മണൽ ലേലംചെയ്ത് ലഭിച്ചത് 2.7 കോടി രൂപ
പട്ടാമ്പി : 2018-ലും 19-ലും ഉണ്ടായ പ്രളയത്തിൽ ഭാരതപ്പുഴയിൽ പട്ടാമ്പി ഭാഗത്ത് അടിഞ്ഞുകൂടിയ മണൽ നീക്കുന്നത് സജീവമായി. ജലസേചനവകുപ്പിന്റെ മേൽനോട്ടത്തിലാണ് പണി.
പട്ടാമ്പി നഗരസഭാപരിധിയിൽ നിർമാണം അന്തിമഘട്ടത്തിലെത്തിയ ഭാരപ്പുഴയിലെ പട്ടാമ്പി തടയണയുടെ മുകൾഭാഗത്തായി അടിഞ്ഞുകൂടിയ മണൽക്കൂനകളാണ് നീക്കുന്നത്.
മണൽ നീക്കുന്നതോടെ തടയണയുടെ പൂർണമായുള്ള ജലസംഭരണശേഷി കൈവരിക്കാൻ കഴിയുമെന്നും അതിലൂടെ കിഴായൂർ, ഞാങ്ങാട്ടിരി തിരുമിറ്റക്കോട് പാടശേഖരങ്ങളിലെ 940 ഹെക്ടർ സ്ഥലത്ത് ജലസേചനം ഉറപ്പാക്കാൻ കഴിയുമെന്നും ജലസേചന വകുപ്പ് അസി. എൻജിനിയർ സി.എസ്. മനോഹരൻ നായർ പറഞ്ഞു. ഇതുവരെ 10,000 ക്യുബിക് മീറ്റർ മണൽ ലേലംചെയ്തതോടെ 2.7 കോടിരൂപയാണ് സർക്കാരിന് ലഭിച്ചത്.
തടയണയുടെ താഴെഭാഗത്ത് ഭാരതപ്പുഴയിൽ പട്ടാമ്പി പാലംവരെയുള്ള ഭാഗത്ത് ഏറെ മണൽ അടിഞ്ഞുകൂടിയിട്ടുണ്ട്. പാലക്കാട് ഭാഗങ്ങളിൽ കനത്ത മഴപെയ്ത് വെള്ളം പട്ടാമ്പി ഭാഗത്തേക്ക് ഒഴുകിയെത്തുകയും പട്ടാമ്പി ഭാഗത്ത് ശക്തമായ മഴപെയ്യുകയുംചെയ്താൽ പുഴ കരകവിഞ്ഞ് റോഡിൽ വെള്ളം കയറും. ജനവാസകേന്ദ്രങ്ങളിലേക്കുമൊഴുകും. ഇത് തടയാൻ മണൽക്കൂനകൾ നീക്കേണ്ടതുണ്ട്.
നീക്കേണ്ട മണൽക്കൂനകളുടെ വിശദവിവരമടങ്ങിയ പദ്ധതിരേഖ തയ്യാറാക്കുമെന്നും ജലസേചനവകുപ്പ് അധികൃതർ പറഞ്ഞു. പണി പൂർത്തിയായി വരുന്ന കൂട്ടക്കടവ് തടയണഭാഗത്തും മണൽക്കൂനകൾ ലേലംചെയ്ത് നീക്കുന്നുണ്ട്.
മണൽ വാങ്ങാം
1,04,621 ക്യൂബിക്ക് മീറ്റർ മണലാണ് ഇപ്പോൾ നീക്കുന്നത്. കണ്ണൂർ ആസ്ഥാനമായ കമ്പനിയാണ് പണി ഏറ്റെടുത്തിരിക്കുന്നത്. കിഴായൂർ നമ്പ്രം റോഡിലുള്ള മണൽ യാർഡിൽ പ്രവൃത്തിദിവസങ്ങളിൽ നാട്ടുകാർക്ക് നേരിട്ട് മണൽ വാങ്ങാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന് പട്ടാമ്പി ചെറുകിട ജലസേചനവകുപ്പുമായി ബന്ധപ്പെട്ടാൽ മതി.
Published: 15 Oct 2026, 03:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented