പന്തളം: റോഡിന്റെ നിലവാരം മെച്ചപ്പെട്ടാൽ ഉണ്ടാകുന്ന ഗുണമൊന്നും കുരമ്പാല- പഴകുളം റോഡിൽ ഉണ്ടായിട്ടില്ല. അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തി ഒരുപാളി ടാറിങ് നടത്തിയ കുരമ്പാല-കുരമ്പാല തെക്ക്- തണ്ടാനുവിള- പഴകുളംവഴി പോകുന്ന ആനയടി- കൂടൽ റോഡിന്റെ തുടക്കത്തിലാണ് അപകടം കൂടുതൽ. ഒന്നരമാസംമുമ്പ് കുരമ്പാല സ്വദേശിയായ ഒരാൾ സ്കൂട്ടർ കൂട്ടിയിടിച്ച് മരിച്ചതാണ് ഒടുവിലുണ്ടായ അപകടമരണം.

To advertise here,

നിലവാരം ഉയർത്തിയതുകൊണ്ട് കുരമ്പാല നിവാസികൾക്ക് പ്രത്യേകം ഗുണമൊന്നും ഉണ്ടായിട്ടില്ലെന്നതാണ് സത്യം. 2020-ൽ കുരമ്പാല തെക്ക് ഭാഗത്ത് തുടങ്ങിയ പണിയാണ് ഇപ്പോഴും ടാറിങ് ഒഴികെ പൂർത്തിയാകാതെ കിടക്കുന്നത്. ആറ് വർഷത്തിനിടയിൽ പണിതത് കലുങ്കുകളും കുറച്ചുഭാഗത്തെ ഓടയും മണ്ണിട്ടുയർത്തലും ആദ്യഘട്ട ടാറിങ്ങും മാത്രമാണ്.

പിന്നീട് ഐറിഷ് ഓടയുടെ പണിയും കുറച്ച് ഭാഗത്ത് പൂർത്തിയാക്കി. കുരമ്പാല തെക്ക് ഭാഗത്തുനിന്ന്‌ എം.സി.റോഡിലേക്ക് വാഹനം പ്രവേശിക്കുന്ന കവലയിലാണ് പ്രധാന അപകടക്കെണിയുള്ളത്. വാഹനം എം.സി. റോഡിലേക്ക് കയറുമ്പോഴും എം.സി.റോഡിൽനിന്ന്‌ പഴകുളം റോഡിലേക്ക് തിരിയുമ്പോഴും അമിത വേഗത്തിൽ എം.സി. റോഡിലൂടെ എത്തുന്ന വാഹനം ഇടിച്ചാണ് അപകടം കൂടുതലും ഉണ്ടാകുന്നത്.

ബെൽ മൗത്ത് രീതിയിലുള്ള കവലയാണ് ഇവിടെ വിഭാവനം ചെയ്തിരുന്നത്. എന്നാൽ, വാഹനത്തിന് നിയന്ത്രണമോ, സിഗ്നൽ സംവിധാനമോ, വെളിച്ചമോ ഒന്നും ഇവിടെയില്ല. കഴിഞ്ഞ ഒരു വർഷത്തിനിടെ പത്തിലധികം അപകടങ്ങളാണ് ഇവിടെ നടന്നത്.

പത്ത് ബസുകൾ ചുരുങ്ങി മൂന്നായി

പൊതുഗതാഗത സംവിധാനം ചുരുങ്ങിപ്പോയതും കുരമ്പാല തെക്ക് നിവാസികളെ ബുദ്ധിമുട്ടിക്കുന്നുണ്ട്. പത്ത് ബസുകൾ പല സമയങ്ങളിലായി സർവീസ് നടത്തിയിരുന്നു. ഇത് മൂന്നായി ചുരുങ്ങിയതോടെ യാത്രക്കാർ ഓട്ടോറിക്ഷയെയും സ്വന്തം വാഹനങ്ങളെയും ആശ്രയിക്കേണ്ട അവസ്ഥയിലായി. തണ്ടാനുവിള ഹയർസെക്കൻഡറി സ്കൂളിലേക്ക് വിദ്യാർഥികൾക്ക് എത്തുന്നതിനും ബുദ്ധിമുട്ടുണ്ട്.

മൂന്ന് ജില്ലകളെ ബന്ധിപ്പിച്ച് ആനയടി- കൂടൽ റോഡ് വരുമ്പോൾ ദീർഘദൂര സർവീസുൾപ്പെടെ ഉണ്ടാകുമെന്ന് ആഗ്രഹിച്ചിരുന്നവർക്ക് ഒന്നും ലഭിച്ചില്ല.

അടിയന്തരനടപടി വേണം

കുരമ്പാലയിൽനിന്ന്‌ പഴകുളം റോഡിലേക്കിറങ്ങുന്ന ഭാഗത്ത് ഇരുവശവും സ്ളാബ് ഇളകി കിടക്കുന്നുണ്ട്. പ്രധാന റോഡുണ്ടെന്ന് തിരിച്ചറിയാൻ കഴിയാത്തവിധമുള്ള ഒരു കവലയാണ് ഇത്. അപകടം ഒഴിവാക്കാനുള്ള നടപടിയുണ്ടാകണം.

-മനോജ് കുരമ്പാല, നഗരസഭാ കൗൺസിലർ