ചെന്നൈ : കുടുംബവേരുകൾ ചികഞ്ഞ്, പത്തൊൻപതു വർഷംമുൻപാണ് പഴയ വത്തലക്കുണ്ട് ഗ്രാമത്തിൽ നവി പിള്ളയെത്തിയത്. നൊബേൽ സമാധാന സമ്മാനത്തിന്റെ പ്രൗഢിയുമായി അവർ ഒരിക്കൽക്കൂടി വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് ബന്ധുക്കൾ.

To advertise here,

തമിഴ്‌നാട്ടിൽ ദിണ്ടിക്കൽ ജില്ലയിൽ ഓൾഡ് ബട്‌ലാഗുണ്ട് എന്നുകൂടി അറിയപ്പെടുന്ന പഴയ വത്തലക്കുണ്ടിൽനിന്ന് ദക്ഷിണാഫ്രിക്കയിലേക്കു കുടിയേറിയവരാണ് നവി പിള്ളയെന്ന നവനീതം പിള്ളയുടെ മുൻഗാമികൾ. അഴഗർസാമി നായിഡുവും ഭാര്യയും 1890-ൽ ആദ്യം ശ്രീലങ്കയിലേക്കാണു പോയത്. കുറെക്കൂടി മെച്ചപ്പെട്ട ജീവിതം തേടി അവിടെനിന്ന് ദക്ഷിണാഫ്രിക്കയിലെ ഡർബനിലേക്ക്. അഴഗർസാമി നായിഡുവിന്റെ മകൻ നരൈൻസാമി നായിഡുവിന്റെ എട്ടുമക്കളിൽ അഞ്ചാമത്തെയാളായി 1941 സെപ്റ്റംബർ 23-ന് ഡർബനിലാണ് നവനീതം പിള്ളയുടെ ജനനം.

അച്ഛന്റെ നാടുമായി വലിയ ബന്ധമൊന്നുമില്ലാതിരുന്ന നരൈൻസാമി 1970-ൽ വത്തലക്കുണ്ടിലെത്തി ബന്ധുക്കളെ കണ്ടിരുന്നു. ഇടയ്ക്കിടെ വരാമെന്നു പറഞ്ഞാണ് തിരിച്ചുപോയതെങ്കിലും അതുണ്ടായില്ല. 2006-ൽ അദ്ദേഹം മരിച്ചു. തന്റെ ചിതാഭസ്മം രാമേശ്വരത്ത് നിമജ്ജനം ചെയ്യണമെന്നായിരുന്നു നായിഡുവന്റെ അന്ത്യാഭിലാഷം. അതു നിറവേറ്റാനാണ് നവി പിള്ള തമിഴ്‌നാട്ടിലെത്തിയത്.

വർണവിവേചനത്തിനെതിരേ സന്ധിയില്ലാ സമരം നടത്തിയ നവി പിള്ള അപ്പോൾ ദക്ഷിണാഫ്രിക്കയിൽ ജഡ്ജിയായിരുന്നു. അവിടെനിന്ന് മദ്രാസ് ഹൈക്കോടതിയിലെ ജഡ്ജിമാർ വഴി അവർ മുത്തശ്ശന്റെ കുടുംബത്തിലെ പിൻമുറക്കാരുടെ പേരുവിവരങ്ങൾ സംഘടിപ്പിച്ചു. അച്ഛന്റെ ചിതാഭസ്മവുമായി 2007 ഡിസംബർ 24-ന് തമിഴ്‌നാട്ടിലെത്തി. രാമേശ്വരത്തു പോയ ശേഷമാണ് വത്തലക്കുണ്ട് സന്ദർശിച്ചത്. ഗ്രാമത്തിലെത്തി കഴിയാവുന്നത്ര ബന്ധുക്കളെ നവി പിള്ളയും സഹോദരങ്ങളും നേരിൽ കണ്ടതായി അഴഗർസാമിയുടെ സഹോദരന്റെ കൊച്ചുമകൻ മുത്തുമണി ഓർക്കുന്നു. കുടുംബദേവതയുടെ കോവിലും സന്ദർശിച്ചു.

പിന്നീട് നാട്ടിലേക്കു വന്നിട്ടില്ലെങ്കിലും കുറെക്കാലം നവി പിള്ളയുമായി കത്തിടപാടുകളുണ്ടായിരുന്നെന്ന് ബന്ധുക്കളായ എം. വെങ്കടേഷ്‌കുമാറും തിരുപ്പതിയും പറഞ്ഞു. അന്നെടുത്ത ഫോട്ടോ അവർ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. അപ്രതീക്ഷിതമായി നൊബേൽ സമ്മാനവാർത്ത വന്നപ്പോൾ ഗ്രാമം കെയ്‌ക്ക്‌ മുറിച്ചാണ്‌ ആഘോഷിച്ചത്‌. പുരസ്‌കാരം ഏറ്റുവാങ്ങിയശേഷം അവർ വീണ്ടും വരണേയെന്ന പ്രാർഥനയിലാണ് ബന്ധുക്കൾ.