അറ്റകുറ്റപ്പണികൾ നടത്തണമെന്നാവശ്യം

To advertise here,

പള്ളിപ്പുറം : പള്ളിപ്പുറം, തൃത്താല വെളളിയാങ്കല്ല് ഭാഗങ്ങളിൽനിന്ന്‌ പട്ടാമ്പിയിലേക്കുള്ള എളുപ്പമാർഗമായ പള്ളിപ്പുറം-പട്ടാമ്പി തീരദേശ റോഡ് തകർച്ചയിൽ. റോഡിലെ കൊടുമുണ്ട ഗേറ്റ് മുതൽ രണ്ടുകിലോമീറ്ററോളം വരുന്ന ഭാഗത്താണ് നിറയെകുഴികൾ രൂപപ്പെട്ടിരിക്കുന്നത്. ഇത് യാത്രക്കാർക്ക് ദുരിതമാവുന്നു.

പട്ടാമ്പിയിൽനിന്ന്‌ പള്ളിപ്പുറത്തേക്കുളള എളുപ്പമാർഗമാണ് ഈ പാത. പാതയുടെ പരുതൂർ പഞ്ചായത്തിൽ വരുന്നഭാഗം നേരത്തേ നവീകരിച്ചിരുന്നു. എന്നാൽ, മുതുതല ഭാഗത്തെ രണ്ട് കിലോമീറ്ററോളം വരുന്ന പാത പാടേ തകർന്നുകിടക്കുകയാണ്.

സ്വകാര്യബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഈ പാതയിലൂടെ കടന്നുപോകുന്നുണ്ട്. റോഡിന്റെ ചില ഭാഗങ്ങളിൽ വലിയകുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. വീതി കുറവുളള റോഡായാതുകൊണ്ടുതന്നെ കുഴികൾ വെട്ടിക്കാൻശ്രമിക്കുമ്പോൾ അപകടവും പതിവാണ്. മഴതുടങ്ങിയാൽ പാതയിലൂടെയുള്ള യാത്ര ഏറെ വിഷമകരവുമാണ്.

റോഡിന്റെ തകർച്ചയെക്കുറിച്ച് കഴിഞ്ഞ താലൂക്ക് വികസനസമിതിയിൽ പരാതിയുയർന്നിരുന്നു. പാതയിലെ വലിയകുഴികൾ മൂടാനുള്ള നടപടിയെങ്കിലും കൈകൊള്ളണമെന്നായിരുന്നു ആവശ്യം. അതേസമയം, പാതയിലെ രണ്ടരക്കിലോമിറ്ററോളം വരുന്ന ഭാഗത്തെ തകർച്ച പരിഹരിക്കാനാവശ്യമായ അറ്റകുറ്റപ്പണികൾ ഉടൻ നടത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ പറഞ്ഞു.