഞ്ഞിയിലെ വളവ് തീർഥാടനകാലത്ത് സ്ഥിരം അപകടമേഖലയാണ്. പുനലൂർ-മൂവാറ്റുപുഴ പാത വീതികൂടിയതും ശബരിമലപാത വീതി കുറഞ്ഞതുമാണ്. 94 അപകടങ്ങളാണ് കഴിഞ്ഞ ആറ് മാസങ്ങൾക്കിടയിൽ മണ്ണാറക്കുളഞ്ഞിക്കും പ്ലാച്ചേരിക്കും ഇടയിൽ നടന്നത്. ഏഴ് ജീവനുകൾ പൊലിഞ്ഞു. 110-ലധികം പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച ചെത്തോങ്കരയ്ക്കും മാടത്തുംപടിക്കും ഇടയിലും തോട്ടമൺകാവിന് സമീപവും ബൈക്കപകടങ്ങൾ നടന്നു.
ഉതിമൂട് മുതൽ ബ്ലോക്കുപടി വരെയുള്ള ഭാഗത്തും മന്ദമരുതിക്കും ചെത്തോങ്കരയ്ക്കും ഇടയിലാണ് കൂടുതൽ അപകടങ്ങളുണ്ടായിട്ടുള്ളത്. അശ്രദ്ധമായ ഡ്രൈവിങും ഡ്രൈവർ ഉറങ്ങിപ്പോകുന്നതുമാണ് മിക്ക അപകടങ്ങളുടെയും കാരണം. ഉതിമൂട്, ബ്ലോക്കുപടി, മാമുക്ക്, ചെത്തോങ്കര എന്നീ ജങ്ഷനുകളിൽ അപകടം ഒഴിവാക്കാനായി സ്ഥാപിച്ച ഡെലിനേറ്റർ പോസ്റ്റുകളിൽ (ഡിവൈഡർ) മിക്കവയും വാഹനങ്ങളിടിച്ച് നിലംപതിച്ച നിലയിലാണ്.
ഡ്രൈവർമാർ ഉറങ്ങിപ്പോയതിനാൽ മന്ദമരുതിക്കും ചെല്ലയ്ക്കാടിനും ഇടയിൽ നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. രണ്ടാഴ്ച മുമ്പാണ് നിയന്ത്രണംവിട്ട കാർ ലോറിയിലേക്ക് ഇടിച്ചുകയറിയത്. ദമ്പതിമാർക്ക് പരിക്കേറ്റിരുന്നു. കാർ പൂർണമായി തകർന്നു. ഇതേ സ്ഥലത്താണ് കാർ കെ.എസ്.ആർ.ടി.സി. ബസിലേക്ക് ഇടിച്ചുകയറി ഒരാൾ മരിക്കാനിടയായ അപകടമുണ്ടായത്. കാറിടിച്ച് സ്വകാര്യ സ്ഥാപന ജീവനക്കാരൻ മരിച്ചതും ഇവിടെ ഉണ്ടായ അപകടത്തിലാണ്. മാടത്തുംപടിയിൽ റോഡരികിലെ വീട്ടിലേക്ക് രണ്ട് തവണയാണ് ലോറി ഇടിച്ചുകയറിയത്.
ഉതിമൂടിനും ബ്ലോക്കുപടിക്കും ഇടയിൽ ഡ്രൈവർമാർ ഉറങ്ങിയ കാരണത്താൽ ഒരുവർഷത്തിനിടയിൽ 10-ൽ അധികം അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. കാറും ജീപ്പും ഇടിച്ചും, ശബരിമല തീർഥാടകർ സഞ്ചാരിച്ച വാഹനങ്ങൾ കൂട്ടിയിടിച്ചും ഈ മേഖലയിൽ ഉണ്ടായ അപകടങ്ങളിലായി രണ്ട് ജീവനുകളാണ് പൊലിഞ്ഞത്. ഉതിമൂട്, മാമുക്ക്, ബ്ലോക്കുപടി, ചെത്തോങ്കര ജങ്ഷനുകളിൽ അപകടം വർധിച്ചപ്പോൾ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സന്ദർശിച്ച് നടത്തിയ പരിശോധനയെ തുടർന്നാണ് ഇവിടെയൊക്കെ ഡിവൈഡറുകൾ സ്ഥാപിച്ചത്. ബ്ലോക്കുപടിയിൽ ഇനി അവശേഷിക്കുന്നത് വിരലിൽ എണ്ണാവുന്നവ മാത്രം, മറ്റിടങ്ങളിലും സ്ഥിതി ഇതൊക്കെ തന്നെ.
ഡീസലിൽ തെന്നിമറിയുന്നു
റോഡിൽ വീഴുന്ന ഡീസലിൽ തെന്നി ഇരുചക്രവാഹനങ്ങൾ പതിവായി അപകടത്തിൽപ്പെടുന്ന ഒരുസ്ഥലം സംസ്ഥാനപാതയിലുണ്ട്. തോട്ടമൺകാവ് ക്ഷേത്രത്തിനും എസ്.ബി.ടി. പടിക്കും ഇടയിലുള്ള വളവിലാണിത്. വ്യാഴാഴ്ചയും ഇത്തരത്തിൽ ബൈക്ക് മറിഞ്ഞു.
കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 20-ലധികം അപകടങ്ങൾ ഇത്തരത്തിലുണ്ടായിട്ടുണ്ട്. വളവ് തിരിയുമ്പോൾ വലിയ വാഹനങ്ങളിൽനിന്ന് ഡീസൽ റോഡിലേക്ക് വീഴുന്നതാണ് അപകട കാരണം. ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതോടെ തൊട്ടടുത്തുള്ള ഫയർ സ്റ്റേഷനിൽനിന്നും ഉദ്യോഗസ്ഥരെത്തി ഡീസൽ കഴുകിക്കളഞ്ഞ് പാത വൃത്തിയാക്കുകയാണ്. ഈ വളവിൽ മാത്രം ഇതെങ്ങനെ സംഭവിക്കുന്നു എന്നതാണ് നാട്ടുകാർ ചോദിക്കുന്നത്. റോഡ് നവീകരണത്തിന് മുമ്പും ഈ വളവിൽ നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.
(തുടരും...)
Published: 18 Sept 2026, 12:57 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented