രാത്രി 10:45-ന് പുണെയിൽനിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ ആറിന് ബീഡിൽ എത്തിച്ചേരും

To advertise here,

മുംബൈ : പുണെയെ ബീഡുമായി ബന്ധിപ്പിക്കുന്ന പ്രതിദിന ട്രെയിൻ സർവീസ് സെപ്റ്റംബർ 22 മുതൽ ആരംഭിക്കുമെന്ന് സെൻട്രൽ റെയിൽവേ അറിയിച്ചു. പുതുതായി വികസിപ്പിച്ച അഹമ്മദ്നഗർ-ബീഡ് പാതയിലൂടെയായിരിക്കും ട്രെയിൻ കടന്നുപോകുക. 11433 നമ്പർ ട്രെയിൻ രാത്രി 10:45-ന് പുണെയിൽനിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ ആറിന് ബീഡിൽ എത്തിച്ചേരും.

മടക്കയാത്രയിൽ, ട്രെയിൻ നമ്പർ 11434 സെപ്റ്റംബർ 23-ന് രാത്രി 9.30-ന് ബീഡിൽനിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 5.20-ന് പുണെയിൽ എത്തിച്ചേരും. സെപ്റ്റംബർ 20-ന് ബുക്കിങ് ആരംഭിക്കും. ഒരു എസി 2-ടയർ, രണ്ട് എസി 3-ടയർ, ആറ് സ്ലീപ്പർ ക്ലാസ്, നാല് റിസർവ് ചെയ്യാത്ത ജനറൽ സെക്കൻഡ് ക്ലാസ്, ഒരു ജനറേറ്റർ കാർ, ഒരു ലഗേജ്-കം-ഗാർഡ് വാൻ എന്നിവ ഉൾപ്പെടുന്ന 15 ആധുനിക ലിങ്ക് ഹോഫ്മാൻ ബുഷ് (എൽ.എച്ച് .ബി.) കോച്ചുകളാണ് ഈ ട്രെയിനിലുള്ളത്.

പുതിയ സർവീസ് നടത്തുന്നതിനായി സെൻട്രൽ റെയിൽവേ മൂന്ന് ട്രെയിനുകളുടെ പുറപ്പെടൽ സമയം പരിഷ്കരിച്ചു.

സെപ്റ്റംബർ 25 മുതൽ 11405 പുണെ-അമരാവതി എക്സ്പ്രസ് 10 മിനിറ്റ് വൈകി രാത്രി 10.55-ന് പുണെയിൽനിന്ന് പുറപ്പെടും. സെപ്റ്റംബർ 22 മുതൽ 11417 പുണെ -സോളാപുർ എക്സ്പ്രസ് രാത്രി 11.00-ന് പകരം രാത്രി 11.05-ന് പുണെയിൽനിന്ന് പുറപ്പെടും.

സെപ്റ്റംബർ 22 മുതൽ 16381 പുണെ-കന്യാകുമാരി എക്സ്പ്രസ് രാത്രി 11.45 ന് പകരം രാത്രി 11.20-ന് പുണെയിൽനിന്ന് പുറപ്പെടുമെന്ന് റെയിൽവേ അറിയിച്ചു.