ചന്ദനപ്പള്ളി : നൂറിലേറെ മസ്ജിദുകൾക്കും നാല് ക്രൈസ്തവ ദേവാലയങ്ങൾക്കും ഒരുക്ഷേത്രത്തിനും രൂപം നൽകിയ പ്രശസ്ത വാസ്തുശില്പി ജി. ഗോപാലകൃഷ്ണന്റെ നിര്യാണത്തിൽ ചന്ദനപ്പള്ളി വലിയപള്ളി ഇടവകയും നാടും ആദരാഞ്ജലിയർപ്പിച്ചു. വ്യത്യസ്തമതങ്ങളുടെ വാസ്തുപാരമ്പര്യങ്ങളെ ചേർത്തിണക്കി ചന്ദനപ്പള്ളിയുടെ മണ്ണിൽ അദ്ദേഹം സൃഷ്ടിച്ച സെയ്ന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി അദ്ദേഹത്തിന്റെ ശ്രദ്ധേയമായ വാസ്തുശില്പ സൃഷ്ടികളിലൊന്നാണ്.
1986-ൽ ആരംഭിച്ച വലിയപള്ളിയുടെ നിർമാണം 14 വർഷത്തെ പ്രയത്നത്തിനൊടുവിൽ 2000-ൽ പൂർത്തിയായി. ക്രൈസ്തവ വാസ്തുവിദ്യയുടെ ആത്മീയതയും ഗോഥിക് മാതൃകയുടെ സവിശേഷതകളും ഹൈന്ദവ ശില്പപാരമ്പര്യത്തിന്റെയും ഇസ്ലാമിക വാസ്തുവിദ്യയുടെയും രൂപഭാവങ്ങളും സമന്വയിപ്പിച്ചാണ് ഗോപാലകൃഷ്ണൻ ദേവാലയത്തിന് രൂപം നൽകിയത്. അതുകൊണ്ടുതന്നെ കേരളത്തിലെ ആരാധനാലയ വാസ്തുവിദ്യയിൽ വേറിട്ട സ്ഥാനമാണ് ചന്ദനപ്പള്ളി വലിയപള്ളിക്കുള്ളത്. 164 അടി നീളവും 64 അടി വീതിയും 134 അടി ഉയരവുമാണ് പള്ളിയുടെ പ്രധാന അളവുകൾ. 98 അടി നീളവും 48 അടി വീതിയുമുള്ള ഹാളിന് ഏകദേശം 4700 ചതുരശ്രയടി വിസ്തീർണമുണ്ട്. മദ്ബഹയുടെ ഉയരം 82 അടിയാണ്. ഏകദേശം 1800 പേർക്ക് ഇരിക്കാവുന്ന ശേഷിയുമുണ്ട്.
പള്ളിയുടെ അകത്തളത്തിലെ രാജകൊട്ടാരങ്ങളെ ഓർമ്മിപ്പിക്കുന്ന പാനലിങ്ങും മരപ്പണികളും ഗോപാലകൃഷ്ണന്റെ കലാഭാവനയുടെ സവിശേഷ അടയാളങ്ങളാണ്. ഈ ദേവാലയത്തിനായി പ്രത്യേകമായി രൂപകല്പന ചെയ്ത നിരവധി മോൾഡുകൾ സമീപത്തുതന്നെ നിർമിച്ചാണ് ഉപയോഗിച്ചത്. നിർമാണത്തിലെ ഓരോ അലങ്കാരഘടകത്തിലും ശിൽപിയുടെ സൂക്ഷ്മമായ കൈയൊപ്പ് കാണാം. ഔപചാരികമായി വാസ്തുശില്പം പഠിച്ചിട്ടില്ലാത്ത ഗോപാലകൃഷ്ണൻ പിതാവ് കെ. ഗോവിന്ദന്റെ നിർമാണ പ്രവർത്തനങ്ങളിലൂടെ നേടിയ അനുഭവവും നിരീക്ഷണവും സ്വയംപഠനവും കഠിനാധ്വാനവും കൈമുതലാക്കിയാണ് ശ്രദ്ധേയനായ വാസ്തുശിൽപിയായി വളർന്നത്. പാളയം ജുമാ മസ്ജിദ്, ബീമാ പള്ളി ഉൾപ്പെടെ നൂറിലേറെ മസ്ജിദുകൾക്ക് രൂപം നൽകിയിട്ടുണ്ട്.
Published: 18 Sept 2026, 12:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented