കൊല്ലങ്കോട് : പാലക്കാട് റോഡിലെ പുത്തൻകുളത്തിന് സമീപം കോടികൾ ചെലവാക്കിപ്പണിത ഒരു ബസ് സ്റ്റാൻഡ് ഉണ്ടെങ്കിലും കാഴ്ചയിൽ അതൊരു ലോറിസ്റ്റാൻഡോ കോൺക്രീറ്റ് സ്ലാബുകൾ വാർക്കുന്ന സിമന്റ് വ്യവസായ കേന്ദ്രമോ ആണെന്ന തോന്നലാകും ആർക്കുമുണ്ടാവുക. അവിടുത്തെ കാഴ്ചകൾ അങ്ങനെയാണ്.

To advertise here,

ഒരുഭാഗത്ത് ചരക്കുലോറികളും സ്വകാര്യകോളേജുകളുടെ വാഹനങ്ങളും ടൂറിസ്റ്റ് ബസുകളുമെല്ലാം സൗകര്യപ്രദമായി നിർത്തിയിട്ടിരിക്കുമ്പോൾ, മൈതാനത്തിന്റെ പകുതിയോളം ഭാഗത്ത്‌ ഏതോ കരാറുകാർ അവരുടെ പണിസ്ഥലത്തേക്ക് ആവശ്യമായ കോൺക്രീറ്റ് സ്ലാബുകൾ ഉണങ്ങാനായി വാർത്തിട്ടിരിക്കുന്നതും കാണാം.

പോലീസും ഇതര വകുപ്പുകളും നിയമലംഘനത്തിനുംമറ്റും പിടികൂടുന്ന വാഹനങ്ങൾ സുരക്ഷിതമായി നിർത്തിയിടാനുള്ള സ്ഥലമായാണ് സ്റ്റാൻഡിപ്പോൾ പ്രധാനമായും ഉപയോഗിക്കുന്നത്. നോക്കുകുത്തിയായി മാറുകയാണ് 'സുന്ദരഗ്രാമത്തിലെ' സ്റ്റാൻഡും അതിനോടുചേർന്നുള്ള കാത്തിരിപ്പുകേന്ദ്രവും.

പട്ടണത്തിലെ പ്രധാന സ്റ്റോപ്പുകളിൽ ബസുകൾ ഏറെനേരം നിർത്തിയിടുന്നതുമൂലമുണ്ടാകുന്ന ഗതാഗത തടസ്സം ഒഴിവാക്കാനായി 2005 ജൂൺ 21-നാണ് സ്റ്റാൻഡ്

പ്രവർത്തനമാരംഭിച്ചത്. പട്ടണത്തിൽനിന്നും ഏറെമാറി വേണ്ടത്ര പോക്കുവരവ് സൗകര്യമില്ലാത്ത സ്ഥലത്ത്‌ പണിത സ്റ്റാൻഡിന് തുടക്കംമുതലേ ജനങ്ങൾക്കിടയിൽ സ്വീകാര്യത കുറവായിരുന്നു. ഗോവിന്ദാപുരം, വടക്കഞ്ചേരി റൂട്ടിലെ ബസുകൾ പോലീസ് സ്റ്റേഷന്‌ മുന്നിലൂടെ സ്റ്റാൻഡിലെത്തി തിരികെ അതേവഴിയിലൂടെ വീണ്ടും ടൗണിലെത്തുമ്പോഴേക്കും ഏറെസമയം നഷ്ടമാകുന്നെന്ന പരാതിയാണ് പ്രധാനമായും ഉയർന്നിരുന്നത്.

സ്റ്റാൻഡിലെത്തുന്ന യാത്രക്കാർക്ക് ടൗണിലേക്ക് ഏറെദൂരം നടക്കേണ്ടിവരുന്നെന്ന പരാതിയും ഉയർന്നു. ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ ഇടപെടലിനെത്തുടർന്ന് പോലീസും അധികൃതരും ഉണർന്നുപ്രവർത്തിച്ച കുറച്ചുമാസങ്ങൾമാത്രം പട്ടണത്തിലെത്തുന്ന മുഴുവൻ ബസും സ്റ്റാൻഡിൽ കയറിയിറങ്ങി. പോലീസ് നിരീക്ഷണവും നടപടികളും അയഞ്ഞതോടെ സ്ഥിതി പഴയപോലെയാവുകയും ബസുകൾ സ്റ്റാൻഡിൽ നിർത്തിയിടുന്നതിനുപകരം റോഡരികിൽ നിർത്തിയിടാനുംതുടങ്ങി. ഇതോടെ ഗതാഗതക്കുരുക്കും പതിവായി.

പട്ടണത്തിൽ തൃശ്ശൂർ റോഡിന്റെ ഒരുവശം ടാക്സികളും പാലക്കാട് റോഡിന്റെ ഒരുവശം ഓട്ടോറിക്ഷകളും സ്റ്റാൻഡായി ഉപയോഗിക്കുന്നുണ്ട്. ഇവയ്ക്കുപുറമേ ബസുകൾകൂടി ദീർഘനേരം നിർത്തിയിടുമ്പോൾ വലിയ ബുദ്ധിമുട്ടുണ്ടാകുന്നുണ്ടെന്ന് കാൽനടയാത്രക്കാർ പരാതിപ്പെടുന്നു. സമയലാഭത്തിനായി ഗോവിന്ദാപുരം- വടക്കഞ്ചേരി റൂട്ടുകളിലെ ബസുകളിൽ ഭൂരിഭാഗവും സ്റ്റാൻഡിൽക്കയറാതെയാണ് പോകുന്നത്.

പാലക്കാട് ഭാഗത്തുനിന്നും വരുന്ന ബസുകളിൽ ഭൂരിഭാഗവും സ്റ്റാൻഡിൽ ക്കയറാതെ നേരേ ടൗണിലെത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നു. ബസുകൾ കൃത്യമായി സ്റ്റാൻഡിൽ എത്തുമെന്ന്‌ ഉറപ്പില്ലാതായതോടെ യാത്രക്കാരും സ്റ്റാൻഡിൽ എത്താതായി.

സ്റ്റാൻഡിൽ യാത്രക്കാർ കുറഞ്ഞതോടെ ഇവിടുത്തെ കംഫർട്ട്‌ സ്റ്റേഷനും മാസങ്ങളായി അടഞ്ഞുകിടപ്പാണ്.

ഇതിനിടെ ഇലക്‌ട്രോണിക് സിഗ്നൽ സംവിധാനമൊന്നുമില്ലാത്ത കൊല്ലങ്കോട് കവലയിൽ എല്ലാദിവസവും പോലീസിന്റെ സേവനം ഉറപ്പുവരുത്തണമെന്ന് പൊള്ളാച്ചി-പാലക്കാട് റെയിൽ പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

വാഹനങ്ങൾ തലങ്ങുംവിലങ്ങുമെത്തുന്ന കവലയിൽ ഗതാഗതക്കുരുക്ക്‌ ഉണ്ടാകുമ്പോൾ പലപ്പോഴും അത് നിയന്ത്രിക്കാൻ ആരുമുണ്ടാകാത്ത സ്ഥിതിയാണുള്ളതെന്ന് അസോസിയേഷൻ പരാതിപ്പെട്ടു.

(തുടരും)