അമ്പലപ്പാറ : മണ്ണൂർ-അമ്പലപ്പാറ പാതയിൽ അപകടങ്ങൾ പതിവായ, തകർന്നഭാഗങ്ങൾ ഒടുവിൽ നവീകരിക്കുന്നു. കണ്ണമംഗലത്താണ് വാർഷിക അറ്റകുറ്റപ്പണിയുടെ ഭാഗമായി റോഡ് ടാർ ചെയ്ത് നവീകരിക്കുന്നത്. ഇതുൾപ്പെടെ അഞ്ച് റോഡുകൾക്ക് 51 ലക്ഷംരൂപയാണ് അനുവദിച്ചിട്ടുള്ളത്.

To advertise here,

അമ്പലപ്പാറമുതൽ മണ്ണൂർവരെയുള്ള റോഡിലെ കുഴികളും ഇതോടൊപ്പം അടയ്ക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ പറഞ്ഞു. കണ്ണമംഗലം പൊതുവായിൽ പാലത്തിന്റെയും പൂങ്ങോട്ട് വളവ് പാലത്തിന്റെയും ഇരുഭാഗങ്ങളിലുള്ള അപ്രോച്ച് റോഡുകളാണ് ഗതാഗതയോഗ്യമാക്കുന്നത്. നേരത്തേ ഈ ഭാഗങ്ങൾ ഒഴിവാക്കിയാണ് അമ്പലപ്പാറ-മണ്ണൂർ പാത റബ്ബറൈസ് ചെയ്ത് നവീകരിച്ചത്. ഈ ഭാഗങ്ങൾ വീതികൂട്ടിയാൽ കുപ്പിക്കഴുത്തായിനിൽക്കുന്ന പാലങ്ങൾക്കുസമീപം കൂടുതൽ അപകടങ്ങൾ നടക്കുമെന്നതിനാലാണ് അന്ന് നവീകരിക്കാതിരുന്നത്.

ഇതോടെ മൂന്നുവർഷത്തോളമായി റോഡ് തകർന്നുകിടക്കുകയായിരുന്നു. കഴിഞ്ഞവർഷം കുഴികൾ അടച്ചതൊഴിച്ചാൽ മറ്റു നവീകരണമൊന്നും ഈ ഭാഗത്ത് നടന്നിട്ടില്ല.

രണ്ടുപാലങ്ങളുടെയും ഇരുഭാഗങ്ങളിലും അരക്കിലോമീറ്റർവീതം ദൂരത്തിലാണ് റോഡ് തകർന്നുകിടക്കുന്നത്. പൊതുവായിൽ പാലം രണ്ട്‌ ഇറക്കങ്ങൾക്കു നടുവിലാണ്. കുഴികൾ നിറഞ്ഞതിനാൽ കയറ്റംകയറാനും ഇറക്കമിറങ്ങാനും വാഹനങ്ങൾ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. ഇതിനിടെയാണ് ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ അപകടങ്ങളിൽപ്പെടുന്നത് പതിവാകുന്നത്.

പൂങ്ങോട്ട് വളവ് പാലത്തിൽ ഉൾപ്പെടെ വലിയ കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്. പാലങ്ങളുടെ നവീകരണത്തിന് പദ്ധതിയുണ്ടെങ്കിലും നടപടികൾ ഇഴഞ്ഞുനീങ്ങുകയാണ്. നവീകരണം ഉടൻ തുടങ്ങുമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനിയർ ആർ. രാജേഷ് അറിയിച്ചു.