കല്ലടിക്കോട് : കരിമ്പ മരുതുംകാട് മുണ്ടനാട് പ്രദേശം കാട്ടാനകൾ സ്ഥിരം താവളമാക്കിയതോടെ പരിസരപ്രദേശങ്ങളിലെ ജനജീവിതം ആശങ്കയിൽ.

To advertise here,

പകൽസമയങ്ങളിൽപ്പോലും മുണ്ടനാട് മേഖലയിലെ തോട്ടങ്ങളിൽ കാട്ടാനകൾ വരുന്നതിനാൽ ഇവിടേക്ക്‌ തോട്ടംതൊഴിലാളികളെ ലഭിക്കാത്ത സ്ഥിതിയാണുള്ളത്. പ്രധാനമായും റബ്ബർ, തെങ്ങ്, കവുങ്ങ് തുടങ്ങിയ വിളകളാണ് ഇവിടെ കൃഷിചെയ്യുന്നത്.

ജനവാസംകുറഞ്ഞ ഈ പ്രദേശത്തെ തെങ്ങ്, കവുങ്ങ് തുടങ്ങിയ വിളകൾ ഏതാണ്ട് കാട്ടാനകൾ നശിപ്പിച്ച നിലയിലാണിപ്പോൾ. ചെറുകിട തോട്ടമുടമകൾ പലരും കാട്ടാനശല്യംമൂലം കൃഷിയിടം ഉപേക്ഷിച്ചുപോയി.

ഇതോടെ, കാടുകയറിനിൽക്കുന്ന ഈ തോട്ടങ്ങൾ കാട്ടാനകളുടെ പകൽ ത്താവളങ്ങളായി. ഇരുട്ടാകുന്നതോടെ ഇവ മരുതുംകാട്, ചുള്ളിയാംകുളം, ഇടപ്പറമ്പ്, മൂന്നേക്കർ, പാങ്ങ് പ്രദേശങ്ങളിലേക്കുകടന്ന് കൃഷി നശിപ്പിക്കുന്നത് തുടരുകയാണിപ്പോൾ.

കാർഷികവിളകൾക്കുപുറമേ കൃഷിയിടങ്ങളിലെ സംരക്ഷണഭിത്തികൾ, അതിർത്തി കൈയാലകൾ, ശുദ്ധജല സംഭരണികൾ തുടങ്ങിയവയും കാട്ടാനകൾ ചവിട്ടി നശിപ്പിക്കുകയാണ്. രാത്രികാലത്ത് മരുതുംകാട്_മൂന്നേക്കർ റോഡിലൂടെയുള്ള യാത്ര സാഹസം നിറഞ്ഞതായി.

കാട്ടാനകൾ കൃഷിയിടങ്ങളിലെത്തി വിളനശിപ്പിക്കുന്ന വിവരമറിയിച്ചാൽത്തന്നെ വനംവകുപ്പിന്റെ ദ്രുതകർമ്മസേന എത്തുമ്പോഴേക്കും ഇവ കൃഷിയിടം നശിപ്പിച്ചിട്ടുണ്ടാകും. പടക്കംപൊട്ടിച്ചും ശബ്ദമുണ്ടാക്കിയും ഓടിക്കുകമാത്രമാണ് ദ്രുതകർമസേനയ്ക്ക് ചെയ്യാനാവുക.

റബ്ബർ ബുള്ളറ്റുപയോഗിച്ച് ഇവയെ കാടുകയറ്റുന്നതിനായി വനംവകുപ്പ് അധികൃതരുടെ ഇടപെടലുണ്ടാകണമെന്നാണ് ജനങ്ങളുടെ ആവശ്യം.