കൊടുമണ്ണിലെ ബെവറജസിലും കയറി
അടൂർ : തിരുവനന്തപുരത്തെ വെഞ്ഞാറമൂട്ടിൽനിന്ന് ഓട്ടോറിക്ഷ മോഷ്ടിച്ചുള്ള യാത്ര. വഴിയിൽ കണ്ണിൽപ്പെട്ട കടകളിലും ക്ഷേത്രങ്ങളിലും മോഷണം. ഒടുവിൽ എത്തിയത് അടൂരിൽ. തുടർച്ചയായി മൂന്ന് ദിവസം അടൂരിലും പരിസരങ്ങളിലും മോഷണപരമ്പര. പ്രതികളെ തേടിയുള്ള പോലീസിന്റെ അന്വേഷണം ഒടുവിൽ മൂന്നാറിലെ ചിന്നക്കനാൽ, സൂര്യനെല്ലി മേഖലയിലെത്തി. പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ അഞ്ചുപേരെ പോലീസ് പിടികൂടിയത് സാഹസികമായാണ്.
പ്രായപൂർത്തിയാകുന്നതിന് മുമ്പുതന്നെ ഒട്ടേറെ കേസുകളിൽ പ്രതികളായവരാണ് സംഘത്തിലുള്ളതെന്നാണ് പോലീസ് പറയുന്നത്. വളരെ വേഗത്തിൽ മോഷണം നടത്തി അടുത്ത സ്ഥലത്തേക്ക് കടക്കുന്നതാണ് ഇവരുടെ രീതി. മോഷണത്തിനായി മോഷ്ടിച്ച വാഹനങ്ങൾ ഉപയോഗിക്കും. തലയിൽ ഹെൽമെറ്റ് ധരിക്കും. അതിനാൽ സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പോലീസിന് വെല്ലുവിളിയായിയിരുന്നു. കഴിവതും മൊബൈൽ ഫോൺ ഉപയോഗിക്കില്ല. ഒരുദിവസം പത്തുകിലോമീറ്ററോളം ചുറ്റളവിൽ രണ്ടിടങ്ങളിൽ വരെ മോഷണം നടന്നതായി അന്വേഷണത്തിൽ വ്യക്തമായി. പ്രതികളെ കസ്റ്റഡിയിലെടുക്കുമ്പോൾ രണ്ട് മോഷ്ടിച്ച ബൈക്കുകൾ ഇവരുടെ കൈയിലുണ്ടായിരുന്നു. ഇവ പോലീസ് പിടിച്ചെടുത്തു. മോഷണത്തിനായി വാഹനങ്ങൾ മാറിമാറി ഉപയോഗിച്ചിരുന്നു.
മോഷണപ്പണത്തിൽ വസ്ത്രവും മദ്യവും
മോഷണം നടത്തി ലഭിക്കുന്ന പണം ഉപയോഗിച്ച് വസ്ത്രങ്ങളും മദ്യവും വാങ്ങുന്നതാണ് സംഘത്തിന്റെ പതിവ്. ബൈക്കുകളിലും മറ്റും കറങ്ങിനടക്കുന്നതും പതിവായിരുന്നു. തുടർച്ചയായ മൂന്ന് ദിവസങ്ങളിലായി അടൂരിലും സമീപപ്രദേശങ്ങളിലും ക്ഷേത്രം, പള്ളി, വ്യാപാരസ്ഥാപനം, വീട് എന്നിവിടങ്ങളിൽ മോഷണവും മോഷണശ്രമവും അരങ്ങേറി. ഒടുവിൽ സ്കൂളിലേക്കും സംഘം എത്തി. ഇതോടെ നാട്ടുകാരിൽ ആശങ്കയായി. ജില്ലാ പോലീസ് മേധാവി ആർ. ആനന്ദിന്റെ നിർദേശപ്രകാരം അടൂർ ഡിവൈ.എസ്.പി. കെ.പി. വിനോദ്, സി.ഐ. ആർ. രാജീവ് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചാണ് അന്വേഷണം നടത്തിയത്.
അടൂർ എസ്.എം.ഒ. ജി.യു. ജിനു, സി.പി.ഒ.മാരായ അമീഷ്, വിജയ് കൃഷ്ണൻ, നിധിൻ, അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മൂന്നാറിലെത്തി പ്രതികളെ പിടികൂടിയത്. അടൂരിലെ അന്വേഷണത്തിന് എസ്.ഐ.മാരായ അനൂപ് രാഘവൻ, രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
Published: 18 Sept 2026, 12:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented